മുട്ടാറില്‍ റോഡുകള്‍ വെള്ളത്തിൽ; ഗ്രാമം ഒറ്റപ്പെട്ട നിലയില്‍
1563161
Thursday, May 29, 2025 3:13 AM IST
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയും എസി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ പലസ്ഥലങ്ങളിലും മിത്രക്കരി ജീമംഗലം റോഡിലും വെള്ളം കയറിയതുമൂലവും മുട്ടാര്‍ നിവാസികള്‍ക്കു എസി റോഡില്‍ എത്താനോ, തിരുവല്ല-അമ്പലപ്പുഴ റോഡില്‍ എത്താനോ സാധിക്കാത്ത അവസ്ഥയിലാണ്. റോഡുകളില്‍ എല്ലാം വെള്ളം കയറിയതോടെ മുട്ടാര്‍ ഗ്രാമം ഒറ്റപ്പെട്ട നിലയിലായി. മുട്ടാര്‍ റോഡിലെ വെള്ളക്കെട്ട് മൂലം യാത്രക്കാര്‍ വലയുകയാണ്.
രണ്ടുദിവസം മഴ പെയ്താല്‍ പോലും റോഡ് മുട്ടോളം വെള്ളത്തില്‍ മുങ്ങും. അടിയന്തരമായി മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ വെള്ളം കയറുന്ന ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ 28 വര്‍ഷം മുന്‍പു പണിത മിത്രക്കരി ജീമംഗലം റോഡ് ഉയര്‍ത്തുന്നതിനും ജീമംഗലം കലുങ്കും അടിയന്തരമായി പണിയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മുട്ടാര്‍ സെന്‍ട്രല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് ജില്ലാ സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യു ചീരംവേലില്‍ പറഞ്ഞു.