മൂന്നു കുടുംബങ്ങൾക്കു കൈത്താങ്ങായി 25 വർഷങ്ങൾക്കു ശേഷമുള്ള ഒത്തുകൂടൽ
1563162
Thursday, May 29, 2025 3:13 AM IST
പൂച്ചാക്കൽ: പൂർവവിദ്യാർഥീ സംഗമങ്ങൾ പലപ്പോഴും നേരമ്പോക്കുകളാകുമ്പോൾ വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 2000-2002 പ്ലസ് ടു ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം മാതൃകയാകുകയാണ്. 25 വർഷങ്ങൾക്കു ശേഷം ഇവർ ഒത്തുചേർന്നപ്പോൾ നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് കരുതലിന്റെ കൈത്താങ്ങായി.
ജൂണിയറായി പഠിച്ച സന്ദീപിന്റെ കരൾ മാറ്റിവയ്ക്കൽ, ശ്രീക്കുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ, കാൻസർ രോഗിയായ സഹപാഠിയുടെ ഭാര്യയുടെ ചികിത്സ എന്നിവയ്ക്കായി 1,36,625 രൂപ സമാഹരിച്ചു നൽകി. സംഗമത്തിന്റെ ആഘോഷങ്ങൾ ചുരുക്കി അതിൽനിന്നു സമാഹരിച്ച തുകയാണ് കൈമാറിയത്.
വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമവും കുടുംബ സംഗമവും ചലച്ചിത്ര പിന്നണിഗായകൻ സഞ്ജയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി ജയകൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. എ.പി.ജെ. അബ്ദുൽകലാം അവാർഡ് ജേതാവ് സുബൈർ മാഷ് രജതജൂബിലി സന്ദേശവും സ്കൂൾ പ്രിൻസിപ്പൽ എം. ശ്രീജിത്ത് മുഖ്യപ്രഭാഷണവും നടത്തി.