ടെമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
1561253
Wednesday, May 21, 2025 5:04 AM IST
എടത്വ: മീന്‍ കയറ്റിവന്ന മിനി ടെമ്പോ ഇടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. എടത്വ ചങ്ങങ്കരി തുണ്ടിയില്‍ സജീവന്റെ മകന് രോഹിത് സജീവാണ് (19) മരിച്ചത്. ഇന്നലെ രാവിലെ 8.30ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ വെട്ടുതോട് എസ്എന്‍ഡിപി കുട്ടനാട് സൗത്ത് യൂണിയന് ഓഫീസിനു സമീപത്താണ് അപകടം.
അമ്പലപ്പുഴയില്നിന്നുവന്ന ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ തലയോട്ടി തകര്‍ന്ന് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രയിനിംഗിന് വിദ്യാര്‍ഥിയായ രോഹിത് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ടെമ്പോ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടര്‍ യാത്രക്കാരന് കുന്നുമ്മ സ്വദേശി സിജിക്ക് കൈക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. എടത്വ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം നാളെ 12.30ന്. അമ്മ: പ്രീത. ഏകസഹോദരന്: കാര്‍ത്തിക്.