ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണം ഡിസംബറിൽ
1561455
Wednesday, May 21, 2025 11:48 PM IST
ചെങ്ങന്നൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടത്തില്‍ 98.46 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ടെന്‍ഡര്‍ ജൂണ്‍ മാസത്തില്‍ വിളിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചത്. യോഗത്തില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ പ്രവീണ്‍ കുമാർ, ഷെബിന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.