വീട്ടമ്മ കുത്തേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
1561706
Thursday, May 22, 2025 11:33 PM IST
മങ്കൊമ്പ്: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. രാമങ്കരി പഞ്ചായത്ത് വേഴപ്ര ചിറയിൽ അകത്തേപ്പറമ്പിൽ മിതിമോളാ(വിദ്യ-42)ണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ വീടിനു സമീപത്താണ് സംഭവം. കേസിൽ ഭർത്താവ് വിനോദിനെ (50) പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന. സംഭവത്തെപ്പറ്റി പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ. രാമങ്കരി ജംഗ്ഷനിൽ ഇരുവരും ചേർന്ന് ചായക്കട വാടകയ്ക്കെടുത്തു നടത്തുകയാണ്. ബുധനാഴ്ചയും പതിവുപോലെ കടതുറന്നു പ്രവർത്തിച്ചിരുന്നു.
ഉച്ചയോടെ കടയടച്ച് ഇരുവരും സമീപത്തെ ക്ഷേത്രച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. വൈകുന്നേരം 5.45ന് മൂത്ത സഹോദരിക്കും സഹോദരി പുത്രനുമൊപ്പം വിദ്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പോയി. മടങ്ങിയെത്താൻ വൈകിയതോടെ വിനോദ് വിദ്യയെ ഫോണിൽ ബന്ധപ്പെടുകയും ഇരുവരും തമ്മിൽ സംസാരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രാത്രി 10.30ഓടെ ഓട്ടോറിക്ഷയിൽ വീടിനു സമീപത്തു വന്നിറങ്ങിയ വിദ്യയുമായി വൈകിയെത്തിയതു സംബന്ധിച്ചു തർക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ചു വിനോദ് ഭാര്യയെ കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിലും തലയ്ക്കും മുതുകിലുമെല്ലാം കുത്തേറ്റ വിദ്യ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയ വിനോദ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചു. മക്കൾ : ഭഗവത്, വൈഗ.