മര്‍ദനവും അപകീര്‍ത്തിപ്പെടുത്തലും: യൂട്യൂബ് വ്ലോഗര്‍ക്കെതിരേ കേസ്
1561707
Thursday, May 22, 2025 11:33 PM IST
ആലപ്പുഴ: സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗര്‍ക്കെതിരേ ആലപ്പുഴ വനിത പോലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിച്ചുവരുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി.
സഹോദരിയായ റോഷ്നിക്ക് അച്ഛന് നല്കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്ക്കാന് ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആഭരണം വില്‍ക്കുന്നതിനെപ്പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇതിനുശേഷം അമ്മയെയും സഹോദരിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീന്‍ ഹൗസ് ക്ലീനിംഗ് സര്‍വീസ് എന്ന യുട്യൂബ് ചാനല്‍ വഴിയും മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.