മാര്‍ മാത്യു മാക്കീലിന്റെ ധന്യപദവി ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യനിമിഷം: മാര്‍ തോമസ് തറയില്‍
1561930
Friday, May 23, 2025 11:32 PM IST
ചങ്ങനാശേരി: ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി 1896 മുതല്‍ 1911 വരെ അജപാലന ശുശ്രൂഷ നിര്‍വഹിച്ച മാര്‍ മാത്യു മാക്കീലിനെ ധന്യപദവിയിലേക്കുയര്ത്തുന്നത് വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചതെന്നും ഇതു ചങ്ങനാശേരി അതിരൂപതയ്ക്കു ധന്യ നിമിഷമാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
പുണ്യചരിതരായ പിതാക്കന്മാരാല് നയിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ മുന്‍ അധ്യക്ഷന്മാരായ മാര്‍ തോമസ് കുര്യാളശേരി ധന്യപദവിയിലേക്കും മാര്‍ മാത്യു കാവുകാട്ട് ദൈവദാസപദവിയിലേക്കും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. മൂവരും വിശുദ്ധപദവിയിലേക്ക് ഉടന്‍ എത്തിച്ചേരട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
ആരാധനാ സന്യാസിനീ സമൂഹം, തിരുഹൃദയ സന്യാസിനീ സമൂഹം എന്നിവ രൂപമെടുത്തതും മാര്‍ മാക്കീല്‍ പിതാവിന്റെ കാലത്തായിരുന്നു. വികാരിയാത്തിനു കൃത്യമായ നിയമാവലിയായ ദെക്രേത്തു പുസ്തകത്തിന്റെ രൂപീകരണം മാര്‍ മാക്കീലിന്റെ വലിയൊരു സംഭാവനയാണ്. ബാലാരിഷ്ടതകളുള്ള രണ്ടു വികാരിയാത്തുകളെ നയിക്കുകയെന്ന വളരെ ക്ലേശകരമായ ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചതെന്നും ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.