ഹൈദരാബാദ്-കൊല്ലം സ്പെഷൽ ട്രെയിൻ അനുവദിച്ചു
1561932
Friday, May 23, 2025 11:32 PM IST
മാവേലിക്കര: അവധിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദിൽനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ശനിയാഴ്ചകളിൽ ഹൈദരാബാദിൽനിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച രാവിലെ 10.45ന് കൊല്ലത്തുനിന്നു ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ എത്തും. ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകളായിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്.
മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് എംപി പറഞ്ഞു.
ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാലും ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യമുള്ളതിനാലും ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് എംപി കത്ത് നൽകിയിരുന്നു. കൂടാതെ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു നടന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായുള്ള യോഗത്തിൽ ഈ വിഷയത്തിൽ അടിയന്തര തീരുമാനം വേണമെന്ന് എംപി നേരിട്ട് ആവശ്യപ്പെട്ടിരുന്നു.