ഡോ. എം.എസ്. സുനിലിന്റെ 271-ാം സ്നേഹഭവനം കൈമാറി
1262456
Friday, January 27, 2023 10:23 PM IST
ചെറുതോണി: സാമൂഹിക പ്രവർത്തകയായ ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്കു നിർമിച്ചുനൽകുന്ന 271-ാം സ്നേഹഭവനം വിധവയായ കാമാക്ഷി കുഴിപ്പറമ്പിൽ പ്രീത സുരേഷിനും രണ്ടു കുട്ടികൾക്കും. വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ സഹായത്തോടെയാണു വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
രണ്ടു വർഷം മുമ്പാണു പ്രീതയുടെ ഭർത്താവ് സുരേഷ് മരണപ്പെട്ടത്. സ്വന്തമായി ഭവനം പണിയാനാകാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു പ്രീതയും കുട്ടികളും താമസിച്ചിരുന്നത്. ഇവരുടെ അവസ്ഥ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നേരിൽകണ്ടു മനസിലാക്കുകയും തുടർന്ന് ഇവർക്കു ഭവനം നിർമിച്ചു നൽകുന്നതിനായി ഡോ. എം.എസ്. സുനിലിനെ സമീപിക്കുകയുമായിരുന്നു.
ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ബാത്റൂമും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീടാണു നിർമിച്ചുനൽകിയത്.
ചടങ്ങിൽ സി.വി. വർഗീസ്, കാമാഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസഫ്, പഞ്ചായത്തംഗം ചിഞ്ചു ബിനോയ്, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഡോൺ തോമസ്, ജോസഫ് തോമസ്, ഷാജി അഗസ്റ്റിൻ, പ്രഫ. പി.എസ്. സുബിൻ, നജ്മ ബോബൻ എന്നിവർ പങ്കെടുത്തു.