വിലയുമില്ല, നഷ്ടപരിഹാരവുമില്ല നെൽകൃഷി ഉപേക്ഷിച്ച് കർഷകർ
1574945
Saturday, July 12, 2025 12:10 AM IST
തൊടുപുഴ: താലൂക്കിലെ പ്രധാന നെല്ലറയായ അഞ്ചിരി പാടശേഖരത്തിലെ കർഷകർ നെല്ലിന്റെ വിലയും കൃഷി നശിച്ചതുമൂലമുള്ള നഷ്ടപരിഹാരവും ലഭിക്കാതായതോടെ കൃഷി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ. സപ്ലൈക്കോക്കു നൽകിയ നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ തുടർകൃഷിക്ക് നിവൃത്തിയില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം ആലക്കോട് പഞ്ചായത്ത് പരിധിയിൽ വരുന്ന അഞ്ചിരി, കുറിച്ചി പാടശേഖരങ്ങളിലെ 150 കർഷകരാണ് ഇത്തവണ കൃഷിയിറക്കാനാകാതെ ദുരിതക്കയത്തിലായത്.
60 ഏക്കറോളം വിസ്തൃതിയുള്ളതാണ് അഞ്ചിരി പാടശേഖരം. ഇവിടെ 75-ഓളം കർഷകരുണ്ട്. 40 ഏക്കറോളം വിസ്തൃതിയുള്ള കുറിച്ചി പാടശേഖരത്തിൽ 60-ഓളം കർഷകരുമുണ്ട്. വെള്ളം സുലഭമായി ലഭിച്ചിരുന്നതിനാൽ പതിറ്റാണ്ടുകളായി ഇരിപ്പൂകൃഷിയാണ് ഇവിടെ നടത്തിവന്നിരുന്നത്.
കഴിഞ്ഞ സീസണിൽ രണ്ടു തവണയായി വിളവെടുത്ത 80 ടൺ നെല്ലാണ് സപ്ലൈക്കോയ്ക്ക് നൽകിയത്. ഇതിന്റെ വിലയായി നയാപൈസപോലും ഇതുവരെ ലഭിച്ചിട്ടില്ല. കൃഷി ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ കൃഷിനാശം സംഭവിച്ച കർഷകർക്കു ലഭിക്കേണ്ട നഷ്ടപരിഹാരവും ലഭിക്കാത്ത സാഹചര്യമാണ്. സാധാരണ ആദ്യകൃഷി വിളവെടുപ്പ് പൂർത്തിയാക്കി രണ്ടാം കൃഷി ഇറക്കേണ്ടത് ഓഗസ്റ്റിലാണ്. ഇതിനായി നിലം ഒരുക്കേണ്ട സമയമാണിത്.
എന്നാൽ കർഷകർ ഇതുവരെ കൃഷിക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ രണ്ടാംകൃഷിയും ഇത്തവണ നടക്കാൻ സാധ്യത കുറവാണ്. സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് കർഷകർക്കു പണം ലഭിക്കാത്തതിനു പിന്നിലെന്നും കർഷകദ്രോഹ നടപടി അവസാനിപ്പിച്ച് അടിയന്തരമായി നെല്ലിന്റെ വില അനുവദിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.