അധികൃതർ കാണണം: പ്ലാസ്റ്റിക് ഷെഡിൽ ഭീതിയോടെ ഒരു കുടുംബം
1574952
Saturday, July 12, 2025 12:11 AM IST
ചെറുതോണി: പ്ലാസ്റ്റിക് പടുതയ്ക്ക് മറച്ച ഷെഡിൽ ഭീതിയോടെ ഉറക്കമിളച്ച് കഴിഞ്ഞുകൂടുകയാണ് ഒരു കുടുംബം. കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മൈലപ്പുഴയിൽ തറപ്പേൽ ബ്രിജീത്ത എന്ന 87 വയസുകാരിയും ഹൃദ്രോഗിയായ മകനും ഭാര്യയും ഉൾപ്പെടുന്ന കുടുംബമാണ് അന്തിയുറങ്ങാൻ വീടില്ലാതെ ദുരിതത്തിൽ കഴിയുന്നത്. സുരക്ഷിതമായ വീടിനായി ഇവർ കയറിയിറങ്ങാത്ത ഓഫീസുകളില്ല.
ജില്ലാ കളക്ടറും വില്ലേജും പഞ്ചായത്തുമെല്ലാം ഈ നിർധനകുടുംബത്തെ കൈവിട്ടിരിക്കുകയാണ്. രോഗിയായ മകന് ജോലിക്കുപോകാൻ കഴിയാത്തതിനാൽ ഭാര്യ തൊഴിലുറപ്പ് ജോലിക്കു പോകുന്നതാണ് ഇവരുടെ ഏക വരുമാനമാർഗം.
കാറ്റും മഴയും ശക്തമാകുന്നതോടെ കടുത്ത ആശങ്കയോടെയാണ് ഈ കുടുംബം പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്നത്.
ജനപ്രതിനിധികൾ ഇടപെട്ട് നരകയാതന അനുഭവിക്കുന്ന ഈ കുടുംബത്തിന് സുരക്ഷിതമായ വീട് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.