ദേശീയപാതാ നിർമാണം തടഞ്ഞു ; ജില്ലയിൽ പ്രതിഷേധം കനക്കുന്നു; മൂന്നു പഞ്ചായത്തുകളിൽ ഹർത്താൽ
1574946
Saturday, July 12, 2025 12:11 AM IST
തൊടുപുഴ: ദേശീയപാത 85-ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ ഇന്നു ഹർത്താൽ നടത്തും. അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ പഞ്ചായത്തുകളിൽ യുഡിഎഫും അടിമാലി പഞ്ചായത്തിൽ എൽഡിഎഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്നാണ് ചീഫ് ജസ്റ്റീസ് ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവു പുറപ്പെടുവിച്ചത്.
മലയാറ്റൂർ റിസർവ് വനത്തിന്റെ ഭാഗമാണ് ഇവിടമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതു സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നൽകിയ സത്യവാങ്മൂലത്തിൽ വനംവകുപ്പിന്റെ വാദങ്ങൾ ഖണ്ഡിക്കാതിരുന്നതും ദേശീയപാത നിർമാണം നിർത്തിവയ്ക്കാനുള്ള ഉത്തരവിനു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയുടെ ടൂറിസം, ഗതാഗതവികസനം സ്തംഭിപ്പിക്കുന്നതിന് ഉത്തരവു കാരണമാകുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സാമൂഹിക, സാംസ്കാരിക, വ്യാപാരി സംഘടനകളും. ഉത്തരവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധമാണ് ജില്ലയിൽ അലയടിക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കിയിലെ ഗതാഗതം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ളതും ഗൗരവതരവുമായ വിഷയം എന്ന നിലയിൽ ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം - വാളറ റോഡ് വികസനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെതിരേ മുഖ്യമന്ത്രിയുമായി ആലോചിച്ച് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് വനം മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ഫോണിൽ സംസാരിച്ചു. സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിച്ച് പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കും.
കെ. സലിംകുമാർ
(സിപിഐ ജില്ലാ സെക്രട്ടറി)
ഹൈവേ നിർമാണം തടഞ്ഞ നടപടി ദൗർഭാഗ്യകരമാണ്. ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ അപ്പീൽ നൽകുന്നതടക്കമുള്ള അടിയന്തര നടപടി സ്വീകരിക്കണം. നാടിന്റെ വികസനം തടയുന്ന ഒരുനടപടിയും അംഗീകരിക്കാനാവില്ല. പാതയുടെ നിർമാണം മുന്നോട്ടു കൊണ്ടുപോകണം.
ജോസ് പാലത്തിനാൽ
(കേരള കോണ്ഗ്രസ് -എം ജില്ലാ പ്രസിഡന്റ്)
സർക്കാർ നിലപാടിനു വിരുദ്ധമായ സമീപനമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ജില്ലയുടെ വികസനം തടസപ്പെടുത്തുന്ന പ്രശ്നത്തിൽ സർക്കാർ ഹൈക്കോടതിയിൽ എത്രയും വേഗം അപ്പീൽ നൽകി പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നാണ് കേരള കോണ്ഗ്രസ് എമ്മിന്റെ നിലപാട്.
സർക്കാർ ഒളിച്ചുകളി നടത്തുന്നു: എംപി
ദേശീയപാത നിർമാണത്തിൽ ഹൈക്കോടതിവിധി സർക്കാരിന്റെ ഒളിച്ചുകളിയുടെ ഭാഗമായി ഉണ്ടായതാണെന്ന് ഡീൻ കുര്യാക്കോസ് എംപി പത്രസമ്മേളനത്തിൽ ആരോപിച്ചു. ദേശീയപാതയിൽ 10 മീറ്റർ വീതിയിലാണ് നിർമാണം നടത്തിവന്നിരുന്നത്. ഇതിനെതിരേ വനംവകുപ്പ് തർക്കവുമായെത്തിയിരുന്നു. എന്നാൽ 2024 മേയ് 28-ന് കിരണ് സിജു എന്ന വിദ്യാർഥി സമർപ്പിച്ച ഹർജിയിൽ നിർമാണം തുടരാൻ വിധി പുറപ്പെടുവിച്ചിരുന്നു . ഇതനുസരിച്ച് 1996-ലെ പൊതുമരാമത്ത് ഉത്തരവ് പ്രകാരം 30 മീറ്റർ വീതി യാഥാർഥ്യമാക്കണമെന്നും വനംവകുപ്പിന് യാതൊരു അവകാശവുമില്ലെന്നുമായിരുന്നു വിധിയിൽ വ്യക്തമാക്കിയിരുന്നത്.
2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ 10 മീറ്റർ വീതിയിൽ വികസനപ്രവർത്തനം നടത്താമെന്നും ഇതിനു വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനിച്ചിരുന്നു.
ഇതിനെതിരേ പരിസ്ഥിതി പ്രവർത്തകനായ എം.എൻ. ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ റിവ്യൂ പെറ്റീഷൻ തള്ളിയിരിയുന്നു. ഇതേത്തുടർന്നാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിൽ ഇദ്ദേഹം റിട്ട് ഫയൽ ചെയ്തത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ഏഴിന് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം ഹർജിക്കാരന് അനുകൂലമായിരുന്നു. ഇതിനെതിരേ എംപി എന്ന നിലയിൽ താനും സിജുമോൻ ഫ്രാൻസിസും കക്ഷിചേരാൻ അപേക്ഷ നൽകിയെങ്കിലും കോടതി തങ്ങളുടെ ഭാഗം കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് ഹൈക്കോടതി ദേശീയ നിർമാണം നിർത്തി വയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്ത് നടത്തിയ ഗോത്രഭേരി പരിപാടിയിൽ മുഖ്യാതിഥിയായി എം.എൻ. ജയചന്ദ്രൻ പങ്കെടുത്തതായും എംപി പറഞ്ഞു. നിർമാണം നിർത്തിവയ്ക്കുന്നതിന് ഇടയാക്കിയതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അക്കാര്യം പുറത്തു കൊണ്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഫാർമേർസ് അവയർനസ് ആൻഡ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസും പങ്കെടുത്തു.