കോയന്പത്തൂരിൽ പിഎഫ്ഐ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്
1223840
Friday, September 23, 2022 12:32 AM IST
കോയന്പത്തൂർ : രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടന ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ഇന്നു രാവിലെ മുതൽ പരിശോധന നടത്തി.
ഇതിന്റെ ഭാഗമായി കോയന്പത്തൂരിലെ കറന്പുക്കടൈ പിഎഫ്ഐ ദേശീയ നിർവാഹക സമിതി അംഗം ഇസ്മയിലിന്റെ വീട്ടിലും പരിശോധന നടത്തി. ഇസ്മായിലിനെ പിന്നീട് എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.
അതുപോലെ കർണാടക സ്റ്റേറ്റ് പിഎഫ്ഐ സെക്രട്ടറി സാദിഖ് മുഹമ്മദും സഹായിയുമായി ഇന്നലെ രാവിലെ കോയന്പത്തൂരിലെത്തി.
കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് സാദിഖ് മുഹമ്മദിനെയും സഹായിയെയും എൻഐഎ ഉദ്യോഗസ്ഥർ പിടികൂടി റെയിൽവേ സ്റ്റേഷനു മുന്നിലുള്ള പോലീസ് മ്യൂസിയത്തിൽ ചോദ്യം ചെയ്തു.
പിന്നീട് നാല് എൻഐഎ ഉദ്യോഗസ്ഥർ ഇസ്മയിലിനെയും സാദിഖ് മുഹമ്മദിനെയും കൂട്ടി ഡൽഹിയിലേക്കു പറന്നു. സാദിഖ് മുഹമ്മദിനെ അനുഗമിച്ച സഹായിയെ കോയന്പത്തൂർ വിമാനത്താവളത്തിൽ വിട്ടയച്ചു. ഡൽഹിയിലെ ചോദ്യം ചെയ്യലിനു ശേഷം ഇരുവരേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് വീടാക്രമിച്ചതിൽ പരിശോധന നടത്തിയതിനെ പ്രതിഷേധിച്ച് ഒപ്പനക്കര റോഡ്, ആത്തുപാലം, സായിബാബ കോളനി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പിഎഫ്ഐ, എസ്ഡിപിഐ എന്നിവയുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു. ഈ സമരത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്ത്.