വൈദ്യുതി കുരുക്കുപയോഗിച്ച് മാനിനെ പിടികൂടിയ രണ്ടുപേർ അറസ്റ്റിൽ
1592792
Friday, September 19, 2025 1:31 AM IST
നെന്മാറ: മാനിനെ വൈദ്യുത കുരുക്കിൽപെടുത്തി വേട്ടയാടി മാംസമെടുത്ത രണ്ടുപേർ പിടിയിൽ.
അയിലൂർ കയറാടി കൈതച്ചിറയിൽ രമേഷ് ബാബു എന്ന മൊട്ട ബാബു (47), കയറാടി സുനീഷ് (36) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അയിലമുടി വനമേഖലയോടുചേർന്ന് ആൾതാമസമില്ലാത്ത കൈതച്ചിറയിലെ തോട്ടത്തിലെ വൈദ്യുതലൈനിൽനിന്നും അനധികൃതമായി വൈദ്യുതിയെടുത്ത് കുരുക്കുണ്ടാക്കിയാണ് മാനിനെ കെണിയിൽപെടുത്തിയത്.
മാനിന്റെ ഇറച്ചി വാങ്ങാൻ എത്തിയ ആളാണ് കയറാടി സ്വദേശി സുനീഷ്. കെണിയിൽപ്പെട്ടുചത്ത മാനിന്റെ മാംസം പാചകം ചെയ്യുകയും ശേഷിച്ച മാംസം സൂക്ഷിക്കുകയും ചെയ്തത് പോലീസ്, വനം വകുപ്പ് എന്നിവർ കണ്ടെടുത്തു.
രാത്രി അനധികൃതമായി വൈദ്യുതി മോഷ്ടിച്ച കുരുക്കുണ്ടാക്കിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പോലീസിനും വനം വകുപ്പിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെ നെന്മാറ പോലീസ് പിടികൂടിയത്. പോലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കും. വൈദ്യുത ബോർഡ് വിജിലൻസ് സംഘവും സ്ഥലം സന്ദർശിച്ചു.