കിഴക്കഞ്ചേരിയുടെ മലയോരങ്ങളിൽ കുരങ്ങ്, പന്നിശല്യം അതിരൂക്ഷം
1592788
Friday, September 19, 2025 1:31 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ ആരോഗ്യപുരം, കൊന്നക്കൽ കടവ്, കോട്ടെകുളം, ഒടുകിൻചുവട്, നീതിപുരം തുടങ്ങിയ പ്രദേശങ്ങളിൽ കുരങ്ങ്, പന്നി, മലയണ്ണാൻ ശല്യം അതിരൂക്ഷമായി.
എഴുപതും നൂറും തെങ്ങുകളുള്ള കർഷകർക്ക് വീട്ടാവശ്യത്തിനുള്ള നാളികേരംപോലും ലഭിക്കുന്നില്ലെന്നാണ് പരാതി. നാളികേരത്തിന് ഉയർന്ന വിലയുണ്ടെങ്കിലും അതിന്റെ പ്രയോജനവും കർഷകർക്കില്ല. നാളികേരം കരിക്ക് പ്രായമാകുംമുമ്പേ കുരങ്ങുകൾ എല്ലാം തിന്നുനശിപ്പിക്കും. നൂറിലധികംവരുന്ന വലിയ കൂട്ടങ്ങളാണ് കൃഷിയിടങ്ങളിലെത്തുന്നത്.
ഒന്നിച്ചെത്തി ഒന്നും ബാക്കിവയ്ക്കാതെ കൃഷിയിടങ്ങൾ വെളുപ്പിക്കും. ഇത്രയും വലിയ കുരങ്ങു കൂട്ടങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നു ഏഴുപതിറ്റാണ്ടായി കൃഷിരംഗത്തുള്ള കൊന്നക്കൽ കടവ് പതിനാലാം ബ്ലോക്കിലെ തൊണ്ണുറുകാരനായ പാറക്കൽ കുര്യാക്കോസ് പറയുന്നു.
ഈ പ്രായത്തിലും കുര്യാക്കോസ് ചേട്ടൻ കൃഷിപ്പണികളിലുണ്ട്. മൂപ്പെത്താത്ത വാഴയ്ക്ക വരെ കുരങ്ങുകൾ തിന്നുതീർക്കുകയാണ്. പാലക്കുഴി മല വഴി പീച്ചി കാട്ടിൽനിന്നാണ് വാനരപ്പടയെത്തുന്നത്.
ചക്ക, മാങ്ങ സീസൺ കഴിഞ്ഞതിനാൽ കണ്ണിൽകണ്ടതെല്ലാം തിന്ന് പരക്കംപായുകയാണ് കുരങ്ങുകൾ.
കുരങ്ങുകളുടെ കണ്ണിൽപ്പെടാതെ ഏതെങ്കിലും തെങ്ങിൽ നാളികേരം മൂപ്പെത്തിയാൽ അത് തിന്നുനശിപ്പിക്കാൻ മലയണ്ണാൻ പടയുണ്ട്. താഴെ പന്നിക്കൂട്ടങ്ങളും മയിൽ, മുള്ളൻ പന്നി, മാനുകൾ തുടങ്ങിയവയും കർഷകരെ ബുദ്ധിമുട്ടിക്കാനുണ്ട്.
ഇതിനാൽ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പും കർഷകനില്ല. എല്ലാം കുത്തിമറിച്ച് തിന്നും. പടക്കം പൊട്ടിച്ചാൽ കർഷകരെ ആക്രമിക്കാൻ കുരങ്ങുകൂട്ടങ്ങൾ പാഞ്ഞെത്തുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ മാറിയിട്ടുണ്ട്.
മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനെന്നു പറഞ്ഞ് മലയോര പഞ്ചായത്തുകളിൽ വന്യമൃഗശല്യം തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള തീവ്രജ്ഞ പരിപാടികൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ലക്ഷ്യമിട്ടാകാതെ ആത്മാർഥമായ ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.