പരിഹാരം കാണേണ്ട പൊതുമരാമത്ത് സുഖനിദ്രയിലെന്ന് നാട്ടുകാർ
1225093
Tuesday, September 27, 2022 12:10 AM IST
ചിറ്റൂർ : മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം പാട്ടികുളം വളവുറോഡിൽ വീണ്ടും അപകട മരണത്തിനു തുടക്കമിട്ടു.
രണ്ടുദിവസം മുൻപ് കാട്ടുപാടം ശിവദാസിന്റെ മകൻ സോണിയാണ് വാഹന അപകടത്തിൽ മരണപ്പെട്ടത്. സോണി സഞ്ചരിച്ച ഇരുചക്രവാഹനം പാൽകടത്തു ലോറിയുമായി കുട്ടിയിടിച്ച് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.
മുന്നുവർഷത്തിനു മുൻപ് വരെ ഇവിടെ നടന്ന വ്യത്യസ്ഥ വാഹന അപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 25ൽ കൂടുതലാണ്. ഓണനാളിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലാച്ചിമട സ്വദേശികളായ മൂന്നു യുവാക്കളും തൽക്ഷണം മരണപ്പെട്ടിരുന്നു.
പാട്ടികുളം പാലത്തിനു സമീപമുള്ള എസ് ആകൃതിയിലുള്ള വളവു പാതയും കുത്തനെയുള്ള ഇറക്കവുമാണ് പ്രദേശത്തെ വാഹനാപകടങ്ങൾ തുടരാൻ കാരണം. പ്രദേശത്തെ റോഡിനോട് ചേർന്ന വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ച് വളവു നിവർത്തിയാൽ വാഹന അപകടങ്ങൾക്ക് പരിഹാരമാവുമെന്നതാണ് യാത്രക്കാരുടേയും സമീപവാസികളുടെയും ആവശ്യമായിരിക്കുന്നത്. ഒപ്പം കാഴ്ച മറവാകുന്ന പാഴ്ചെടികളും വൃക്ഷ ശിഖരങ്ങളും മുറിച്ചുനിക്കേണ്ടതായിട്ടുമുണ്ട്. തുടർ വാഹന അപകടങ്ങളും മരണങ്ങളും കണ്ടു ഭയന്ന സമീപവാസികൾ ലക്ഷങ്ങൾ ചിലവഴിച്ച് ഹോമകർമ്മം നടത്തുകയും ചെയ്തിരുന്നു.
ഇതിനു ശേഷവും അപകടങ്ങൾ നടന്നിട്ടുണ്ട്. ഇരുപതു വർഷം മുൻപ് വണ്ടിത്താവളം തങ്കം തിയേറ്ററിൽ താമസക്കാരനായ പത്രവിതരണ ഏജന്റ് കമറുദീനാണ് വാഹന അപകടങ്ങളിലെ ആദ്യ രക്തസാക്ഷി.
താലൂക്കിന്റെ കിഴക്കൻ പ്രദേശത്തെ സ്ഥിരം വാഹന അപകടങ്ങളും മരണങ്ങളും ഉണ്ടാവുന്നതു തടയാൻ ഫലപ്രഥമായ നടപടികൾ സ്വീകരിക്കുന്നതിൽ പൊതുമരാമത്തിന്റെ അവഗണനയാണ് പാട്ടികുളത്തെ അപകട വളവിൽ പൊതുജന ജീവൻ പൊലിയുന്നതിനു കാരണമാവുന്നത്. സ്ഥലത്തെ അപകടാവസ്ഥക്ക് പരിഹാരം കാണാൻ ഇനിയുമെത്ര ജീവൻ നഷ്പ്പെടേണ്ടതായി വരുമെന്നതാണ് യാത്രക്കാരുടെ ആശങ്ക.