ധോണിയിൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
1227393
Tuesday, October 4, 2022 12:21 AM IST
പാലക്കാട് : ധോണിയിൽ കാട്ടാനയിങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ തന്പടിച്ചിരിക്കുന്ന ആനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിയത്. നെല്ലും തെങ്ങും വാഴയും ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. മായാപുരം ഭാഗത്ത് കുലച്ചു നിൽക്കുന്ന ഒരു വാഴത്തോട്ടം മുഴുവനും ഇവരുടെ ആക്രമണത്തിന് ഇരയായി. തൊട്ടടുത്ത് തന്നെയുള്ള കൊയ്യാറായ പാടത്തും നടീൽ കഴിഞ്ഞ വയലിലും ആനക്കൂട്ടത്തിന്റെ പരാക്രമം ഉണ്ടായി.
രണ്ട് കൊന്പനും ഒരു കുട്ടിയാനയും അടങ്ങിയ സംഘമാണ് ധോണിയിലെ ജനങ്ങളുടെ ജീവനു ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ എട്ടിന് പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ശിവരാമൻ എന്നയാളെ കാട്ടാന കുത്തി കൊന്നിരുന്നു. അതിനുശേഷം വനംവകുപ്പ് നടപടിയെടുത്തതോടെ ആനകൾ കാടിറങ്ങുന്നതു കുറഞ്ഞതായിരുന്നു.
എന്നാൽ അതിനുശേഷവും ആനശല്യം പരിഹരിക്കുന്നതിന് യാതൊരു നടപടിയും ആയിട്ടില്ല. ഏകദേശം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനകൾ വീണ്ടും ഈ പ്രദേശത്ത് എത്തിയിരിക്കുന്നത്.