അധിക ബിൽ ലഭിച്ച നിർധന കുടുംബത്തിന് ആശ്വാസം; ഇനി വൈദ്യുതി സൗജന്യം
1243340
Saturday, November 26, 2022 12:27 AM IST
മുതലമട: ചമ്മണാംപതി പന്തപ്പാറയിൽ നിർധന കുടുംബത്തിന് അധിക ബിൽ വന്ന സംഭവത്തിൽ വൈദ്യുതി വകുപ്പ് ആശ്വാസനടപടിയുമായി രംഗത്ത്. മത്തായി- രുഗ്മിണി ദന്പതിമാരുടെ ദുരിതകഥ കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഇരുവരും ദൈനംദിന ചിലവുകൾക്കു പോലും മാർഗമില്ലാതെ വിഷമത്തിലായിരുന്നു. മത്തായി കിടപ്പിലായി വരുമാനമില്ലാതായതോടെ വാർഡ് കൗണ്‍സിലർ കല്പനാദേവിയാണ് ബിൽ അടച്ചു വന്നത്.
ഈ സമയത്താണ് വൈദ്യുതി വകുപ്പ് 2215 രൂപ ഒരാഴ്ചയ്ക്കകം ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്നു മുന്നറിപ്പു നൽകിയിരുന്നു. മാനസിക രോഗത്തിനു സ്ഥിരമായി മരുന്ന് കഴിച്ചു വന്ന മത്തായി പ്രായാധിക്യം മൂലം മാസങ്ങളായി കിടപ്പിലാണ്. ദീപിക വാർത്തയിലൂടെ വിവരങ്ങളറിഞ്ഞ വൈദ്യുതി വകുപ്പു ജീവനക്കാർ പന്തപ്പാറയിലുള്ള മത്തായിയുടെ വീട്ടിലെത്തി ഇനിമുതൽ വൈദ്യുതി നിരക്ക് അടക്കേണ്ടതില്ലെന്ന് രുഗ്മിണിയെ അറിയിച്ചു. കുടിശിക പഞ്ചായത്തംഗവും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്ന് അടച്ചതായും അസിസ്റ്റൻഡ് എൻജിനീയർ കെ. ബാബു അറിയിച്ചു. മുൻകാല ഉപയോഗം കണക്കിലെടുത്ത് നോണ്‍ പേയ്മെന്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന്റെ സാക്ഷ്യപത്രവും രുഗ്മിണിക്കു നൽകി. രുഗ്മിണിയുടെ ദുരിതം മനസിലാക്കിയ ജീവനക്കാർ ഒരു മാസത്തെ ഉപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കളും വീട്ടിലെത്തിച്ചു.