മണ്ണാർക്കാട് മേഖലയില്‍ റബർകൃഷി ഏരിയാ സെൻസസ് ഉടൻ
1244693
Thursday, December 1, 2022 12:43 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ പരിധിയിലുള്ള എല്ലാ റബർകൃഷി മേഖലകളിലും ഡിസംബർ ആദ്യവാരം മുതൽ റബർ ഏരിയാ സെൻസസ് ആരംഭിക്കും.
റബർ കൃഷി ചെയ്തിട്ടുള്ള മുഴുവൻ സ്ഥലത്തിന്റെയും കൃത്യമായ വിവരശേഖരണത്തിലൂടെ ലഭിക്കുന്ന റബർ കൃഷി സംബന്ധമായ സ്ഥിതിവിവരക്കണക്കുകൾ പ്രകൃതിദത്ത റബർ ഉത്പാദനം, ഉപഭോഗം, ഇറക്കുമതി, കയറ്റുമതി, റബർ കൃഷി വികസനം, ഉത്പാദനക്ഷമത വർദ്ധനവ് തുടങ്ങിയ ഘടകങ്ങളുടെ നയരൂപീകരണത്തിനും വികസന പദ്ധതികൾ തയാറാക്കുന്നതിനും അത്യന്താപേക്ഷിതമാണ് സ്ഥിതി വിവരകണക്കിന്റെ ശേഖരണം.
റബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ അതാത് പ്രദേശത്തുള്ള റബർ ഉത്പാദക സംഘങ്ങൾ തെരഞ്ഞെടുത്ത എന്യൂമറേറ്റമാർ വാർഡ് അടിസ്ഥാനത്തിൽ എല്ലാ വീടുകളിലും കയറിയിറങ്ങി കൃഷിക്കാരുടെ റബർ കൃഷി സംബന്ധമായ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഭാവിയിൽ റബർ ബോർഡ് മുഖേന വരുന്ന വിവിധ വികസന പദ്ധതികളുടെ പ്രയോജനം പരമാവധി എല്ലാ കർഷകർക്കും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടിയാണിത്.
കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും റബർ കൃഷി സംബന്ധമായ വിവരങ്ങൾ പ്രത്യേകം ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ ശേഖരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
സെൻസസുമായി ബന്ധപ്പെട്ടു സംശയ നിവാരണത്തിന് അതതു പ്രദേശത്തെ റബർ ഉത്പാദക സംഘം പ്രസിഡന്റോ റബർ ബോർഡ് എന്നിവയുമായി ബന്ധപ്പെടാവുന്നതാണെന്ന് മണ്ണാർക്കാട് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു.