വടക്കഞ്ചേരി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ
1245012
Friday, December 2, 2022 12:25 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടർന്നുവീണ് യാത്രക്കാർക്കു പരിക്കേൽക്കുന്നതായി പരാതി.
സ്റ്റാൻഡിന്റെ എല്ലാ ഭാഗത്തും ഈ സ്ഥിതിയായതിനാൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ സുരക്ഷിതമായ സ്ഥലമില്ലാത്ത സ്ഥിതിയാണിപ്പോൾ.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഇവിടെ അപകടങ്ങൾ നിത്യസംഭവമായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
ബസ് സ്റ്റാൻഡിന്റെ പേര് ഇന്ദിര പ്രിയദർശിനി എന്നായതാണ് റിപ്പയർ വർക്കുകൾ നടത്താൻ അധികൃതർ മടിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
വികസനത്തിൽ രാഷ്ട്രിയമില്ലെന്ന് പറയുകയും എന്നാൽ പ്രവൃത്തികളിലും നടപടികളിലും മുഴുവൻ രാഷ്ട്രിയം കാണുന്ന നിലപാട് ശരിയല്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ബസ് സ്റ്റാൻഡ് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിൽ ബന്ധപ്പെട്ടവർ ബസ് സ്റ്റാൻഡ് പരിശോധിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹിയായ സന്തോഷ് അറയ്ക്കൽ പറഞ്ഞു.
പഞ്ചായത്തിന്റെ ഈ നിസംഗതക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബസ് സ്റ്റാൻഡിലെ കച്ചവടക്കാരും യാത്രക്കാരുമെല്ലാം.