ഒട്ടുപാൽ മോഷ്ടാക്കളെ പിടികൂടി
1247191
Friday, December 9, 2022 12:58 AM IST
വടക്കഞ്ചേരി: റബർ തോട്ടങ്ങളിൽ നിന്നും ഒട്ടുപാൽ മോഷ്ടിച്ച് വില്പന നടത്തിയിരുന്ന യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വാൽകുളന്പിലായിരുന്നു സംഭവം. ചുണ്ണാന്പുകാരൻകുളന്പിൽ ആലുക്കൽ എൽദോ, കൊട്ടാരകുന്നേൽ ജെയിംസ് തുടങ്ങിയവരുടെ തോട്ടങ്ങളിൽനിന്ന് ഒട്ടുപാൽ ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്.
എരിക്കിൻചിറ, പ്ലാച്ചികുളന്പ് പ്രദേശത്തെയാണ് ഇരുപതിനോടടുത്ത് പ്രായമുള്ള യുവാക്കൾ. മൂന്നംഗ സംഘത്തിൽ ഒരാളെയാണ് നാട്ടുകാർ പിടികൂടിയത്. മറ്റു രണ്ടു പേരെ പിന്നീട് പോലീസ് വലയിലാക്കുകയായിരുന്നു. സ്കൂട്ടറിൽ എത്തിയാണ് മോഷണം. വാൽക്കുളന്പ്, പനങ്കുറ്റി, ഒറവത്തൂർ തുടങ്ങിയ മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി മോഷണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് നാട്ടുകാരും തോട്ടം ഉടമകളും നിരീക്ഷിച്ച് മോഷ്ടാക്കളെ പിടികൂടിയത്.