പാലക്കാട്: മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെന്ന് മന്ത്രി എം.ബി രാജേഷ്.
ഇന്ത്യ എന്ന ആശയത്തെ ഒരു രാഷ്ട്ര സങ്കല്പമാക്കി ഉയർത്തുകയാണ് ഭരണഘടന ചെയ്തത്. ഭരണഘടന ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആകെ ഉത്പന്നമാണ്.
കഴിഞ്ഞ 73 വർഷം ഭരണഘടനയുടെ സുശക്തമായ അടിത്തറയിലും ഭരണഘടന ഒരുക്കിയ സുദൃഢമായ ചട്ടക്കൂടിലുമാണ് ഇന്ത്യ ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഉയർന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയിൽ ദേശീയപതാക ഉയർത്തി പരേഡ് വീക്ഷിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.
ചിറ്റൂർ പോലീസ് ഇൻസ്പെക്ടർ ജെ. മാത്യു പരേഡ് ചുമതല വഹിച്ചു. കേരള പോലീസ് സെക്കൻഡ് ബറ്റാലിയൻ, ജില്ലാ ഹെഡ്കോർട്ട് ക്യാന്പ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് പുരുഷവനിത വിഭാഗം, ഫയർഫോഴ്സ് സെൽഫ് ഡിഫൻസ്, എൻസിസി, എസ്പിസി, ജൂണിയർ റെഡ് ക്രോസ്, സ്കൗട്ട്, ഗൈഡ്സ്, ബാൻഡ് എന്നിങ്ങനെ 30 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. മന്ത്രി എം.ബി. രാജേഷ് പരേഡ് വീക്ഷിച്ചു.
ഒന്നേകാൽ കിലോമീറ്ററുള്ള ബാനറിൽ അഞ്ചു ഭാഷകളിൽ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ച പുതുനഗരം എംഎച്ച്എസിലെ അധ്യാപിക റംലയെ വിമുക്തി ജില്ലാ മിഷന്റെ നേതൃത്വത്തിൽ മന്ത്രി ആദരിച്ചു. തുടർന്ന് മലന്പുഴ നവോദയ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
ഷാഫി പറന്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭ ചെയർപേഴ്സണ് പ്രിയ അജയൻ, കൗണ്സിലർമാർ, ജില്ലാ കളക്ടർ മൃണ്മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എഡിഎം കെ. മണികണ്ഠൻ പങ്കെടുത്തു.