സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1262981
Sunday, January 29, 2023 12:48 AM IST
പാലക്കാട്: സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്യമാണെന്നും സ്വന്തം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാൻ ദുർബല വിഭാഗങ്ങൾക്ക് പറ്റുന്നില്ല എന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി അഭിപ്രായപ്പെട്ടു.
വിശ്വാസിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നത് ചർച്ചാ വിഷയമാക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ജില്ലാ കളക്ടർ മൃണ്മയി ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡിജിപി ഡോ. പി.എം നായർ മുഖ്യാതിഥിയായിരുന്നു. ബാലവേല, കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ എങ്ങിനെ തടയണമെന്നും കുടുംബത്തിലെ ഓരോരുത്തരും സ്വന്തം കുടുംബത്തിലും അയൽപക്കത്തെ കുടുംബങ്ങളിലും അതിക്രമങ്ങൾ തടയാൻ വിശ്വാസ് പോലെയുള്ള സന്നദ്ധ സംഘടനകളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ അംബാസഡർ ശ്രീകുമാർ മേനോൻ സംസാരിച്ചു. വിശ്വാസ കാരുണ്യനിധിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ദേവി കൃപ, നിയമവേദി ചെയർപേഴ്സണ് അഡ്വ. ശാന്താ ദേവി, ജോയിന്റ് സെക്രട്ടറിമാരായ ദീപ ജയപ്രകാശ്, അഡ്വ. രാഖി, ട്രഷറർ എം. ദേവദാസൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. കെ. തോമസ് ജോർജ്, ഡോ. ജോസ് പോൾ, എം.പി. സുകുമാരൻ, രഘുനന്ദൻ പാറയ്ക്കൽ, അൻസാരി, വോളന്റിയർ ലേഖ മേനോൻ, അഡ്വ. അജയ് കൃഷ്ണൻ, അഡ്വ. എം. മനോജ്, ദീപ്തി പ്രതീഷ് പങ്കെടുത്തു.