ഒറ്റപ്പാലം താലൂക്ക് ഓഫീസ് പരിസരത്ത് സൗകര്യമില്ല
1264774
Saturday, February 4, 2023 1:16 AM IST
ഒറ്റപ്പാലം: താലൂക്കാഫീസ് പരിസരത്ത് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം മരീചികയായി തുടരുന്നു .
പ്രതിദിനം നൂറുക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ് ഒറ്റപ്പാലം താലൂക്ക് ഓഫീസ് പരിസരം.
എന്നാൽ ഇവിടെ എത്തുന്ന സ്ത്രീകളടക്കമുള്ളവർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെങ്കിൽ ശരിക്കും വലയും.
ഇതിനുള്ള ഒരു സൗകര്യവും താലൂക്കാസ്ഥാനത്തില്ലന്നുള്ളതാണ് സത്യം.
മണ്ണാർക്കാട്, ശ്രി കൃഷ്ണപുരം, ചെർപ്പുളശ്ശേരി, എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവിടെയെത്തുന്നവർക്ക് "ശങ്ക' തോന്നിയാൽ വലഞ്ഞതു തന്നെ.
ഒറ്റപ്പാലം താലൂക്ക് ഓഫീസിന് പുറമേ ആർഡിഒ ഓഫീസ്, ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി, അഡീഷണൽ സെഷൻസ് കോടതിയടക്കമുള്ള മൂന്നു കോടതികൾ, വില്ലേജ് ഓഫീസുകൾ, സബ് രജിസ്റ്റർ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വെറ്ററിനറി ഹോസ്പിറ്റൽ, പോലീസ് സ്റ്റേഷൻ അടക്കമുള്ള സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം ഇവിടെയാണ് പ്രവർത്തിക്കുന്നത്.
താലൂക്ക് ഓഫീസ് പരിസരത്ത് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയാവുന്ന തരത്തിൽ ശുചിമുറി ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഈ ജനകീയ ആവശ്യം പരിഗണിച്ച് രണ്ടുവർഷം മുന്പ് മുന്പ് രണ്ട് ഇ-ടോയ്ലറ്റുകൾ ഇവിടെ സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ടോയ്ലറ്റുകൾ രണ്ട് മാസത്തിനകം പൂട്ടിയിടുകയും ചെയ്തു.
ഈ ടോയ്ലറ്റുകൾ ഇപ്പോഴും ഉപയോഗ രഹിതമായി താലൂക്ക് ഓഫീസ് പരിസരത്ത് കാലപ്പഴക്കംമൂലം ജീർണ്ണത ബാധിച്ച് നിൽപ്പുണ്ട്.
ഇതിനുള്ളിൽ പാന്പിനെ കണ്ടതായി കാരണം പറഞ്ഞാണ് അന്ന് പൂട്ടിയത്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കോവിഡ് തീവ്രത കുറഞ്ഞെങ്കിലും പല ഹോട്ടലുകളിലും ശുചിമുറികൾ ഇപ്പോഴും പൂട്ടിയിട്ട അവസ്ഥയിലുമാണ്.
ഇത്രയും വലിയ ഒരു ജനകീയ ആവശ്യമായിരുന്നിട്ട് പോലും ജനപ്രതികൾ ആരും തന്നെ ഈ കാര്യത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല ന്നുള്ളതാണ് യാഥാർത്ഥ്യം.
താലൂക്ക് ഓഫീസ് പരിസരത്തായി സമീപകാലത്ത് ശുചിമുറിക്ക് വേണ്ടി തറ കീറിയിട്ടുണ്ടെങ്കിലും ഒരു പ്രവൃത്തികളും ഇതുവരെ തുടങ്ങിയിട്ടില്ല.