തേൻ സംസ്കരണ പരിശീലന പരിപാടി സമാപിച്ചു
1282013
Wednesday, March 29, 2023 12:40 AM IST
അഗളി : പ്രാക്തന ഗോത്രവർഗത്തിലെ കുറുന്പ വിഭാഗക്കാരുടെ ഉൗരായ ഗൊണ്ടിയാർക്കണ്ടി ഉൗരിലെ രങ്കിയുടെ വാക്കുകളിൽ ആത്മ സംതൃപ്തിയുടെയും സന്തോഷത്തിന്റെയും തിളക്കം.
അട്ടപ്പാടി ധാന്യം ഉൗര് കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി നടന്നുവന്നിരുന്ന തേൻ സംസ്കരണവും അതിന്റെ അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് വിപണിയിൽ എത്തിക്കാവുന്ന ഉല്പന്നങ്ങളുടെ നിർമാണ പരിശീലനത്തിന്റെയും സമാപന സമ്മേളനത്തിൽ അനുഭവം പങ്കുവക്കുകയായിരുന്നു രങ്കി.
രങ്കിയെ പോലെ പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരുടെ മുഖത്തും സംതൃപ്തിയുടെ വെള്ളിവെളിച്ചം നിഴലിച്ചു. ആദിവാസി കൂട്ടായ്മയായ തന്പും നബാർഡും സംയുക്തമായാണ് പരീശിലന ശിബിരം സംഘടിപ്പിച്ചത്.
പരിശീലനം വേണ്ടവിധം വിനിയോഗിച്ചാൽ നൂറു ദിവസത്തെ കൂലി നിഷ് പ്രയാസം നേടാനാകുമെന്നാണ് രങ്കിയുടെ പക്ഷം. അട്ടപ്പാടി ബ്ലോക്ക് വ്യവസായ ഓഫീസർ സജാത് ബഷീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തന്പ് കണ്‍വീനർ കെ.എ. രാമു അധ്യക്ഷത വഹിച്ചു. നബാർഡ് പാലക്കാട് ഡിഡിഎം കവിതാ റാം സർട്ടിഫിക്കറ്റ് വിതരണം നടത്തി. തന്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ശരത്ത് ബാബു തച്ചന്പാറ, റോയൽ ഹണിബി ടിന്റു ദാസ്, ഉദയകുമാർ ബർമ്മൻ, ബി.കുമാർ എന്നിവർ ക്ലാസെടുത്തു.
ഉത്പന്നങ്ങളുടെ വിപണനത്തിൽ ആദിവാസി വനിതാ ഗ്രൂപ്പുകളെ തന്പ് സഹായിക്കും.
ആദിവാസി വിഭാഗങ്ങൾക്കുള്ള സാന്പത്തിക സഹായ പദ്ധതികൾ കുറെ കൂടി സുതാര്യമാക്കണമെന്ന ആവശ്യമുയർന്നു. കൊണ്ടിയാർക്കണ്ടി, കുറുക്കത്തിക്കല്ല്, ആനക്കട്ടി, കൽപ്പട്ടി, തുടുക്കി, ആനക്കല്ല് ഉൗര് നിവാസികൾ പരിശീലനത്തിൽ പങ്കെടുത്തു.