ഓറഞ്ച് ഫാമിനു മുന്നില് പ്രതിഷേധവുമായി സംയുക്ത തൊഴിലാളി യൂണിയൻ
1298184
Monday, May 29, 2023 12:15 AM IST
നെല്ലിയാന്പതി : നെല്ലിയാന്പതി ഗവണ്മെന്റ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനു മുന്നിൽ സിഐടിയു, എഐടിയുസി, ഐഎൻടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.
തൊഴിലാളികളുടെയും മരണപ്പെട്ടവരുടെയും വിരമിച്ചവരുടെയും ആനുകൂല്യം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ചും അവധി ദിവസങ്ങളിൽ ഫാം തുറന്നു പ്രവർത്തിച്ച് ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനുമാണ് പ്രധാനമായും സമരം നടത്തിയത്.
ഫാം ടൂറിസം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഫാമിൽ നടപ്പാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഫാമിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജോലിഭാരം വർധിപ്പിച്ച് നടപ്പാക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കണമെന്നും താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ഫാമിന് മുന്നിൽ നടത്തിയ സംയുക്ത പ്രതിഷേധ സമരം എഐടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.രാമദാസ് സമരം ഉദ്ഘാടനം ചെയ്തു. ഹരിഹരൻ സിഐടിയു അധ്യക്ഷനായി. ഹബീബുള്ള ഐഎൻടിയുസി, വിവിധ സംഘടനാ ഭാരവാഹികളായ ബാബു, വി.മുരുകൻ, ജോർജ് മത്തായി, ആറുച്ചാമി, സുദർശനൻ, മോഹനൻ, മധുഎന്നിവർ പ്രസംഗിച്ചു.