വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കിയത് 3,800 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ: മന്ത്രി വി. ശിവൻകുട്ടി
1336829
Wednesday, September 20, 2023 12:55 AM IST
പാലക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ കഴിഞ്ഞ ഏഴര വർഷത്തിൽ 3,800 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കിയതായും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ സംസ്ഥാന സർക്കാർ സൃഷ്ടിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കെ. ബാബു എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച എത്തന്നൂർ ജിബിയുപി സ്കൂളിലെയും കൊടുവായൂർ ജിബിഎൽപി സ്കൂളിലെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും പ്രധാനമാണ്. സംസ്ഥാനത്ത് പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ് എന്ന സമീപനമാണ് സർക്കാരിനുള്ളത്.
അത്യാധുനിക ശാസ്ത്ര സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ അധ്യാപകർ കാലഘട്ടത്തിനനുസരിച്ചുള്ള തയാറെടുപ്പും ഒരുക്കവും നടത്തണം. പഠനനിലവാരം ഉയർത്തുക, വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണം, അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കൽ, കൃത്യസമയത്ത് പരീക്ഷകൾ നടത്തുക, പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, പരീക്ഷാഫലം പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ 100 ശതമാനം വിജയിച്ചതായും കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഒരു കുറവും കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അഞ്ച് ക്ലാസ്മുറികളും വരാന്തയും ഉൾപ്പടെ 2500 ഓളം ചതുരശ്ര അടിയിൽ 53 ലക്ഷം രൂപ ചെലവിലാണ് രണ്ട് സ്കൂളുകളിലും കെട്ടിടം നിർമിച്ചിരിക്കുന്നത്. കെ. ബാബു എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ വിവിധ ജനപ്രതിനിധികളും സ്കൂൾ അധികൃതരും പങ്കെടുത്തു.