എം.വി. വസന്ത്
പാലക്കാട്: ചെറുധാന്യങ്ങൾ ആരോഗ്യപരിപാലനത്തിന്റെ " വലിയ' മന്ത്രമായാണ് കണക്കാക്കപ്പെടുന്നത്. ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകളുടെ ഗുണം അത്ര ചെറുതല്ലെന്നു സാരം.
2023 വർഷം ലോക മില്ലറ്റ് വർഷമായി കൊണ്ടാടുന്പോൾ അട്ടപ്പാടിക്കും പറയാനുണ്ടൊരു വിജയഗാഥ.
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന് അട്ടപ്പാടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടത്തുന്ന ചെറുധാന്യ സന്ദേശയാത്രയും പ്രദർശനവും പുരോഗമിക്കുകയാണ്.
18ന് തിരുവനന്തപുരത്ത് തുടങ്ങിയ സന്ദേശയാത്ര ഇതിനകം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ പര്യടനം പൂർത്തിയാക്കി. ഇന്ന് എറണാകുളത്തും 28ന് തൃശൂരിലും എത്തിച്ചേരും. മറ്റു ജില്ലകളിലെ പര്യടനവും ഉടനെയുണ്ടാകും.
'നമ്ത്ത് തീവ നഗ' (നമ്മുടെ ഭക്ഷ്യ വൈവിധ്യം) എന്ന പേരില്‍ കുടുംബശ്രീ സംസ്ഥാന മിഷന്, ജില്ലാ മിഷനുകള്‍, അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സന്ദേശയാത്ര.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് യാത്ര. ചെറുധാന്യങ്ങളുടെ പ്രദര്‍ശന സ്റ്റാള്‍, ചെറുധാന്യ ഫുഡ് കോര്‍ട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദര്‍ശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയില്‍ നിന്നുള്ള ചെറുധാന്യങ്ങളുടെ മുപ്പത്തിരണ്ടോളം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവ ഇതിനൊപ്പമുണ്ട്.
അട്ടപ്പാടി- കേരളത്തിന്റെ മില്ലറ്റ് ഗ്രാമം
സംസ്ഥാനത്തെ ആദ്യ മില്ലറ്റ് വില്ലേജാണ് അട്ടപ്പാടി. രാജ്യത്തെ മില്ലറ്റ് വിപ്ലവത്തിനു വേഗം കൂട്ടുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയാണ് അട്ടപ്പാടിക്കാർ.
25 വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്ന ആദിവാസി ഭൂമികളില്‍ കൃഷി ആരംഭിച്ച് കര്‍ഷകരെ കാര്‍ഷിക സംസ്ക്കാരത്തിലേക്ക് തിരികെയെത്തിക്കാനും അവര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനും മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ കഴിഞ്ഞു.
മില്ലറ്റുകളുടെ പ്രചാരണാര്‍ഥം 2018-ല്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടപ്പാടിയില്‍ മില്ലറ്റ് ഗ്രാമം പദ്ധതി കൊണ്ടുവന്നു. അട്ടപ്പാടി ബ്ലോക്കിലെ വിവിധആദിവാസി ഊരുകളിലായി 1900 ഏക്കറിലാണ് കൃഷി ചെയ്തത്. ചോളം, റാഗി, ചാമ, തിന, വരക്, കുതിരവാലി, പയര്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും ഉല്പാദിപ്പിച്ചത്.
ആദിവാസി കര്‍ഷകരുടെ പാരമ്പര്യ കൃഷി പുനസ്ഥാപിക്കുക, പോഷകഹാരക്കുറവ് മൂലമുള്ള ശിശുമരണം പ്രതിരോധിക്കുക, തനത് കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി സാമ്പത്തിക നിലവാരം ഉയര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
തുടക്കം അതിഗംഭീരം
കഴിഞ്ഞ ഒരു വർഷത്തിനിടെ അട്ടപ്പാടിയിലെ ചെറുധാന്യ സംസ്കരണ കേന്ദ്രം സംസ്കരിച്ചത് 7000 കിലോ ചെറുധാന്യമാണ്.
പുതൂർ പഞ്ചായത്തിലെ ചീരക്കടവിലാണ് സംസ്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്. റാഗി, ചാമ, തിന, പനി വരഗ്, കമ്പ്, മണി ചോളം, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതിൽ റാഗിയും ചാമയുമാണ് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്.
റാഗിയെ പൊടിയാക്കിയും മറ്റുള്ളവ അരിയാക്കി മാറ്റിയുമാണ് വിപണിയിലെത്തിക്കുക. കൃഷി വകുപ്പിന് കീഴിലായി ഫാർമർ പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷന് കീഴിലുള്ള 150ലധികം വരുന്ന ചെറുധാന്യ കർഷകർ അട്ടപ്പാടിയിലെ സംസ്കരണ കേന്ദ്രം ഉപയോഗപ്പെടുത്തുന്നുണ്ട്. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ഉല്പാദിപ്പിച്ച ചെറുധാന്യങ്ങള്‍ ഊരു നിവാസികളുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുളളവ ബ്രാന്റഡ് ഉത്പന്നങ്ങളാക്കി വിപണിയിലിറക്കിയിരുന്നു.
റാഗി പൗഡര്‍, റാഗി പുട്ടു പൊടി, റാഗി മാവ്, റാഗി കുക്കീസ്, എനര്‍ജി ഡ്രിങ്ക് പൗഡര്‍ ലിറ്റില്‍ മില്ലറ്റ് ഗ്രെയിന്‍ എന്നീ പേരുകളില്‍ ഉത്പന്നങ്ങ ളാക്കി അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്ട്സ് എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയത്.
ജൈവ സർട്ടിഫിക്കേഷൻ
ആദ്യ ഘട്ടത്തിൽ ജൈവ സർട്ടിഫിക്കേഷൻ ലഭിക്കാത്ത അട്ടപ്പാടിയിലെ 310 മില്ലറ്റ് കർഷർക്കുള്ള ജൈവ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പരിശോധനകൾ പൂർത്തിയായതായും സർട്ടിഫിക്കേഷൻ പെട്ടെന്ന് ലഭിക്കുമെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു. 1236 ചെറുധാന്യ കർഷകരിൽ 926 പേർക്കാണ് ആദ്യ ഘട്ടത്തിൽ ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചത്.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ കർഷകരുടെ ഉത്പന്നങ്ങൾ ജൈവ ലേബലിൽ വിദേശത്തേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. ജൈവരീതിയിൽ തന്നയാണോ കൃഷി ചെയ്യുന്നതെന്ന് തുടർച്ചയായി മൂന്നുവർഷം പരിശോധന നടത്തിയാണ് ഇൻഡോസെർട്ട് എന്ന സ്വകാര്യ കമ്പനി മുഖേന സർട്ടിഫിക്കേഷൻ നൽകുന്നത്.
വെല്ലുവിളിയിൽനിന്നു വിജയം
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട ബിടി പരുത്തിയുള്‍പ്പെടെ കൃഷി ചെയ്തിരുന്നു.
2006 മുതല്‍ അട്ടപ്പാടി ഊരുകളില്‍ 'ബോള്‍ വേം' കീടത്തെ പ്രതിരോധിക്കുന്ന ബി.ടി. പരുത്തി വിളയിച്ചിരുന്നു. ഇതു തുടക്കത്തില്‍ നല്ല വിളവുതരികയും ചെയ്തു.
അതേസമയം ഈ പ്രദേശത്ത് പാരമ്പര്യമായി കൃഷിചെയ്തിരുന്ന റാഗി, പനിവരക്, തിന, മണിച്ചോളം തുടങ്ങിയ പോഷകധാന്യങ്ങളും അട്ടപ്പാടി കടുക്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കളും ആട്ടുകൊമ്പന്‍ അവര, അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്‍ഗങ്ങളും വലിയതോതില്‍ ഊരുകളില്‍നിന്ന് പുറത്തായി.
അത് ഊരുനിവാസികളുടെ പോഷകലഭ്യതയെ വളരെ ദോഷകരമായി ബാധിച്ചു. ഏറെ വർഷങ്ങൾക്കുശേഷം പരപന്പരാഗത കൃഷിരീതികൾ തിരിച്ചുപിടിച്ചിരിക്കുകയാണ് അട്ടപ്പാടി മേഖലയിലെ ആദിവാസി സമൂഹം.
പ്രതീക്ഷകളിലേക്ക് നിറയണം...
ചെറുധാന്യ കൃഷിയില്‍ കേരളം താരതമ്യേനെ വളരെ പിന്നിലാണുള്ളത്. പലതരം വിളകള്‍ മില്ലറ്റുകള് ഉള്‍പ്പെടുന്നുണ്ടെങ്കിലും മുത്താറി/പഞ്ഞപ്പുല്ല്, കൂവരക് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന റാഗി, ജോവര്‍ അല്ലെങ്കില്‍ മണിച്ചോളം എന്നിവയോടാണ് കേരളത്തിന് പ്രിയം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മില്ലറ്റ് കൃഷിയുള്ളത് പാലക്കാട്, ഇടുക്കി ജില്ലകളിലാണ്, പ്രത്യേകിച്ച് അട്ടപ്പാടി, മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍. മഴ കുറഞ്ഞ ഈ പ്രദേശങ്ങളില്‍ ചെറുധാന്യ കൃഷിക്ക് സാധ്യതയുണ്ട്.
മഴ കൂടുതലുള്ള, മറ്റു വിളകള്‍ കൃഷി ചെയ്യുന്ന മേഖലകളില്‍, ചെറുധാന്യങ്ങള്‍ വ്യാപിപ്പിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മുഖ്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കുറഞ്ഞ വിളവ്, അരിയേക്കാള്‍ കുറഞ്ഞ വില എന്നതും കര്‍ഷകര്‍ പ്രശ്നങ്ങളാക്കി ഉയര്‍ത്തിക്കാട്ടുന്നു.