ഏണികൾ അന്യമാകുന്നു, ഫൈബർ ഏണികൾക്ക് പ്രിയമേറുന്നു
1338402
Tuesday, September 26, 2023 12:58 AM IST
വടക്കഞ്ചേരി: ലോഹ നിർമിത ഏണികൾക്കാണ് ഇപ്പോൾ പ്രിയം. മുള കൊണ്ടുള്ള ഏണികളെല്ലാം തോട്ടങ്ങളിൽ നിന്നും വീടുകളിൽ നിന്നും അപ്രത്യക്ഷമാവുകയാണ്. സമീപ ഭാവിയിൽ തന്നെ കൃഷി മേഖലയിലെ മറ്റൊരു പാരമ്പര്യ കർഷക സഹായി കൂടി പുരാവസ്തു ഗണത്തിലേക്ക് മാറും. മുളങ്കാടുകളെല്ലാം പൂത്തു നശിച്ചതും ഉയർന്ന വിലയും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും കൂടുതൽ കാലം നിലനിൽക്കാത്തതും മുള ഏണികൾക്കുള്ള ന്യൂനതകളായി.
താങ്ങ് തടിയിൽ ചാരി കുരുമുളക് പറിക്കാനും ചക്കയിടാനും മാങ്ങ പൊട്ടിക്കാനും കിണറിൽ ഇറങ്ങാനും ചെത്ത് തൊഴിലാളികൾക്ക് പനയിൽ കയറാനുമെല്ലാം ഒരു കാലത്ത് മുള ഏണികളായിരുന്നു ആശ്രയം. ഉയര മരങ്ങളിൽ കയറാനുള്ള പ്രകൃതിദത്ത സംവിധാനത്തിന് പക്ഷെ, നിലനില്പില്ലാതായിരിക്കുന്നു.
ഇന്നിപ്പോൾ ഫൈബർ ഏണികൾക്കാണ് ആവശ്യക്കാർ കൂടുതൽ.ഇന്റാലിയവും അലുമിനിയവും സ്റ്റീലും ചേർന്ന ലോഹ മിശ്രിത ഏണിയുണ്ട്. 20 അടി ഉയരമുള്ള ഏണിക്ക് 3500 രൂപയും പത്തടി ഉയരമുള്ളതിന് 2000 രൂപയുമാണ് വില. പാലക്കുഴിയിലെ പ്രമുഖ കർഷകനായ ചാർളി മാത്യുവും ഫൈബർ ഏണികൾ രൂപകൽപന ചെയ്ത് കർഷകർക്ക് എത്തിക്കുന്നുണ്ട്. ഏണികൾക്ക് മുകളിൽ ലോക്കുള്ളതിനാൽ മറിഞ്ഞ് വീഴും എന്ന പേടി വേണ്ടെന്നാണ് ചാർളി പറയുന്നത്.