അഞ്ചു വർഷത്തിനിടെ കൈക്കൂലിക്കേസിൽ നടപടിക്കു വിധേയമായത് 55 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
1339543
Sunday, October 1, 2023 1:33 AM IST
പാലക്കാട്: ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായി സർക്കാർ നടപടിയ്ക്ക് വിധേയമായത് 55 മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെന്ന് വിവരാവകാശ രേഖ.
ഇതിൽ പലരും ഒന്നിലധികം തവണ കേസിൽ ഉൾപ്പെട്ടവരാണ്. വാളയാർ, ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ ഒന്പത് ഉദ്യോഗസ്ഥരെ രണ്ടുപ്രാവശ്യവും രണ്ടു ഉദ്യോഗസ്ഥരെ നാലു പ്രാവശ്യവും ചെക്പോസ്റ്റിൽ കൈക്കൂലി കേസിൽ പിടിച്ചിട്ടുണ്ട്. പിടിയിലായ 55 ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തലത്തിൽ നടപടിയെടുക്കുവാൻ വേണ്ടി പാലക്കാട് വിജിലൻസ് ഡിവൈഎസ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും അറിവോടുകൂടി ജിഎസ്ടി നിയമം നിലവിൽ വന്നതിനു ശേഷം 2018 ആഗസ്റ്റ് മുതൽ മുതൽ 2023 ഓഗസ്റ്റ് വരെ 36 പ്രാവശ്യം വിജിലൻസ് പരിശോധന നടത്തിയിട്ടുണ്ട്.
കൈക്കൂലി ഇനത്തിൽ പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ നിന്നായി 9.04 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്. ഏറ്റവും കൂടുതൽ വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് പണം പിടികൂടിയിരിക്കുന്നത്.
മാങ്കാവ് എടയാർ സ്ട്രീറ്റിൽ റെയ്മണ്ട് ആന്റണിയ്ക്ക് ലഭിച്ച വിവരാവകാശത്തിലാണ് വിവരങ്ങൾ വ്യക്തമായത്.
കൈക്കൂലിക്കേസിൽ 2019 ജൂലൈ 29ന് വാളയാറിലെ മോട്ടോർ വാഹന വകുപ്പ് ഇൻ ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനെ അതേ വർഷം ഡിസംബർ 18ന് വാളയാർ ഒൗട്ടർ ചെക്ക് പോസ്റ്റിൽനിന്ന് വീണ്ടും പിടികൂടി. കോടതിയിൽ തീർപ്പാകാൻ ഇപ്പോഴും രണ്ടു കേസുകൾ കൂടി ബാക്കിയുണ്ട്.