പാലക്കാട് നഗരസഭയിൽ കല്പാത്തി "കുടുംബാരോഗ്യകേന്ദ്രം' വിവാദം
1396009
Wednesday, February 28, 2024 12:32 AM IST
പാലക്കാട്: കല്‍പ്പാത്തിയില്‍ പുതുതായി ആരംഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനായി ഏറ്റെടുത്ത കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നതു ടൗണ്‍ പ്ലാനര്‍ തടഞ്ഞതിനു പിന്നാലെ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ നഗരസഭാധികൃതര്‍ മുന്നോട്ട് പോകുന്പോൾ പ്രതിഷേധവും ശക്തമാകുന്നു.
കല്പാത്തി പൈതൃകമേഖലയില്‍ ഉള്‍പ്പെട്ട കെട്ടിടമായതുകൊണ്ടു മാറ്റംവരുത്തണമെങ്കില്‍ ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതിവേണമെന്നു നിര്‍ദേശിച്ചുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനം തടഞ്ഞത്. ഉയര്‍ന്ന വാടകക്ക്കെട്ടിടം ഏറ്റെടുത്ത്, അനധികൃതമായി അറ്റകുറ്റപ്പണി നടത്തുന്നതിനെതിരേ കഴിഞ്ഞ ശനിയാഴ്ചനടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം കല്പാത്തിയില് ആരംഭിക്കുന്ന കുടുംബാരോഗ്യ സെന്ററിനു നിയമാനുസൃതമായാണ് കെട്ടിടം കണ്ടെത്തിയതെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. സെന്ററിന്റെ ഉദ്ഘാടനം 29ന് കേന്ദ്രമന്ത്രി വി.കെ. സിംഗ് നിര്‍വഹിക്കുമെന്നും സെന്ററിലൂടെ ചികിത്സ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സെക്രട്ടറിയെ ഉപരോധിച്ചു
കല്പാത്തി കുടുംബാരോഗ്യ കേന്ദ്രം അറ്റകുറ്റപ്പണി നടത്തുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. യാതൊരു അനുമതിയുമില്ലാതെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
അറ്റകുറ്റപ്പണി നടത്തുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നഗരസഭയിലെ ബിജെപി ഭരണ സമിതിയുടെ അഴിമതി മറച്ചുവയ്ക്കാനാണെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ കെ. സാജോ ജോണ്‍, എ. കൃഷ്ണന്, സെയ്ദ് മീരാന്‍ ബാബു, ഡി. ഷജിത് കുമാര്‍, പി.കെ. ഹസ്സനുപ്പ, ബി സുഭാഷ്, മിനി ബാബു, കെ. സുജാത, എസ്. ഷൈലജ, അനുപമാ പ്രശോഭ്, മണ്‍സൂര്‍, കെ. ബഷീറുപ്പ, എഫ്.ബി. ബഷീര്‍, പി.എസ്. വിപിന്‍ എന്നിവർ പങ്കെടുത്തു.
യുഡിഎഫ് ധർണ
കല്പാത്തിയില്ആരംഭിക്കാനിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനു മുനിസിപ്പല്‍ എന്‍ജിനീയര്‍ നിശ്ചയിച്ചതിലും അധിക വാടക കൊടുക്കുവാനുള്ള നീക്കത്തില്‍ നിന്നും നഗരസഭ ചെയര്‍പേഴ്സണ്‍ പിന്‍വാങ്ങണമെന്നു യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. ബാലഗോപാല്‍ ആവശ്യപ്പെട്ടു.
സെന്ററിനു മുന്നില്‍ ടൗണ്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് , നിയോജക മണ്ഡലം യുഡിഎഫ് ചെയര്മാന് സുധാകരന് പ്ലാക്കാട്ട്, നഗരസഭാഅംഗങ്ങൾ പങ്കെടുത്തു.