മംഗലംഡാം റിസർവോയറിനുള്ളിലെ ചെറുജലാശയങ്ങൾ അപൂർവ ദേശാടനപ്പക്ഷികളുടെ ഇടത്താവളങ്ങൾ
1416606
Tuesday, April 16, 2024 1:36 AM IST
മംഗലംഡാം: മംഗലംഡാം റിസർവോയറിനുളളിലെ തുരുത്തുകളും വേനലിലെ ചെറു ജലാശയങ്ങളും ദേശാടന പക്ഷികളുടെയും അപൂർവ ജല ജീവികളുടെയും വലിയ ആവാസ കേന്ദ്രങ്ങൾ. സ്വദേശിയും വിദേശിയുമായ പക്ഷികൾ ഏറെ ഇഷ്ടപ്പെടുന്ന പച്ചക്കാടുകളാണ് ഡാമിനുള്ളിലുള്ളത്.
ഒരോ സീസണിലും ഓരോയിനം വിദേശ പക്ഷികൾ ഇവിടെ ക്യാമ്പ് ചെയ്ത് പോകും. ഡാമിലെ ജലനിരപ്പ് കൂടുതൽ കുറയുന്നതോടെയാണ് വിവിധ വംശജരായ പക്ഷികൾ കൂട്ടമായി ചേക്കേറുന്നത്. തീറ്റ തേടിയുള്ള ആകാശപറക്കലിലാണ് മംഗലംഡാമും പറവകളുടെ കണ്ണിലുടക്കുന്നത്.
മത്സ്യം വളർത്തലിന് കടുത്ത ഭീഷണി ഉയർത്തുന്ന നീർനായ്ക്കളുടെ താവളങ്ങളും റിസർവോയറിലെ തുരുത്തുകളാണ്. പകൽ സമയങ്ങളിലെല്ലാം ഇവ തുരുത്തുകളിൽ കയറി കിടക്കും. പത്തും പതിനഞ്ചും എണ്ണം വരുന്ന കൂട്ടങ്ങളാണ് മത്സ്യതൊഴിലാളികളെ പേടിപ്പിച്ച് വിലസുന്നത്. ഇവയെ പിടികൂടി മാറ്റണമെന്ന ആവശ്യവും ഡാമിലെ മത്സ്യ തൊഴിലാളികൾക്കുണ്ട്. ഏതാനും വർഷം മുമ്പ് എവിടെ നിന്നോ എത്തിയതാണ് ഇവ. മൂന്നോ നാലോ എണ്ണത്തിനെയാണ് ആദ്യം കണ്ടിരുന്നത്.
എന്നാൽ ഈയടുത്ത കാലത്തായി ഇവയുടെ എണ്ണം തെരുവു നായ്ക്കളെ പോലെ പെരുകി അക്രമികളായി മാറി.
ചെറുതും വലുതുമായി ഒരു ഡസനോളം പച്ച തുരുത്തുകൾ റിസർവോയറിലുണ്ട്. ഡാമിന്റെ ഷട്ടർ ഭാഗത്തു നിന്നുള്ള കാഴ്ചയിൽ മധ്യഭാഗത്തെ ഒരു തുരുത്ത് മാത്രമെ കാണാൻ കഴിയൂ. എന്നാൽ റിസർവോയറിലൂടെ യാത്ര ചെയ്താൽ വനത്തിലകപ്പെട്ട പ്രതീതിയാണ്. ചുറ്റും മരങ്ങളുമായി ഉയർന്നു നിൽക്കുന്ന തുരുത്തുകൾ കാണാം.