കാർഷിക ഉത്പന്നങ്ങൾക്കു താങ്ങുവില നല്കും: രാഹുൽ
1417258
Friday, April 19, 2024 12:40 AM IST
പാലക്കാട്: കർഷകരുടെ കടങ്ങൾ മുഴുവൻ എഴുതിത്തള്ളുമെന്നും കാർഷിക ഉത്പന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിക്കുമെന്നും കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി.
പാലക്കാട് കോട്ടമൈതാനത്ത് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ കർഷകർക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതു കൊണ്ട് കർഷകരുടെ സ്ഥിതി അതിദയനീയമാണ്. ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ പെൻഷൻ ഇരരട്ടിയാക്കും.
ബിജെപിയോട് നിരന്തരം പൊരുതുന്നയാളാണ് താനെന്ന് രാജ്യത്തുള്ള എല്ലാവർക്കും അറിയാം. അതു ബിജെപിക്കും അറിയാം. ഓരോ ദിനവും എഴുന്നേൽക്കുന്നതുതന്നെ എങ്ങനെ അവർക്കെതിരെ പോർമുഖം തുറക്കുമെന്ന് ആലോചിച്ചാണ്.
അതുകൊണ്ടാണ് അഞ്ചുദിവസം 55 മണിക്കൂർ എൻഫോഴ്സ്മെന്റ് തന്നെ ചോദ്യം ചെയ്തത്. അവർ ലോക്സഭയിൽനിന്ന് പുറത്താക്കിയപ്പോൾ തിരിച്ചെത്തിച്ചത് സുപ്രീംകോടതിയാണ്. എന്നെ ബിജെപി വസതിയിൽ നിന്ന് പുറത്താക്കിയപ്പോൾ അതു വേണ്ടെന്നുവച്ചു. കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നെ പുറത്താക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബിജെപി ഒന്നും ചെയ്യുന്നില്ല. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കിയ മോദി സർക്കാർ കേരളത്തിൽ സിപിഎം മുഖ്യമന്ത്രിയെ കണ്ടെന്നു നടിക്കുന്നില്ല. പിണറായി വിജയൻ ബിജെപിയെയും ആക്രമിക്കുന്നില്ല. 24 മണിക്കൂറും തന്നെ ആക്രമിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതുതന്നെ അദ്ഭുതപ്പെടുത്തുന്നതായും രാഹുൽഗാന്ധി പറഞ്ഞു.
കേരളം രാജ്യത്തിനുതന്നെ മാതൃകയാണ്. വിദേശത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി നിന്നത് ഇതിനു തെളിവാണ്. കേരളത്തിന്റെ എംപിയായ താൻ ഏത് ആവശ്യത്തിനും മുന്നിലുണ്ടാവുമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. മരയ്ക്കാർ മാരായമംഗലം സ്വാഗതം പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, പാലക്കാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ, ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, സി. ബാബുരാജ്, നിർവാഹകസമിതിയംഗം സി.വി. ബാലചന്ദ്രൻ, സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി. ഹരിഗോവിന്ദൻ, പി.വി. രാജേഷ്, മുൻ എംപി വി.എസ്. വിജയരാഘവൻ, മുൻ മന്ത്രി വി.സി കബീർ, അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ, മുൻ എംഎൽഎമാരായ കെ.എ. ചന്ദ്രൻ, സി.പി മുഹമ്മദ്, കളത്തിൽ അബ്ദുള്ള, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, നേതാക്കളായ സിഎഎംഎ കരീം, അഡ്വ. ടി.എ സിദ്ദീഖ്, പി.ഇ.എ സലാം മാസ്റ്റർ, എം.എ ഹമീദ്, കെ.കെ.എ അസീസ്, കല്ലടി അബൂബക്കർ, പി.ടി മുഹമ്മദ് മാസ്റ്റർ, എം.എച്ച് മുജീബ് റഹ്്മാൻ, എം.എസ് അലവി എന്നിവർ പങ്കെടുത്തു.