സ്വന്തം വാഹനം ഉപയോഗിക്കാനാകാതെ മോട്ടോർവാഹന വകുപ്പ് കട്ടപ്പുറത്ത്!
1430736
Saturday, June 22, 2024 1:19 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ കാര്യം വലിയ കഷ്ടത്തിലാണ്. സഞ്ചരിക്കാൻ വാഹനങ്ങളില്ലാത്തതാണ് മുഖ്യകാരണം. ഇതുകൊണ്ടുതന്നെ സബ് ആർടി ഓഫീസിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുകയാണ്.
ആകെയുള്ള ഔദ്യോഗിക വാഹനം ഷെഡിൽ കയറിയതോടെയാണ് സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ വാഹനമില്ലാത്ത സാഹചര്യം നേരിട്ടത്.
കാലപ്പഴക്കം പിന്നിട്ട വാഹനം നിയമപരമായി പുറത്തിറക്കാനാകാത്തതാണു മോട്ടർ വാഹന വകുപ്പിനു മുന്നിലെ വെല്ലുവിളി. കാലപ്പഴക്കം 15 വർഷം പിന്നിട്ടതോടെയാണു വാഹനം ഉപയോഗിക്കാനാകാത്ത അവസ്ഥയായത്.
കേന്ദ്രസർക്കാരിന്റെ പൊളിക്കൽ നയപ്രകാരം (സ്ക്രാപ് പോളിസി) 15 വർഷം പിന്നിടുന്ന സർക്കാർ വാഹനങ്ങളുടെ ആർസി പുതുക്കാനാകില്ല.
പരിവാഹൻ വെബ്സൈറ്റിൽ ഇത്തരം വാഹനങ്ങളുടെ ആർസി രേഖകൾ സ്വാഭാവികമായി റദ്ദാക്കപ്പെടുകയാണു പതിവ്. കഴിഞ്ഞ മാസമാണ് ഒറ്റപ്പാലം സബ് ആർടി ഓഫിസിലെ വാഹനത്തിന്റെ പഴക്കം 15 വർഷം പിന്നിട്ടത്.
ഇതോടെ വാഹനം നിരത്തിലിറക്കാനാകാതെ മിനിസിവിൽ സ്റ്റേഷൻ പരിസരത്തെ ഷെഡിൽ നിർത്തിയിട്ടു.
കാര്യമായ തകരാറുകളില്ലാത്ത വാഹനമാണു നിയമക്കുരുക്കിൽ ഉപയോഗിക്കാനാകാതെ കിടക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റും പുതിയ വാഹനങ്ങളുടെ പരിശോധനയും ഉൾപ്പെടെ ഔദ്യോഗിക ആവശ്യങ്ങൾക്കെല്ലാം സ്വന്തം വാഹനങ്ങളെയോ ടാക്സികളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള വാഹന പരിശോധനയും പ്രതിസന്ധിയിലാണ്. സ്വകാര്യ വാഹനത്തിൽ റോഡിലിറങ്ങി പരിശോധന നടത്താനാകില്ല.
നിലവിൽ പാലക്കാട് ആർടിഒയെ മുൻകൂട്ടി അറിയിച്ച് വാഹനമെത്തിച്ചാണു പരിശോധന നടത്തുന്നത്.
അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പോലീസ് സ്റ്റേഷനുകളിലെത്താനും വാഹനമില്ലാത്ത സാഹചര്യമാണ്. പുതിയ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മോട്ടർ വാഹനവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും ലഭ്യമായിട്ടില്ല.