റോഡിൽ സീബ്രാ വരകളില്ല, ബുദ്ധിമുട്ടി കാൽനടയാത്രക്കാർ
1430739
Saturday, June 22, 2024 1:19 AM IST
ഷൊർണൂർ: പട്ടാമ്പി നഗരത്തിൽ കാൽനട യാത്ര ദുരിതപൂർണം. നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ സീബ്രാവരകളില്ലാത്തതും മുഖ്യ പ്രശ്നമാണ്. പൊതുവേ വീതികുറഞ്ഞ പാതയിൽ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടക്കേണ്ട ഗതികേടാണ് യാത്രക്കാർക്കുള്ളത്.
പട്ടാമ്പി ബസ് സ്റ്റാൻഡിനു മുൻവശം, ഗുരുവായൂർ റോഡ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ്, മേലെ പട്ടാമ്പി പോലീസ് സ്റ്റേഷനുമുൻവശം, മേലെ പട്ടാമ്പി-പാലക്കാട് റോഡ് സ്റ്റോപ്പ് തുടങ്ങിയയിടങ്ങളിലൊന്നും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനായുള്ള സീബ്രാ വരകളില്ലാത്ത സ്ഥിതിയാണ്.
വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവെച്ചാണ് യാത്രക്കാർ മറുപുറത്തെത്തുന്നത്. മുമ്പ് ഇവിടങ്ങളിലൊക്കെ സുരക്ഷാസംവിധാനവും വരകളുമുണ്ടായിരുന്നെങ്കിലും മാസങ്ങളായി ഇല്ലാത്ത സ്ഥിതിയാണ്.
പാലക്കാട്, പള്ളിപ്പുറം, ഗുരുവായൂർ ഭാഗങ്ങളിലെ വാഹനങ്ങൾ എത്തിച്ചേരുന്നയിടമാണ് പട്ടാമ്പി-ഗുരുവായൂർ റോഡ് ജംഗ്ഷൻ.
ഇവിടെ കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ല. പോലീസുള്ള സമയത്ത് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തിയിടും. ഇവിടെ നടപ്പാതയില്ലാത്തതും പ്രശ്നമാണ്. നടപ്പാതയുടെ ഭാഗത്തെ അഴുക്കുചാൽ തുറന്നാണ് കിടക്കുന്നത്. റോഡിലൂടെ കയറിപ്പോകേണ്ട സ്ഥിതിയാണ് കാൽനടയാത്രക്കാർക്കുള്ളത്. മേലേപട്ടാമ്പിയിലെ സ്ഥിതിയും മറിച്ചല്ല.
പാലക്കാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, ഷൊർണൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾവന്ന് നിർത്തുന്ന പോലീസ് സ്റ്റേഷന് മുൻവശത്തെ ബസ്സ്റ്റോപ്പിൽ നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ള യാത്രക്കാർ എത്തുന്നയിടമാണ്.
ഇവിടെയും റോഡ് മുറിച്ചുകടക്കാൻ സീബ്രാവരകളില്ല. മുമ്പ് ബസുകൾക്ക് നിർത്താനായി ഡിവൈഡറുകൾ വെച്ചിരുന്നെങ്കിലും ഇപ്പോൾ ഇല്ല. ഇതോടെ ബസുകൾ റോഡിന്റെ മധ്യഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതും പതിവുകാഴ്ചയാണ്.