കരിങ്കൽ ക്വാറികൾ നിർത്തണം, സമരത്തിനൊരുങ്ങി പ്രദേശവാസികൾ
1436207
Monday, July 15, 2024 1:47 AM IST
മണ്ണാര്‍ക്കാട്: അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകര മേഖലയിലുള്ള കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്.
എടത്തനാട്ടുകര ചൂരിയോട് മുണ്ടക്കുന്നിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ നിര്‍ത്തിവെക്കണമെന്നാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യവുമായി 15ന് അലനല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്പില് ക്രഷര്‍-ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. അലനല്ലൂര്‍ മൂന്ന് വില്ലേജിലാണ് രണ്ട് ക്വാറികളുമുള്ളത്. മുന്‍പ് നിയന്ത്രിതമായ അളവിലായിരുന്നു സ്ഫോടനങ്ങളും കരിങ്കല്‍ ലോഡ് കടത്തുമുണ്ടായിരുന്നത്.
എന്നാല്‍ നിരന്തര സ്ഫോടനങ്ങളാണ് ഇപ്പോള്‍ ക്വാറിയില്‍ നടന്നുവരുന്നത്.
പ്രദേശത്തെ 200നടുത്ത് വീടുകള്‍ക്കാണ് ഇതുമൂലം വിള്ളല്‍ സംഭവിച്ചിരിക്കുന്നത്.
പലരും വീടുകളില്‍ കഴിയുന്നത് ഭീതിയോടെയാണ്. നൂറിലധികം ലോഡ് കരിങ്കല്ലുകളും ഇപ്പോള്‍ പ്രതിദിനം കടത്തുന്നുണ്ട്. വേനലില്‍ കിണറുകളില്‍ പോലും വെള്ളം കിട്ടാത്ത സാഹചര്യമാണ്. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.
ജില്ലാ കളക്ടര്‍ക്കും ജിയോളജിവകുപ്പ് ഉള്‍പ്പെടെയുള്ള മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ഇതിനുപുറമെ മൂന്ന് ക്വാറികളും ക്രഷറും പ്രദേശത്ത് തുടങ്ങാന്‍ തീരുമാനമുള്ളതായാണ് അറിവ്. ഇതുകൂടി വരുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിത്തിലാകും . സമരസമിതി ചെയര്മാന് എ.അബ്ദുള്‍ റസാഖ്, കെ.ഭാസ്കരന്, പി. ഉസ്മാന്, ഒ.പി. നിജാസ്, പി. മണികണ്ഠന്,കെ.വി. അമീര്‍ എന്നിവര്‍ സംസാരിച്ചു.