പുഴയിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1436824
Wednesday, July 17, 2024 11:22 PM IST
ആലത്തൂർ: മുതുകുന്നി ചീനാമ്പുഴ നായർകുണ്ട് ചെക്ക്ഡാമിൽ പുഴയിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് പൊന്നന്റെ മകൻ രാജേഷിന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് പുഴയിൽ വീണതിന്റെ 200 മീറ്റർ അകലെനിന്ന് മൃതദേഹം കിട്ടിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വടക്കഞ്ചേരി ഫയർഫോഴ്സും ആലത്തൂർ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് രാജേഷ് പുഴയിൽ വീണത്. സെന്ററിംഗ് ജോലിക്കാരായ രാജേഷ് സുഹൃത്തുക്കളായ രമേഷ്, മുകേഷ്, മുരളീധരൻ എന്നിവരോടൊപ്പം സമീപത്തെ തോട്ടങ്ങളിൽനിന്നു പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങകൾ ശേഖരിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നു സുഹൃത്തുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. രാജേഷിന്റെ അമ്മ: രാധ( ഗ്രാമപഞ്ചായത്ത് മുൻ അംഗം മേലാർകോട്, ആശാവർക്കർ). ഭാര്യ: രമ്യ. മക്കൾ: റിതു, നന്ദ.