തു​യി​ലു​ണ​ർ​ത്തു​പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളു​മാ​യി ഓ​ണ​വ​ര​വ​റി​യി​ച്ച് വൃദ്ധദ​മ്പ​തി​ക​ളു​ടെ ‘ദേ​ശാ​ട​നം’
Sunday, September 15, 2024 4:57 AM IST
ഒറ്റ​പ്പാ​ലം: തി​രു​വോ​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ഉ​ത്രാ​ടനാ​ളി​ലും തു​യി​ലു​ണ​ർത്തുപാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളു​മാ​യി കു​ഞ്ചു​വിന്‍റെയും ത​ങ്ക​മ്മ​യു​ടെയും ത​ട്ട​ക​പ്ര​ദ​ക്ഷി​ണം. മാ​വേ​ലിത്തമ്പു​രാ​ന്‍റെ അ​പ​ദാ​ന​ങ്ങ​ൾ വാ​ഴ്ത്തിപ്പാ​ടി ക​ള്ളപ്പറ​യും ചെ​റു​നാ​ഴി​യും ക​ള്ള​ത്ത​ര​ങ്ങ​ളേ​തു​മി​ല്ലാ​തി​രു​ന്ന ഗ​ത​കാ​ലസ്മൃ​തി​ക​ളു​ടെ ഓ​ർ​മപ്പെ​ടു​ത്ത​ൽകൂ​ടി​യാ​ണ് ഈ ​ദ​മ്പ​തി​ക​ളു​ടെ തു​യി​ലു​ണ​ർ​ത്തു​പാ​ട്ട്.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളു​ടെ ന​ന്മ​യാ​ർ​ന്ന വേ​റി​ട്ട കാ​ഴ്ചവ​ട്ടം കൂ​ടി​യാ​ണീ തു​യി​ലു​ണ​ർ​ത്തുപാ​ട്ട്. ഓ​ണ​ക്കാ​ല​മാ​യാ​ൽ ഷൊ​ർ​ണൂ​ർ ക​വ​ള​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ചു​വി​നും ത​ങ്ക​മ്മ​യ്ക്കും തു​യി​ലു​ണ​ർ​ത്തു​പാ​ട്ടും ഓ​ണ​പ്പാ​ട്ടു​ക​ളും മാ​ത്ര​മാ​ണ് നാ​വി​ൻ​തു​മ്പ​ത്ത്.

ഓ​ണ​ത്തി​ന്‍റെ ദി​ന​രാ​ത്ര​ങ്ങ​ൾ​ക്ക് മു​മ്പുത​ന്നെ ഇ​വ​രു​ടെ വീ​ട്ട​കം സം​ഗീ​ത​സാ​ന്ദ്ര​മാ​കും.​ പി​ന്നെ ഒ​രു യാ​ത്ര​യാ​ണ്. ഓ​രോ വീ​ട്ടി​ലും ക​യ​റി​യി​റ​ങ്ങി ഓ​ണ​പ്പാ​ട്ടു പാ​ടും ഈ ​ദ​മ്പ​തി​മാ​ർ. സ​ന്ധ്യ​മു​ത​ൽ നേ​രം​പു​ല​രു​വോ​ളം പാ​ടി​പ്പാ​ടിന​ട​ക്കും. വീ​ടു​ക​ളി​ലെ​ത്തു​മ്പോ​ൾ നി​ല​വി​ള​ക്കും പാ​യ​യും വി​രി​ച്ച് സ്വീ​ക​രി​ക്കു​മെ​ന്ന് ത​ങ്ക​മ്മ​യും കു​ഞ്ചു​വും പ​റ​യു​ന്നു. പി​ന്നീ​ട് മു​റ​ത്തി​ൽ തേ​ങ്ങ​യും അ​രി​യും പ​ച്ച​ക്ക​റി​യും മു​ണ്ടും പ​ണ​വും​വ​ച്ച് ന​ൽ​കും. ഓ​ണ​പ്പാ​ട്ടും നാ​വോ​റും​പാ​ടി അ​വ​രി​റ​ങ്ങും. ഷൊ​ർ​ണൂ​രി​ന്‍റെ ഗ്രാ​മ​വീ​ഥി​ക​ളി​ലി​ന്നും ഇ​വ​രു​ടെ പാ​ട്ടി​ന്‍റെ ഈ​ണം സു​പ​രി​ചി​ത​മാ​ണ്.


77 കാ​ര​നാ​യ കു​ഞ്ചു​വും 62 കാ​രി​യാ​യ ത​ങ്ക​മ്മ​യും മ​ക്ക​ളാ​യ സി​നി​യും ആ​തി​ര​യും ആ​ര​തി​യു​മൊ​ന്നും സം​ഗീ​തം പ​ഠി​ച്ച​വ​ര​ല്ല. എ​ങ്കി​ലും തു​യി​ലു​ണ​ർ​ത്തു​പാ​ട്ടി​ന്‍റെ മാ​സ്മ​രി​കവാ​യ്ത്താ​രി​ക​ൾ ഇ​വ​ർ​ക്ക് മ​നോ​ഹ​ര​മാ​യി വ​ഴ​ങ്ങും. ഉ​പ​ജീ​വ​ന​ത്തി​നാ​യി മ​റു​നാ​ടു​ക​ളി​ലേ​ക്ക് ചേ​ക്കേ​റി​യ​വ​രെ​ല്ലാം ഓ​ണ​ത്തി​ന് ഒ​ത്തു​ചേ​രു​ന്ന​തി​നി​ട​യി​ലാ​വും തു​യി​ലു​ണ​ർ​ത്തു​പാ​ട്ടി​ന്‍റെ സ്വ​ര​മാ​ധു​രി​യു​മാ​യി ഇ​വ​രു​ടെ വ​ര​വ്. വീ​ഡി​യോ എ​ടു​ക്ക​ലാ​ണ് എ​ല്ലാവ​ർ​ക്കും പ്ര​ധാ​നം. ഇ​വ​ർ​ക്കുവേ​ണ്ടി നി​ന്നു കൊ​ടു​ക്കാ​ൻ ഈ ​വൃ​ദ്ധദ​മ്പ​തി​ക​ൾ​ക്ക് മ​ടി​യേ​തു​മി​ല്ല.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളു​ടെ ന​ന്മ​യു​ടെ പ്ര​തീ​കംകൂ​ടി​യാ​ണ് അ​ന്യംനി​ന്നു​കൊ​ണ്ടി​രി​ക്കുന്ന ​തു​യിലുണ​ർ​ത്തുപാ​ട്ട്.​ പു​തു​ത​ല​മു​റ​യ്ക്കുവേ​ണ്ടി​ വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​ന്ത്യ​ദ​ശ​യി​ലേ​ക്കു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​ഞ്ചു​വും ത​ങ്ക​മ്മ​യും പാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്... ഒ​രു നി​യോ​ഗംപോ​ലെ.

മംഗലം ശങ്കരൻകുട്ടി