ലെയോ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു
Wednesday, July 16, 2025 10:29 AM IST
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോ നഗരപ്രാന്തത്തിലെ ഡോൾട്ടണിലുള്ള വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു. വില്ലേജ് ബോർഡിന്റെ പ്രത്യേക യോഗം ഏകകണ്ഠമായി അംഗീകാരം നൽകിയതിനെത്തുടർന്ന് 3,75,000 ഡോളറിനാണ് (3.22 കോടി രൂപ) വീട് വിലയ്ക്കു വാങ്ങിയത്.
വീടും പരിസരവും ചരിത്രസ്മാരകമായി നിലനിർത്താനാണു തീരുമാനം. ഇതിന്റെ പരിപാലനത്തിന് ഉടൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ ജാസൻ ഹൗസ് അറിയിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ വ്യാവസായിക കുതിച്ചുചാട്ടത്തെത്തുടർന്നു മുമ്പ് സമ്പന്നമായ ഒരു ഗ്രാമമായിരുന്ന ഡോൾട്ടൺ 1980കൾ മുതൽ സാമ്പത്തികമായി തകർന്നു.
സാന്പത്തിക പരാധീനതകൾക്കിടെയാണ് വീട് ഏറ്റെടുക്കാനുള്ള തീരുമാനം. വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും സഹായിക്കുമെന്നാണ് റിപ്പോർട്ട്. മാർപാപ്പ ജനിച്ചുവളർന്ന ഭവനം നിരവധി ആളുകളെയാണ് ആകർഷിക്കുന്നതെന്നും ഇതു ഗ്രാമത്തിന് പുതിയ ഊർജവും ശ്രദ്ധയും കൊണ്ടുവരുന്നുവെന്നും ഏറെ സാധ്യതകളാണ് മുന്നിലുള്ളതെന്നും പ്രാദേശികഭരണകൂടം ഫേസ്ബുക്കിൽ കുറിച്ചു.
വീട് പലപ്പോഴായി മൂന്നു പേർ വാങ്ങിക്കുകയും കൈമാറുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ഇതു വാങ്ങിയ ഉടമ വിലപ്നയ്ക്കായി വച്ചിരിക്കേയാണ് ഇവിടെ ജനിച്ചുവളർന്ന കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റ് മേയ് എട്ടിന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ വീടിന്റെ വില്പന ഉടമ താത്കാലികമായി നിർത്തിവച്ചു. പിന്നാലെയാണു പ്രാദേശിക ഭരണകൂടം യോഗം ചേർന്ന് വീട് ഏറ്റെടുക്കാൻ തീരുമാനിച്ചത്.