ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ഷൈമോൻ തോട്ടുങ്കൽ
Saturday, October 11, 2025 3:02 PM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കുന്ന ബൈബിൾ കലോത്സവങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങളുടെ ഭാഗമായി ലണ്ടൻ റീജിയണൽ മത്സരങ്ങൾ റെയ്ലിയിലും സ്കോട്ലൻഡ് റീജിയണൽ മത്സരങ്ങൾ അബർഡീനിലും മാഞ്ചസ്റ്റർ റീജിയണൽ മത്സരങ്ങൾ മാഞ്ചെസ്റ്ററിലും ഇന്ന് നടക്കും.
കാന്റർബറി റീജിയണൽ മത്സരങ്ങൾ ഞായറാഴ്ച കാന്റർബറിയിലും നടക്കും. കഴിഞ്ഞ ശനിയാഴ്ച നടന്ന റീജിയണൽ മത്സരങ്ങളിൽ പ്രെസ്റ്റൻ റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം പ്രെസ്റ്റണിലെ സെന്റ് അൽഫോൻസ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ടീമും രണ്ടാം സ്ഥാനം ബ്ലാക്ക്ബേൺ സെന്റ് തോമസ് മിഷൻ ടീമും മൂന്നാം സ്ഥാനം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ടീമും യഥാക്രമം കരസ്ഥമാക്കി.

കേംബ്രിഡ്ജ് റീജിയണൽ മത്സരത്തിൽ ഒന്നാം സ്ഥാനം നോർവിച്ച് സെന്റ് തോമസ് മിഷൻ ടീമും രണ്ടാം സ്ഥാനം പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ്സ് മിഷൻ ടീമും മൂന്നാം സ്ഥാനം കേംബ്രിഡ്ജ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം മിഷൻ ടീമും കരസ്ഥമാക്കി.
എല്ലാ റീജിയണുകളുടെയും മത്സരങ്ങൾ ഈ മാസം 25ന് പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് 27ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്.

ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർഥികളാണ് നവംബർ 15ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്.
എപ്പാർക്കി തലത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള ഷോർട്ട് ഫിലിം ഞായറാഴ്ച രാത്രി 12ന് മുമ്പ് കിട്ടേണ്ടതാണെന്നും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.