ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ വരുന്നു
ജോസ് കുമ്പിളുവേലില്‍
Wednesday, October 15, 2025 7:44 AM IST
ബെർലിൻ: രാജ്യത്തെ വിദഗ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളുടെ കുടിയേറ്റ പ്രക്രിയ ലളിതമാക്കാൻ ജർമൻ ഫെഡറൽ കാബിനറ്റ് പുതിയ ഏജൻസിക്ക് അംഗീകാരം നൽകി. "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ എന്ന പേരിലായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.
ഓരോ വർഷവും ഏകദേശം നാല് ലക്ഷം വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള ജർമനിക്ക്, നിലവിലെ ഉദ്യോഗസ്ഥപരമായ കാലതാമസം കാരണം വിദേശികളെ ആകർഷിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യം മറികടക്കാനാണ് തൊഴിൽ മന്ത്രി ബെർബെൽ ബാസിന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി നടപ്പാക്കുന്നത്.
പുതിയ ഏജൻസി കുടിയേറ്റ പ്രക്രിയ ഡിജിറ്റൽവത്കരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കും. നിലവിൽ വീസ, താമസാനുമതി, തൊഴിൽ വിപണി പ്രവേശനം എന്നിവയ്ക്കായി പല സർക്കാർ ഓഫീസുകളിലൂടെ കടന്നുപോകേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കി, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രക്രിയ എളുപ്പമാക്കുന്ന ഏകജാലക സംവിധാനം ഒരുക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ലക്ഷ്യം.
വീസ, താമസം, ഭാഷാ കോഴ്സുകൾ തുടങ്ങിയ വിഷയങ്ങളിൽ പുതിയ ഏജൻസി കുടിയേറ്റക്കാർക്ക് സഹായം നൽകും. ഡിജിറ്റൽ വർക്ക് ആൻഡ് സ്റ്റേ ഏജൻസി’ വഴി, ജർമൻ തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് തടസമായിരുന്ന ഉദ്യോഗസ്ഥപരമായ തടസ്സങ്ങൾ ഞങ്ങൾ നീക്കം ചെയ്യുകയാണെന്ന് തൊഴിൽ മന്ത്രി ബെർബെൽ ബാസ് അറിയിച്ചു.
തൊഴിലാളി ക്ഷാമം രൂക്ഷമായ ജർമൻ സമ്പദ്വ്യവസ്ഥയ്ക്ക് ഈ നീക്കം ഉണർവ് നൽകുമെന്നും, വിദഗ്ധ തൊഴിലാളികൾക്ക് ജർമനിയിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലാകുമെന്നുമാണ് പ്രതീക്ഷ.