District News
മലപ്പുറം: സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയ സെക്കൻഡറി അധ്യാപകർക്കായി സിനർജി പഠനശിബിരം പരിശീലനവും അധ്യാപക സംഗമവും ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 84 സ്കൂളുകളിൽനിന്ന് 522 അധ്യാപകർ പങ്കെടുത്തു.
ഈ വർഷം നടപ്പാക്കുന്ന ത്രിഭാഷ പാഠ്യപദ്ധതി, കംപ്യൂട്ടേഷണൽ തിങ്കിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, കൗശൽ ബോധ്, കൗശൽ വികാസ് എന്നീ മേഖലകളിൽ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകി. ഒന്‍പത്, 10 ക്ലാസുകളിലെ കരിക്കുലം പരീക്ഷ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ പരിശീലനത്തിൽ അവതരിപ്പിച്ചു.
എലിസബത്ത് ചെറിയാൻ, ഉമാദേവി, പി. രാജൻ, പി. ഷനീർ, സി.ഡി. രമാദേവി, എം.എം. സനിത, അബ്ദുൾ നാസർ മേച്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പഠന ശിബിരം സെൻട്രൽ സഹോദയ വർക്കിംഗ് പ്രസിഡന്റ് ഫാ. ഡോ. തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. അനീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
സഹോദയ ഫിനാൻസ് സെക്രട്ടറി വി.എം. മനോജ് സ്വാഗതവും സഹോദയ ട്രെയിനിംഗ് കോ ഓർഡിനേറ്റർ യു.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സഹോദയ പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൾ ഹമീദ്, വി. റെനീഷ്, ഷിന്റോ ദേവസ്യ, സിസ്റ്റർ അർച്ചന എന്നിവർ സംബന്ധിച്ചു.
District News
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും എത്തിക്കുന്നതിനായി മഞ്ചേരി സാന്ത്വനം ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങി. എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി അല്‍ ഐദറൂസി കല്ലരട്ടിക്കല്‍ ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ പ്രധാന അറിയിപ്പുകള്, ദിവസേന ഒപി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്മെന്റുകളുടെ പട്ടിക, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍, ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ സേവന വിവരങ്ങള്‍, മറ്റ് പ്രധാന അപ്ഡേറ്റുകള് എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ വെങ്ങാട്, ജില്ലാ ഭാരവാഹികളായ ഷമീര്‍ മാസ്റ്റര്‍ കുറുപ്പത്ത്, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, ഫാറൂഖ് മാസ്റ്റര്‍ പള്ളിക്കല്‍, നജീബ് മാസ്റ്റര്‍ കല്ലരട്ടിക്കല്‍, സുല്‍ഫിക്കറലി സഖാഫി മലപ്പുറം, സുല്‍ഫീക്കര്‍ അരീക്കോട്, ലത്തീഫ് സഖാഫി പാണ്ടിക്കാട്.
സോണ്‍ ജനറല്‍ സെക്രട്ടറി സഫ്വാന് കൂടക്കര, ഭാരവാഹികളായ ഇ. കെ മുസ്തഫ പട്ടര്‍ക്കുളം, യൂസുഫ് മാസ്റ്റര്‍ പെരിമ്പലം, അബ്ദുല്‍ ലത്തീഫ് പാപ്പിനിപ്പാറ, ശംസുദ്ദീന്‍ വടക്കാങ്ങര, ബഷീര്‍ പുല്ലഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
District News
വണ്ടൂര്‍: വിതനശേരി എഎംഎല്‍പി സ്കൂള്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പാചകപ്പുരയും മന്ത്രി ഉദ്ഘാടനം ചെയ്തു.
സ്കൂളിനായി നിര്‍മിച്ച ചുറ്റുമതിലും അനുബന്ധ ഗേറ്റും വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അമൃത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്‍എസ്എസ് ലഭിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. പ്രധാന കവാടത്തിന്റെ ഉദ്ഘാടനം പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ നിര്‍വഹിച്ചു.
സ്കൂളില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് കെ.എം. ഷമീം അധ്യക്ഷത വഹിച്ചു.
അക്കാദമിക് മികവ് ലക്ഷ്യമാക്കി തയാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പോരൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പ്രകാശനം ചെയ്തു. പ്രധാനധ്യാപിക എം.ആര്. ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, എം.അബ്ദുള്‍ നാസര്‍, ഗിരീഷ് കാലടി, സ്കൂള്‍ മാനേജര്‍ അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ്, ബീന എന്നിവര്‍ പ്രസംഗിച്ചു.
Kerala
മലപ്പുറം: കൽപകഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. വടകര സ്വദേശി ബൽരാജ് ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കല്ലിങ്ങൽ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബൽരാജ്. ഇയാൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കിൽ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡിൽ എഴുതിപ്പിച്ചു.
കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടിൽ എത്തിച്ചു. രക്ഷിതാക്കൾ ആണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷനും കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
District News
നിലമ്പൂർ: വെളിയംതോട് ഓവുചാൽ-കലുങ്ക് നിർമാണം ഇഴയുന്നു. കെഎൻജി റോഡ് ഗതാഗതക്കുരുക്കിൽ. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
നിർമാണം ഏറ്റെടുത്തവരുടെ നിസംഗത കാരണമാണ് ഗതാഗത തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎൻജി റോഡിന്റെ നിലന്പൂർ വെളിയംതോട് ഭാഗത്തെ വ്യാപാരികളും യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.
മഴ പെയ്യുന്നതിനാൽ വെളിയംതോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറുന്നു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ റോഡിന്റെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളം കെട്ടിനിന്നതിനാൽ വ്യാപാരികളിൽ ചിലർ കടകൾ അടച്ചിടുകയായിരുന്നു. നിലന്പൂരിലെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം ഈ ഭാഗത്താണ്. മഴ പെയ്താൽ വർക്ഷോപ്പുകളിലേക്ക് വെള്ളം കയറും. ചന്തക്കുന്ന് മുതൽ നിലന്പൂർ താലൂക്ക് ഓഫീസ് ഭാഗം വരെയുള്ള കെഎൻജി റോഡിന്റെ ഭാഗങ്ങളിലാണ് ഓവുചാൽ -കലുങ്ക് നിർമാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്.
എന്നാൽ ഇവിടെ പണിയെടുക്കുന്നത് നാമമാത്രമായ തൊഴിലാളികൾ മാത്രം. 2018ലും 2019 ലും പ്രളയത്തിൽ വെള്ളം കയറി ഏറെ നഷ്ടം വ്യാപാരികൾക്ക് ഉൾപ്പെടെ ഉണ്ടായ പ്രദേശമാണിത്.
അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലാണ് കരാർ കന്പനിയുടെ ഇഷ്ടത്തിനനുസരിച്ച് പണി മന്ദഗതിയിൽ നടക്കുന്നതെന്ന് വെളിയംതോടിലെ വ്യാപാരികളും വർക്ഷോപ്പ് ഉടമകളും പറയുന്നു. ഓവുചാലിന് മതിയായ ഉയരമില്ലാത്തതും ഭാവിയിൽ പ്രശ്നമാകും.
നിലന്പൂരിൽനിന്ന് കരിന്പുഴക്ക് അഞ്ച് കിലോമീറ്ററിൽ താഴെയാണെങ്കിലും ഇത്രയും കുറഞ്ഞ ദൂരം കടക്കാൻ പലപ്പോഴും ഒരു മണിക്കൂറാണ് എടുക്കുന്നത്. അധികൃതർ ഇടപെട്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മങ്കട: മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്ക് തുടക്കമിട്ട് മഞ്ഞളാംകുഴി അലി എംഎല്‍എ. മങ്കട മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി സംഘടിപ്പിച്ച വികസന ചര്‍ച്ചകളില്‍ ജനപ്രതിനിധികളും വിവിധ മേഖലയിലെ നേതാക്കളും പങ്കെടുത്തു.
അടിയന്തരമായി നടപ്പാക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുമായ പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ്, ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍.
ഗതാഗതരംഗത്ത് വലിയ മാറ്റം ലക്ഷ്യമിട്ട് ഒരാടം പാലം വൈലോങ്ങര റോഡ്, ഒരാടം പാലം-മാനത്തുമംഗലം ബൈപാസ്, വൈലോങ്ങര-പാലോളിപ്പറമ്പ് ബൈപാസ്, മക്കരപ്പറമ്പ് ബൈപാസ്, കൊളത്തൂര്‍ ബൈപാസ് തുടങ്ങിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.
മണ്ഡലത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഗവണ്മെന്റ് ഐടിഐക്ക് പുതിയ കെട്ടിടം നിര്‍മിക്കും. മങ്കട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടവും പരിഗണനയിലുണ്ട്.
District News
കരുവാരകുണ്ട്: പറയൻമാട് ഉന്നതിയിൽ കാട്ടാനകൾ ഭീതി വിതച്ചു. കഴിഞ്ഞ ദിവസം ഉന്നതിയിലും പരിസരത്തുമെത്തിയ കാട്ടാനങ്ങൾ വ്യാപകമായ കൃഷി നശിപ്പിച്ചു. പകൽ സമയത്തുപോലും കാട്ടാനകൾ ഉന്നതിക്കു സമീപം നിലയുറപ്പിക്കുകയാണ്. അതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. ഇവർക്ക് സുരക്ഷിത വീടുകളുമില്ല.
കാട്ടാനകളിറങ്ങിയ വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വില്ലേജ്, പോലീസ്, വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാട്ടാനകളെ തുരത്താൻ സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്തില്ലെന്ന് സംഘം വിലയിരുത്തി. ഫെൻസിംഗ് നിർമാണം ആരംഭിക്കുമെന്നും തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
District News
മേലാറ്റൂര്‍: ഫിഫ ലോക കപ്പ് ആവേശം നിറച്ച് ലോകകപ്പ് എക്സ്പ്രസ് ഗോള്‍ വണ്ടി പര്യടനത്തിന് തുടക്കം. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി അജ്മലും കേരള വ്യാപാരി വ്യവസായി മേലാറ്റൂര്‍ യൂണിറ്റ് ഭാരവാഹികളും സംയുക്തമായി നടത്തുന്ന ലോകകപ്പ് എക്സ്പ്രസ് ഗോള്‍ വണ്ടിയാണ് പര്യടനം തുടങ്ങിയത്.
രണ്ട് ദിവസങ്ങളിലായി ഗോള്‍ വണ്ടി പ്രദേശത്ത് പര്യടനം നടത്തും. മേലാറ്റൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് ആഷിക് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ മേലാറ്റൂര്‍, ഉച്ചാരക്കടവ്, ചെമ്മാണിയോട്, ചുങ്കം, കാര്യവട്ടം, കാപ്പ്, വെട്ടത്തൂര്‍ എന്നീ അങ്ങാടികളിലാണ് പര്യടനം. ഒരാള്‍ക്ക് മൂന്നുതവണയാണ് ഗോളടിക്കാനുള്ള അവസരം.
വിജയികളാകുന്നവര്‍ക്ക് ജേഴ്സി സമ്മാനിക്കും. പ്രവചന മത്സരത്തില്‍ വിജയിക്കാവുന്ന ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് 10,001, 5,001, 3,001 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റംസീന മുജീബ് , വൈസ് പ്രസിഡന്റ് അജിത്ത് പ്രസാദ് ,
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എം. അബൂബക്കര്‍, മണ്ഡലം സെക്രട്ടറി മനോജ് കുമാര്‍, യൂത്ത് വിങ് പ്രസിഡന്റ്് സുബൈര്‍, ബാബു, ഹനീഫ, സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
വളാഞ്ചേരി: ഒരു ലക്ഷം രൂപയോളം വിലയുള്ള ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷ്ടിച്ച സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. പുന്നാംചോല പട്ടന്മാര് തൊടി വീട്ടില്‍ ജാഫറലി (42), അത്തിപ്പറ്റ പെരുമ്പറമ്പില്‍ ഷെമീര്‍ (43), മനക്കല്‍പ്പടി ചിറക്കല്‍ ഷെമീര്‍ (36), അത്തിപ്പറ്റ പാലശേരി വീട്ടില്‍ ഷറഫുദീന്‍ (38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാക്കളാണ് തിരൂര്‍ ഡിവൈഎസ്പി യുടെ കീഴിലുള്ള ഡാന്‍സഫ് ടീമിന്റെയും വളാഞ്ചേരി പോലീസിന്റെയും നീക്കങ്ങള്‍ക്കൊടുവില്‍ വലയിലായത്.
തുടര്‍ച്ചയായി പ്രദേശത്ത് മോഷണങ്ങള്‍ നടന്നതോടെ പ്രദേശ വാസികള്‍ ആശങ്കയിലായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും തന്നെ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നില്ല. കളവുകള്‍ നടത്തിയിരുന്ന മുന്‍ കുറ്റവാളികളെ നിരീക്ഷിച്ചും പഴയ പാത്രങ്ങളും ആക്രി സാധനങ്ങള്‍ വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസില്‍ തുമ്പായത്.
സമീപവാസിയായ യുവാവ് മാസങ്ങള്‍ക്ക് മുന്‍പ് കുറ്റിപ്പുറത്തെ ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇത്തരത്തില്‍ മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയതോടെ അയാളെയും കൂട്ടാളികളെയും തുടര്‍ച്ചയായി നിരീക്ഷിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു. ജാഫര്‍ അലിയാണ് മോഷണം നടത്തിയത്. മോഷണ മുതലുകള്‍ വളാഞ്ചേരിയിലും കുളത്തൂരുമായി വില്‍പ്പന നടത്താന്‍ സഹായിച്ചവരാണ് മറ്റുള്ളവര്‍.
വളാഞ്ചേരി എസ്ഐ നിര്‍മല്‍ മുരളി, തിരൂര്‍ ഡാന്‍സാഫ് ടീമിലെ എഎസ്ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സിപിഒമാരായ തോമസ്, റാഷിദ്, വിജയനന്ദു, അര്ജുന് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയോടെ മത്സരിച്ച അഞ്ചു സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മാനേജ്മെന്റ് പ്രതിനിധികളുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച വെട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈതലവി, മക്കരപ്പറന്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സയ്യിദ് അബുതങ്ങൾ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചിരി ഫാറൂഖ്, പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. സൈനുദീൻ എന്നിവരും ജീവനക്കാരുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച അരക്കുപറന്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. അഷ്റഫ് എന്നിവരാണ് വിജയിച്ചത്.
നിലവിൽ യുഡിഫ് വിജയിച്ചുവരുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം മാനേജ്മെന്റ് പ്രതിനിധികളുടെ മണ്ഡലങ്ങളും ഒന്ന് ജീവനക്കാരുടെ മണ്ഡലവുമാണ്. സ്റ്റാറ്റസ്കോ പ്രകാരം ആദ്യത്തെ നാലെണ്ണത്തിൽ രണ്ടെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ലീഗിനും ജീവനക്കാരുടെ മണ്ഡലം കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷനുമാണ് (സിഇഒ) നൽകാറുള്ളത്. ഇതിൽ സിഇഒ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിവരം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചതുമാണ്.
എന്നാൽ തന്റെ സ്വന്തക്കാരന് വേണ്ടി ജീവനക്കാരുടെ മണ്ഡലം ജീവനക്കാരിൽ 75 ശതമാനത്തോളം പ്രാതിനിധ്യമുള്ള സിഇഒയ്ക്ക് നൽകാതെ തങ്ങൾക്ക് വേണം എന്ന കോണ്‍ഗ്രസ് നേതാവിന്റെ പിടിവാശിയാണ് ഇപ്രാവശ്യം മുന്നണി സംവിധാനം തെറ്റാനുണ്ടായ കാരണമെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.
വിജയിച്ച സ്ഥാനാർഥികൾക്ക് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.എച്ച്. മുഹമ്മദ് മുസ്തഫ, സംസ്ഥാന സെക്രട്ടറി നൗഷാദ് പുളിക്കൽ, സിഇഒ ജില്ലാ സെക്രട്ടറി ഉസ്മാൻ തെക്കെത്ത്, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, സെക്രട്ടറി വി.എൻ. ലൈല, സിഇഒ താലൂക്ക്് പ്രസിഡന്റ് ഇ.കെ. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി നിയാസ് ബാബു, ട്രഷറർ അൻവർ കളത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും സഹകാരികളും ചേർന്ന് സ്വീകരണം നൽകി.
District News
വണ്ടൂർ: അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ കഞ്ചാവ് പൊതി കണ്ടെത്തി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വണ്ടൂർ കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ ബസ് കാത്തുനിന്നവർക്ക് നേരെ പാഞ്ഞടുത്ത് തൊട്ടടുത്ത കടയുടെ വരാന്തയിലേക്ക് കയറിനിന്നത്.
അപകടത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. വാണിയന്പലം ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചാണ് കടയുടെ വരാന്തയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുവയസുകാരിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെത്തുടർന്ന് നാട്ടുകാർ ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഫസ്റ്റ് എയ്ഡ് ബോക്സിൽ കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തി ഒട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
District News
മലപ്പുറം: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്. തീർപ്പാക്കാത്ത പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന "ജനസാക്ഷ്യം’ പരാതി പരിഹാര അദാലത്തിന് 13ന് തുടക്കമാകും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിത്യേന പരാതികളുമായി നിരവധി ആളുകൾ ജില്ലാ പഞ്ചായത്തിലും കളക്ടറേറ്റിലും എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതികൾ കേൾക്കാൻ അവരിലേക്ക് നേരിട്ടെത്തുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടിസ്ഥാനത്തിലാണ് അദാലത്തുകൾ നടക്കുക. നഗരസഭാ പരിധിയിലെ ജനങ്ങളെയും അദാലത്തിന്റെ ഭാഗമാക്കും. എല്ലാ അദാലത്തുകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഹെൽപ്പ് ഡഡ്ക്കുകൾ പ്രവർത്തിക്കും.
ജനസാക്ഷ്യം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ ഒന്‍പതിന് ആനക്കയം ഗ്രാമപഞ്ചായത്തിലെ ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി അധ്യക്ഷനായിരിക്കും.
കളക്ടർ ഡോ. വിനയ് ഗോയൽ പരാതികൾ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ്‍ ഷാഹിന നിയാസി, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പരാതി തീർപ്പാക്കാൻ ഉദ്യോഗസ്ഥരും
ജനസാക്ഷ്യം പരാതി പരിഹാര അദാലത്തിൽ പരാതികൾ തീർപ്പാക്കാൻ ജനപ്രതിനിധികൾക്കും ജില്ലാ കളക്ടർക്കും കൂടെ ഉദ്യോഗസ്ഥ സംഘവും എത്തും. ജില്ലാ പോലീസ് മേധാവി, സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടമാർ, തഹസിൽദാർ, തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, അഗ്രിക്കൾച്ചർ പ്രിൻസിപ്പൽ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ,
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർമാർ, വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയർ, തൊഴുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, കഐസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, സർവെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ,
ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ, ജില്ലാ രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ, ജില്ലാ ജിയോളജിസ്റ്റ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം അദാലത്തിൽ ഉണ്ടാകും.
District News
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തൊഴില്‍ മേഖലയില്‍ സ്തംഭനാവസ്ഥ. കടുവയെ ഭയന്ന് തൊഴിലാളികള്‍ ജോലിക്കെത്തുന്നില്ല. കര്‍ഷകര്‍ക്കിത് കനത്ത നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ വനം വകുപ്പ് അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് മലയോര ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയില്‍പ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് വനമേഖലയിലെ കര്‍ഷകരും തൊഴിലാളികളും അതീവ ജാഗ്രതയിലാണ്.
സന്ധ്യാസമയങ്ങളിലും പുലര്‍ച്ചെയുമുള്ള യാത്രകളും കാര്‍ഷിക ജോലികളും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കടുവയെ മുഖാമുഖം കണ്ടതോടെ വനവകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധനയും നിരീക്ഷണ തുടങ്ങി. പ്രദേശവാസികള്‍ അനാവശ്യമായി വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ പോകരുതെന്നാണ് കരുതല്‍ നിര്‍ദേശം.
ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. വനത്തോട് ചേര്‍ന്നുകിടക്കുന്ന കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളില്‍ അപകടകാരികളായ വന്യ ജീവികള്‍ തമ്പടിക്കാന്‍ സാധ്യതയേറെയാണ്. ഇത് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് മലയോര ജനജാഗ്രതാ സമിതി ഭാരവാഹികള്‍ പറഞ്ഞു.
കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം: മലയോര ജാഗ്രതാ സമിതി
കരുവാരക്കുണ്ട്: വന്യജീവികളുടെ സഞ്ചാരപാതകള്ക്ക് സമീപമുള്ള ഭൂമികളിലെ കുറ്റിക്കാടുകള്‍ നീക്കം ചെയ്യണമെന്ന് മലയോര ജാഗ്രതാ സമിതി. കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം.
രാത്രികാല പട്രോളിംഗ് വര്‍ധിപ്പിക്കണം. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലകളില്‍ ദീര്‍ഘകാല പരിഹാര നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ആവശ്യം. വനാതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുനനതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുകയും വേണമെന്നും ആവശ്യമുണ്ട്. യോഗത്തില്‍ ഒ.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
അയ്യൂബ് മേലേടത്ത്, മാനുവല്‍ കുട്ടി മണിമല, കുഞ്ഞിമോന് പുല്‍വെട്ട എന്നിവര്‍ പ്രസംഗിച്ചു.
District News
നിലമ്പൂര്‍: മലയോര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണത്തിലെ മെല്ലെപ്പോക്ക്. കിഫ്ബി ഫണ്ടില്‍ നിന്ന് 120 കോടി രൂപ ചിലവഴിച്ചാണ് നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണം.
മൈലാടിപാലം മുതല്‍ മൂലേപ്പാടം വരെ ഒരു റീച്ചും മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെ മറ്റൊരു റീച്ചുമാണ്. മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. എന്നാല്‍ നാമമാത്രമായ തൊഴിലാളികളുമായി മന്ദഗതിയിലാണ് പ്രവൃത്തി നടത്തുന്നത്. മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗത്തെ നിര്‍മാണത്തിന് 74 കോടി രൂപയാണ് ചിലവഴിക്കുന്നത്.
100 ലേറെ തൊഴിലാളികള്‍ പണിയെടുക്കേണ്ട പ്രവൃത്തിയാണ് അഞ്ചും പത്തും തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. എട്ടാം ബ്ലോക്ക് മുതല്‍ വെണ്ടേക്കുംപൊയില്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഈ ഭാഗത്തെ മൂന്ന് സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തി ഗതാഗത തടസം ഉണ്ടാവാത്ത സാഹചര്യം ഒരുക്കണമെന്ന നിര്‍ദേശവും നടപ്പാകാത്ത സ്ഥിതിയാണ്.
കഴിഞ്ഞ 25 മുതല്‍ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ 100 ല്‍ കുറയാത്ത തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്താമെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. കക്കാടം പൊയില്‍- നായാടംപൊയില്‍ വരെയുള്ള നാല് കിലോമീറ്ററിലെ നിര്‍മാണ പ്രവൃത്തി കരാര്‍ പ്രകാരം മെയ് 15ന് തീരേണ്ടതാണ്. എന്നാല്‍ പ്രവൃത്തി ഒന്നുമായില്ലെന്ന് മാത്രമല്ല. റോഡിന്റെ പല ഭാഗവും വെട്ടി പൊളിച്ചിട്ടിരിക്കുന്നത് വാഹന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയുമാണ്.
കെഎസ്ആര്‍ടിസി സര്‍വീസിനെ ബാധിക്കുമോയെന്ന് ആശങ്ക
നിലമ്പൂര്‍: നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണത്തിലെ മന്ദഗതി മലയോര മേഖലയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ കെഎസ്ആര്‍ടിസി സര്‍വീസിനെ ബാധിക്കുമോയെന്ന് ആശങ്ക. മന്ത്രി പി.കെ. ബഷീര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടെപടല്‍ നടത്തിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന സ്ഥിതിയാണ്.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അനീഷ് അഗസ്റ്റ്യന്റെ ഇടപെടലിനെ തുടര്ന്നാണ്റോഡ് തകര്‍ന്ന ഭാഗത്ത് മഴക്കാലത്ത് ഗതാഗതം തടസപ്പെടാതിരിക്കാന്‍ കോൺക്രീറ്റ് ചെയ്യാമെന്ന് കരാറുകാരന് ഉറപ്പ് നല്‍കിയത്. എന്നാല്‍ പണി ഒച്ച് ഇഴയും വേഗതയില്‍ തന്നെയാണിപ്പോഴും.
കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ് റോഡ് നിര്‍മാണ ചുമതല.
District News
മലപ്പുറം: മലപ്പുറം നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽഇഡി വിളക്കുകൾ മിഴിതുറന്നു. കോട്ടപ്പടി കിഴക്കേത്തല മുതൽ മച്ചിങ്ങൽ ജംഗ്ഷൻ വരെ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓണ്‍ കർമം ഉത്സവാന്തരീക്ഷത്തിൽ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പി. ഉബൈദുള്ള എംഎൽഎയുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 200 വാട്ട്സിന്റെ 55 അലങ്കാര വിളക്കുകളാണ് ഇതോടെ മിഴിതുറക്കുക.
മലപ്പുറം കുന്നുമ്മൽ, കോട്ടപ്പടി ഭാഗങ്ങളിലായി 200 വാട്ട്സിന്റെ 35 വിളക്കുകൾ ഉടൻ സ്ഥാപിക്കും. കിഴക്കേത്തല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ്‍ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി. ഉബൈദുള്ള മുഖ്യാതിഥിയായിരുന്നു.
വൈസ് ചെയർപേഴ്സണ്‍ ജിതേഷ് ജി. അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുള, മജീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, നാണത്ത് സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർമാരായ എം.കെ. അനിൽകുമാർ, കെ.കെ. ഉമ്മർ, സലീന ജാസ്മിൻ, റുക്സാന അൻസാർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: നാടുകാണി ചുരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളില്‍ മരം കടപുഴകി വീണു, ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പോത്തുകല്‍ എരുമമുണ്ട സ്വദേശി സോമി സെബാസ്റ്റിയന് (56) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇയാള്‍ വഴിക്കടവിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാവിലെ നാടുകാണി ചുരത്തില്‍ സംസ്ഥാന അതിര്‍ത്തിയിലായിരുന്നു അപകടം .
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക് വന്‍ മരം പൊട്ടി വീഴുകയായിരുന്നു. മരം വീണ് ലോറിയുടെ കാബിന് തകര്‍ന്നാണ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്.
ബംഗളുരുവില്‍ നിന്ന് പ്ലൈവുഡ് ലോഡുമായി പാലക്കാട്ടേക്ക് പോകുകയായിരുന്നു ലോറി. സ്ഥലത്തെത്തിയ നെല്ലിക്കുത്ത് സ്റ്റേഷനിലെ വനപാലകരും വഴിക്കടവ് സ്റ്റേഷനിലെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി.
District News
മഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുള്ള ചെരണി പാര്‍ക്കിന്റെ ഭൂമിയും നടത്തിപ്പും മഞ്ചേരി നഗരസഭക്ക് അടിയന്തരമായി തിരികെ നല്‍കണമെന്ന് പ്രമേയം.
51-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.പി. ഫിറോസ് അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്ഥിരംസമിതി ചെയര്പേഴ്സന് സക്കീര്‍ വല്ലാഞ്ചിറ പിന്തുണച്ചു. ചെരണി പാര്‍ക്ക് നിലകൊള്ളുന്ന ഭൂമി മഞ്ചേരി നഗരസഭയുടെ സ്വന്തം ആസ്തിയായിരുന്നു. പാര്‍ക്ക് നിര്‍മിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ സ്ഥലം വിട്ടുനല്‍കിയത്. നിര്‍മാണത്തിന് ശേഷം ഇത് നഗരസഭക്ക് തന്നെ കൈമാറണമെന്നായിരുന്നു തീരുമാനം.
പാര്‍ക്ക് നഗരസഭക്ക് തിരികെ ലഭിക്കുകയാണെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിനോദസൗകര്യങ്ങള്‍ ഒരുക്കാനും നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് വലിയ രീതിയിലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനും സാധിക്കും. പാര്‍ക്ക് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കുന്നതിലൂടെ അധിക വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നും ഈ തുക നഗരത്തിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പാര്‍ക്കിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും അടിയന്തരമായി നഗരസഭക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോടും ടൂറിസം വകുപ്പിനോടും ജില്ല കലക്ടറോടും നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
District News
മഞ്ചേരി : മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാമധേയത്തില്‍ മഞ്ചേരി കച്ചേരിപ്പടിയില്‍ സ്ഥാപിച്ച ബസ് ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിലേറെയായിട്ടും അവഗണനയില്‍.
സ്വകാര്യ ബസ് ഉടമകളുടെയും നഗരമധ്യത്തിലെ വ്യാപാരികളുടെയും സമ്മര്‍ദ്ദമാണ് 2012 നവംബറില്‍ ഉദ്ഘാടനം ചെയ്ത ഐജിബിടിയുടെ ദുരവസ്ഥക്ക് കാരണമെന്നാണ് ആരോപണം. ബസുകള്‍ നിര്‍ത്താനായി 22 ട്രാക്കുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ ആറെണ്ണം അഗ്നിരക്ഷാ സേനയാണ് ഉപയോഗിക്കുന്നത്.
ആറ് ട്രാക്കുകള്‍ കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ഉപയോഗിക്കുന്നു. അവശേഷിക്കുന്നവ ഉപയോഗമില്ലാതെ കിടക്കുകയാണ്. കോഴിക്കോട് ബസുകള്‍ യാത്രക്കാരെ കയറ്റി പോകുന്നുണ്ടെങ്കിലും തിരികെ ഐജിബിടിയില്‍ ഇറക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മതിയായ സൗകര്യമില്ലെന്നും ബസിലേക്ക് കയറുന്നതിനായി മഴയോ വെയിലോ കൊള്ളേണ്ട അവസ്ഥയാണുള്ളത്. കിഴക്കുഭാഗത്ത് അശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടത്തില്‍ കുടുംബശ്രീയുടെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടം സ്റ്റാന്റിലെത്തുന്ന ബസുകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായും പരാതിയുണ്ട്.
2012 ഡിസംബര്‍ 22ന് ഐജിബിടിയില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി സ്റ്റേഷന്മാസ്റ്റര് ഓഫീസ് 2017ല്‍ ഒരു മുന്നറിയിപ്പും കൂടാതെ അടച്ചുപൂട്ടുകയായിരുന്നു. ബസ് സ്റ്റാന്റിലേക്കുള്ള റോഡ് സ്ഥലത്തെ സ്വകാര്യ വസ്ത്ര വില്‍പ്പന ശാല കൈയ്യേറിയതായും ജനതാദള്‍ സെക്യുലര്‍ ജില്ലാ പ്രസിഡന്റ് സി.ടി. രാജു താലൂക്ക് വികസന സമിതിയില്‍ പരാതി നല്കി. കോടികള്‍ മുടക്കി സ്ഥാപിച്ച ഐജിബിടിയുടെ ദുരവസ്ഥക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
District News
നിലമ്പൂർ: കനത്ത മഴയിലും മണ്ണ് മാഫിയാ സംഘം സജീവം. മണ്ണ് കടത്തുകയായിരുന്ന ടിപ്പർ ലോറിയും മണ്ണിടിക്കുകയായിരുന്ന ജെസിബിയും റവന്യു അധികൃതർ പിടിച്ചെടുത്തു. മഴയുടെ മറവിൽ മണ്ണ് കടത്തുന്നുവെന്ന വിവരം ലഭിച്ചതോടെ മന്പാട് വില്ലേജ് ഓഫീസർ ബി.സി. ബിജുവിന്റെയും വിഎഫ്എ അബ്ദുൾഖാദർ എന്നിവരുടെ നേതൃത്വത്തിലാണ് ടിപ്പർ ലോറിയും ജെസിബിയും പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മന്പാട് തൃക്കൈക്കുത്ത് പുല്ലോട് വായനശാലയ്ക്ക് സമീപത്തുനിന്നാണ് മണ്ണുമായി വരികയായിരുന്ന ടിപ്പർ ലോറി പിടികൂടിയത്. സംഘത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്പാട് - വണ്ടൂർ വില്ലേജ് അതിർത്തിയിൽ വണ്ടൂർ വില്ലേജ് പരിധിയിലുള്ള സ്ഥലത്തുനിന്ന് അനുമതിയില്ലാതെ മണ്ണിടിക്കുകയായിരുന്ന ജെസിബി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
രണ്ട് വാഹനങ്ങളും നിലന്പൂർ താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.
മഴയുടെ മറവിലും മണ്ണ് മാഫിയ സംഘം മേഖലയിൽ സജീവമാണ്. ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് മലവാരത്തിൽ എട്ടാം ബ്ലോക്കിലും കുന്നിടിച്ച് റോഡ് നിർമാണം നടക്കുന്നുണ്ട്. പുള്ളിപ്പാടം വില്ലേജ് പരിധിയിൽ ഉൾപ്പെട്ട സ്ഥലമാണിത്.
അനധികൃത കുന്നിടിക്കലിനും റോഡ് നിർമാണത്തിനുമെതിരേ ജനങ്ങൾ പരാതി നൽകിയിട്ടും പുള്ളിപ്പാടം വില്ലേജ് അധികൃതർ മൗനം തുടരുകയാണ്. നിലന്പൂർ താലൂക്ക് പരിധിയിൽ മണ്ണ് മാഫിയ സംഘം സജീവമാണ്.
District News
മഞ്ചേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 23,760 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേരി വട്ടപ്പാറ കൊണ്ടോട്ടിപ്പറന്പൻ സക്കറിയ (47) യെ പോലീസ് അറസ്റ്റ് ചെയ്തു.
വിൽപ്പനയ്ക്കായി ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിൽപ്പന നടത്തുന്നതിന് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചതായിരുന്നു ഇവ. പരിശോധനയിൽ 4,800 പാക്കറ്റ് ഹാൻസ്, 960 പാക്കറ്റ് കൂൾ, 9,000 പാക്കറ്റ് വിമൽ, 9000 പാക്കറ്റ് വി-ഐ എന്നിവ ഉൾപ്പെടെയുള്ള പുകയില ഉത്പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
എസ്ഐമാരായ അഖിൽരാജ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീഹരി, കൃഷ്ണദാസ്, സിപിഒമാരായ ഉബൈദുള്ള, സജീർ, നബീല എന്നിവരാണ് പരിശോധന നടത്തയത്.
നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉറവിടം, വിതരണ ശൃംഖല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഉൗർജിതമായി തുടരുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ മനോജ് കെ. ഗോപി അറിയിച്ചു.
District News
നിലന്പൂർ: നിലന്പൂർ മാനവേദൻ സ്കൂളിൽ പതിനെട്ടരക്കോടി രൂപ ചെലവിട്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമിച്ച സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ഗവേണിംഗ് കമ്മിറ്റിക്ക് കൈമാറാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സ്പോർട്സ് ഡയറക്ടറേറ്റ്, നിലന്പൂർ നഗരസഭ, മാനവേദൻ സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ ഭാരവാഹികൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
സ്റ്റേഡിയത്തിന്റെ പൂർത്തിയാകാത്ത ഗാലറിയുടെയും ഡ്രൈനേജിന്റെയും നിർമാണം ഉടൻ ആരംഭിക്കാനും അറ്റകുറ്റപ്പണികൾ നടപ്പാക്കാനും നിർമാണ ഏജൻസിയായ കിറ്റ്കോക്ക് നിർദേശം നൽകി. ഇതിനാവശ്യമായ ഫണ്ട് കിഫ്ബിയിൽനിന്നോ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓണ്‍ ഫണ്ടിൽനിന്നോ വകയിരുത്തും.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ രക്ഷാധികാരിയും നഗരസഭാ ചെയർപേഴ്സണ്‍ പ്രസിഡന്റും നഗരസഭാ സെക്രട്ടറി സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, സെക്രട്ടറി, മാനവേദൻ സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ജില്ലാ കളക്ടറുടെ പ്രതിനിധി, സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധി, രണ്ട് കായിക താരങ്ങൾ, പിടിഎ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ ഗവേണിംഗ് കമ്മിറ്റിക്കായിരിക്കും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല.
2019ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം ഏഴ് വർഷമായിട്ടും കൈമാറാത്തത് പ്രതിസന്ധിയായിരുന്നു. സ്റ്റേഡിയം കൈമാറാത്തത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യം പ്രത്യേകമായി പരിശോധിച്ച് ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് സ്പോർട്സ് യുവജനക്ഷേ മന്ത്രി ഒ.ജെ. ജനീഷ് മറുപടി നൽകിയത്.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, സ്പോർട്സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ദീപേഷ്, ്റ് എം. ബൈജു ജോണ്‍, കൗണ്‍സിർമാരായ ടി.ടി. റജീന, എം.ഷിഹാബ്, പ്രിൻസിപ്പൽ അനിൽ പീറ്റർ, ഹെഡ്മാസ്റ്റർ എ. അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് പാറപ്പുറവൻ മുജീബ് റഹ്മാൻ, എസ്എംസി ചെയർമാൻ കോയ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു.
District News
മഞ്ചേരി: ജില്ലയിൽ തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് നഷ്ടപരിഹാരമായി 14,23,704 രൂപ നൽകാൻ ഉത്തരവായി സർക്കാരിലേക്ക് ശിപാർശ ചെയ്തു. പരിഗണിച്ച 52 പരാതികളിൽ 36 എണ്ണത്തിലാണ് ശിപാർശ.
ജില്ല നിയമസേവന അഥോറിറ്റി സെക്രട്ടറി ചെയർപേഴ്സണും ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയുടെ (എസ്ഡിവിസിആർസി) സിറ്റിംഗിലാണ് ഉത്തരവ്.
ജില്ലാ നിയമസേവന അഥോറിറ്റി ഹാളിൽ നടന്ന സിറ്റിംഗിൽ അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ്, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പ്രതിനിധി അസിസ്റ്റന്റ് ഡയറക്ടർ ബിബിൻ ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൗക്കത്തലി വടക്കുന്പാടം എന്നിവർ പങ്കെടുത്തു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽ തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയാണ്.
തെരുവുനായ ആക്രമണമുണ്ടായാൽ നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ല നിയമസേവന അഥോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ പൊതുജനങ്ങൾക്ക് ഹരജി നൽകാം. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികൾ ജില്ലാ നിയമസേവന അഥോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്. കൂടുതൽവിവരങ്ങൾക്ക് 9188127501 എന്ന നന്പറിൽ ജില്ലാ നിയമസേവന അഥോറിറ്റിയുമായി ബന്ധപ്പെടണം.
പട്ടാപ്പകൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇന്നലെ പെരിന്തൽമണ്ണ വലിയങ്ങാടി ചെന്പൻകുന്ന് റോഡിൽ കിഴിശേരി റഷീദിന്റെ വിദേശ ഇനത്തിൽപ്പെട്ട വിലപിടിപ്പുള്ള ഈജിപ്ഷൻ ഫയോമി കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു.
ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് ദാരുണമായ സംഭവം നടന്നത്. വില കൂടിയതും വിദേശ ഇനത്തിൽപ്പെട്ടതുമായ കോഴികളെ മുന്‍പും നായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നതായി മുൻ പ്രവാസിയും കോഴി കർഷകനുമായ റഷീദ് കിഴിശേരി പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷം സ്കൂൾ വിട്ട് വന്ന കുട്ടി വീടിന്റെ ഗേറ്റ് തുറന്നിട്ടതോടെയാണ് നായ്ക്കൾ ഉള്ളിലേക്ക് പ്രവേശിച്ചത്. പറന്പിൽ തുറന്നുവിട്ട നൂറിലേറെ കോഴികളിൽ പത്തിലധികം കോഴികളെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണ്.
District News
നിലമ്പൂര്‍: അമൃത് ഭാരത് റെയില്‍വേ സ്റ്റേഷന്റെ പ്രഖ്യാപന ഉദ്ഘാടനം ഈ മാസം തന്നെ നടത്താന്‍ മുന്നൊരുക്കം. നിര്‍മാണ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റാവുത്ത് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചു.
റെയില്‍വേ സ്റ്റേഷന് മുന്‍ഭാഗത്തുള്ള നിര്‍മാണ പ്രവൃത്തിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പ്രവൃത്തി പൂര്‍ത്തിയാക്കി ഈ മാസം തന്നെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. നിലമ്പൂര്‍ പാതയില്‍ അങ്ങാടിപ്പുറം, മേലാറ്റൂര്‍, വാണിയമ്പലം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തി. കുലുക്കല്ലൂര്‍ സ്റ്റേഷനില്‍ പുതിയതായി ക്രോസിംഗ് സൗകര്യം തുടങ്ങിയിട്ടുണ്ട്.
മേലാറ്റൂരിലും ക്രോസിംഗ് സൗകര്യം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. ഡിആര്എമ്മിനൊപ്പം സീനിയര്‍ ഡിവിഷണല്‍ എൻജിനിയര്‍ കോ-ഓര്‍ഡിനേഷന്‍ മുഹമ്മദ് ഇസ്ലം, സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ ബാലസുബ്രഹ്മണ്യന്, ഡിവിഷണല്‍ ഓപ്പറേഷന് മാനേജര്‍ മിഥുന് ഇ. സോമരാജന് എന്നിവരും വിവിധ സെക്ഷന്‍ ഓഫീസര്‍മാരും ഉണ്ടായിരുന്നു.
District News
താഴെക്കോട്: തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന അണ്ടര്‍-23 ഗുസ്തി സെലക്ഷന് ട്രയല്‍സില്‍ മികവ് തെളിയിച്ച് താഴെക്കോട് സ്വദേശിനികളായ കെ.അഫ്ല ഷെറിനും എം.പി. ഫാത്തിമ ഷിഫയും ദേശീയ അണ്ടര്‍-23 ഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.
62 കിലോ വിഭാഗത്തില്‍ മത്സരിച്ച അഫ്ല ഷെറിനും 65 കിലോ വിഭാഗത്തില്‍ മത്സരിച്ച ഫാത്തിമ ഷിഫയും ഒന്നാമതെത്തിയാണ് കേരള ടീമില്‍ ഇടം നേടിയത്.
10, 11 തീയതികളില്‍ ഹരിയാനയില്‍ നടക്കുന്ന ദേശീയ അണ്ടര്‍-23 ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് ഇരുവരും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുക.
താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. അഫ്ല ഷെറിന് താഴെക്കോട് കൂരി ബഷീര്‍ - സനൂജ ദമ്പതികളുടെ മകളാണ്. അരക്കുപറമ്പിലെ മാടംപാറ ഉണ്ണീന്‍കുട്ടി - ആസ്യ എ.കെ ദമ്പതികളുടെ മകളാണ് ഫാത്തിമ ഷിഫ.
District News
പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോൾ ജ്വരവുമായി പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ സംഘടിപ്പിച്ച ലോകകപ്പ് ഫാൻസ് മത്സരങ്ങൾ വിദ്യാർഥികൾക്ക് ആവേശമായി.
പ്രിൻസിപ്പൽ പി. ഹരിദാസ് കിക്കോഫ് നിർവഹിച്ചതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഫാൻസ് ജഴ്സി ധരിച്ചാണ് വിദ്യാലയത്തിലെത്തിയത്. എൽപി വിദ്യാർഥികൾക്കായി ഷൂട്ടൗട്ട് മത്സരമാണ് സംഘടിപ്പിച്ചത്.
യുപി വിഭാഗത്തിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായി. ഹൈസ്കൂൾ വിഭാഗത്തിൽ നടന്ന പോരാട്ടത്തിൽ അർജന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ വിജയിച്ചു.
ഹയർ സെക്കൻഡറി മത്സരത്തിൽ ബ്രസീലിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ ചാന്പ്യൻമാരായി. കായിക അധ്യാപകരായ വിനീഷ് കൃഷ്ണൻ, ഹരികുമാർ, അധ്യാപകരായ ടി.പി. ലിബിൻ, യു. ജിജേഷ് കുമാർ, കശ്യപ് എസ്. നാരായണൻ, ദീപക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
District News
മലപ്പുറം: പഠിച്ച വിദ്യാലയം കാണാൻ വിദ്യാഭ്യാസ മന്ത്രിയെത്തി. പറവണ്ണ സ്കൂളിൽ സ്വീകരണം നൽകി. വെട്ടം ഗ്രാമപഞ്ചായത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പറവണ്ണ ജിഎം യുപി സ്കൂളിൽ പഠിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വിദ്യാലയത്തിലെ പൂർവ വിദ്യാർഥി എൻ. ഷംസുദീന്‍ സ്കൂളിൽ വൻ സ്വീകരണമാണ് ഒരുക്കിയത്.
കുട്ടികളിലെ തൊഴിൽ നൈപുണി വികസിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്കൂളിന്റെ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എൽഎസ്എസ് വിജയികൾ, എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളിലെ മികച്ച വിദ്യാർഥികൾ, സ്കൂളിലെ പൂർവവിദ്യാർഥിയും ചിത്രകാരനുമായ കെ.പി. വാഹിദ് എന്നിവരെ മന്ത്രി അനുമോദിച്ചു.
ക്രിയേറ്റീവ് കോർണറുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം എസ്എസ്കെ ഡിപിഒ എം.ഡി. മഹേഷ് നിർവഹിച്ചു. തുടർന്ന് വിദ്യാലയം തയാറാക്കിയ സകൂൾ അക്കാഡമിക് കലണ്ടറിന്റെ പ്രകാശനം ശബ്ന കുളങ്ങരവീട്ടിലും തനത് പദ്ധതിയായ അക്ഷര മധുരം പ്ലസിന്റെ മൊഡ്യൂൾ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സക്കീനയും അക്കാഡമിക മാസ്റ്റർപ്ലാന്റെ പ്രകാശനം വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറന്പിലും നിർവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുസിയാദ്, വെട്ടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വി.പി.നുസൈബാനു, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെന്പർ പി. സിദീഖ്, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.പി. രാജേഷ്, തിരൂർ എഇഒ ആർ.പി. ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തേഞ്ഞിപ്പലം: പെരുവള്ളൂരിന് സമീപം കരുവാങ്കല്ലിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പുളിയൻ പറന്പ് വാർഡിലെ കരുവാങ്കല്ല് ടൗണിലാണ് സംഭവം. പ്രദേശത്തെ ഷെരീഫിന്റെ വീടിന് സമീപത്തായി നിർത്തിയിട്ടിരുന്ന ലോറിക്കാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്.
അപകടത്തിൽ ആളപായമില്ല. ലോറി കത്തി നശിച്ച നിലയിലാണ്. അപകടസമയം ലോറിയിൽ ചരക്കുകളോ മറ്റു സാധനങ്ങളോ ഇല്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശവാസികൾ ചേർന്നാണ് തീയണച്ചത്.
District News
പുറത്തൂർ: പുറത്തൂരിൽ ജനവാസമേഖലയിൽ ലഹരിമാഫിയാ സംഘത്തിന്റെ അഴിഞ്ഞാട്ടം. ചിറക്കലങ്ങാടിയിൽ ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ശേഷമാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
അഞ്ചുവീടുകൾക്ക് നേരേ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ മൂന്നംഗസംഘം വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ടിരുന്ന അഞ്ചു ബൈക്കുകളും മൂന്ന് കാറുകളും അടിച്ചുതകർത്തു. അക്രമം തടയാൻ ശ്രമിച്ച വീട്ടുകാരായ മൂന്ന് പേർക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറക്കലങ്ങാടി പൂളക്കൽ കുഞ്ഞിമുഹമ്മദിന്റെ മക്കളായ റസാഖ്, അസറു, വാരിജാക്ഷൻ, സുമേഷ് എന്നിവരുടെ വീടുകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. പുലർച്ചെ ലോകകപ്പ് മത്സരം കാണുകയായിരുന്ന ക്ലബിന് സമീപത്തുവച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിന് പിന്നാലെ വടിവാൾ, കോടാലി, ഇരുന്പുവടികൾ എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമിസംഘം വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും ലഹരിമാഫിയയുടെ പ്രധാന കണ്ണിയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് നാട്ടുകാർ പറയുന്നു.
ഇയാളുടെയും സംഘത്തിന്റെയും ഭീഷണി മൂലം പരാതിപ്പെടാൻ പോലും നാട്ടുകാർ ഭയപ്പെടുകയാണ്.
ലഹരി മാഫിയക്കെതിരേ കടുത്ത നടപടിയുണ്ടാകും: വി.എസ്. ജോയ് എംഎൽഎ
പുറത്തൂർ: ലഹരി മാഫിയ സംഘങ്ങളെ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അക്രമികൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വി.എസ്. ജോയ് എംഎൽഎ പറഞ്ഞു.
ആക്രമണം നടന്ന വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഈ അക്രമം.
ലഹരിസംഘങ്ങളെ അടിച്ചമർത്തുക എന്നത് സർക്കാരിന്റെയും പോലീസിന്റെയും പ്രഖ്യാപിത നയമാണ്. ഈ കേസിലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതികൾക്കായി തെരച്ചിൽ ഉൗർജിതമാക്കാൻ തിരൂർ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഹരിസംഘങ്ങൾക്കെതിരേ നാട്ടുകാരുടെ വലിയ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും എംഎൽഎ പറഞ്ഞു.
District News
കരുവാരകുണ്ട്: കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപം വീണ്ടും കടുവയുടെ സാന്നിധ്യം. കേരള എസ്റ്റേറ്റ് സി ഡിവിഷൻ കുനിയൻമാട്ടിലാണ് വെള്ളിയാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളികൾ കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽപ്പെടാതെ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്ലാലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രദേശത്ത് പരിശോധന നടത്തി.
മലയോരത്ത് അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ല. കടുവയെ കണ്ട ഭാഗങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും പ്രദേശത്ത് കടുവയെ കാണപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡിഎഫ്ഒ ഓർമിപ്പിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിൽ വനംവകുപ്പ് കരുവാരകുണ്ടിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയിരുന്നു. കരുവാരകുണ്ടിന്റെ മലയോര കൃഷിയിടങ്ങളിൽ കടുവകൾ ഇനിയുമുണ്ടെന്ന് കർഷകരും കർഷകത്തൊഴിലാളികളും അന്ന്
ചൂണ്ടിക്കാട്ടിയിരുന്നു.
സൈലന്റ്വാലി വനമേഖലയിൽനിന്നാണ് കാട്ടുമൃഗങ്ങൾ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി വിതക്കുന്നതെന്ന് വർഷങ്ങൾക്കു മുന്‍പേ മലയോരജനത വ്യക്തമാക്കിയിട്ടുള്ളതാണ്. സൈലന്റ് വാലി വനമേഖലയിൽനിന്ന് കൂന്പൻ മലയിടുക്ക് വഴിയും കൽകുണ്ട് മണലിയാംപാടം വഴിയും എളുപ്പത്തിൽ കരുവാരകുണ്ടിന്റെ മലയോരത്ത് കടുവകൾക്ക് എത്തിപ്പെടാമെന്നും മലയോരകർഷകർ പറയുന്നു.
ഒരു വർഷം മുന്‍പ് സമീപ പ്രദേശമായ കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനെ കടുവ പിടികൂടി കൊലപ്പെടുത്തിയതോടെയാണ് അധികൃതർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. കടുവയെ പിടികൂടാൻ കരുവാരകുണ്ടിൽ സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലിയും കുടുങ്ങിയിരുന്നു.
പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യമുണ്ടെന്നും വളർത്തുമൃഗങ്ങളെ ഇവ ഇരയാക്കുന്നുണ്ടെന്നും നാട്ടുകാർ വനപാലകരെ നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാൽ വനംവകുപ്പ് അധികൃതർ ഇത് അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം കേരള എസ്റ്റേറ്റ് എ ഡിവിഷന് സമീപം തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിനിയെ കടുവ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കേരള എസ്റ്റേറ്റിൽ കടുവയെ കണ്ടതായുള്ള വാർത്ത പരന്നതോടെ തൊഴിലിടങ്ങളിൽ പണിയെടുത്ത തൊഴിലാളികൾ ജോലി നിർത്തി പോകേണ്ട സാഹചര്യവും ഉണ്ടായി.
റബറിന് മെച്ചപ്പെട്ട വില ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടാപ്പിംഗ് നിലക്കുന്നത് കർഷകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇടയ്ക്കിട മേഖലയിൽ കടുവയുടെ സാന്നിധ്യം അനുഭവപ്പെടുന്നത് മലയോരജനതയെ തെല്ലൊന്നുമല്ല ആശങ്കയിലാക്കുന്നത്.
District News
മലപ്പുറം: സാമൂഹ്യ വനവത്കരണ വിഭാഗം, ജില്ലയിൽ രജിസ്റ്റർ ചെയ്ത സ്കൂൾ ഫോറസ്ട്രി ക്ലബ്ബുകളിലെ ഗ്രീൻ കണ്‍സർവേറ്റർമാർ, അസിസ്റ്റന്റ് ഗ്രീൻ കണ്‍സർവേറ്റർമാർ എന്നിവർക്കായി ശില്പശാലയും കേരള വനം,വന്യജീവി വകുപ്പിന്റെ ഒൗദ്യോഗിക ഫോറസ്ട്രി ക്ലബ് ലോഗോയുടെ വിതരണവും മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ടൗണ്‍ ഹാളിൽ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി ഉദ്ഘാടനം ചെയ്തു.
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ.എ. മുഹമ്മദ് സൈനുൽ ആബിദിൻ അധ്യക്ഷത വഹിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലന്പൂർ സൗത്ത് ഡിവിഷൻ, ജി. ധനിക്ലാൽ, മുനിസിപ്പൽ കൗണ്‍സിലർ യമുന, 2025 വനമിത്ര പുരസ്കാര ജേതാവ് ജോളി ജോസഫ്, കോഴിക്കോട് വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.പി. ജയപ്രകാശ്,
നാഷണൽ ഗ്രീൻ ക്രോപ്സ് ജില്ലാ കോ ഓർഡിനേറ്റർ ഒ. ഹമീദലി, മറ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഫോറസ്ട്രി ക്ലബുകളുടെ ലോഗോ വിതരണം നഗരസഭാ വൈസ് ചെയർമാൻ ജി. ജിതേഷ് അനിൽ നിർവഹിച്ചു.
വനമിത്ര അവാർഡ് ജേതാവായ ജോളി ജോസഫിനെ ചടങ്ങിൽ ആദരിച്ചു. വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
District News
മലപ്പുറം: കോട്ടക്കൽ പുത്തൂർ -ചെനക്കൽ ബൈപാസ് മൂന്നാംഘട്ട നിർമാണ നടപടികൾ വേഗമാക്കുന്നതിന്റെ ഭാഗമായി ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ എന്നിവർ നിർദിഷ്ട സ്ഥലം സന്ദർശിച്ചു.
ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗമാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എംഎൽഎ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.
ബൈപാസിന്റെ ഫീസിബിലിറ്റി പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ മന്ത്രി നിർദേശിച്ചിരുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകൾ ഉണ്ടെങ്കിൽ പരിഹാരം കണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇതിനെത്തുടർന്നാണ് കളക്ടറും എംഎൽഎയും സ്ഥലം സന്ദർശിച്ചത്.
കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ, സ്ഥിരം സമിതി അധ്യക്ഷരായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, അബ്ദു മങ്ങാടൻ, കൗണ്‍സിലർ നാസർ തയ്യിൽ, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കളക്ടർ സനീറ,
പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ. ജയൻ, അസിസ്റ്റന്റ് എൻജിനിയർ ശ്രീലക്ഷ്മി, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ വി. ജോയ് തുടങ്ങി പൊതുമരാമത്ത്, റവന്യു ഭൂമി ഏറ്റെടുക്കൽ വിഭാഗം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എന്നി വരും പങ്കെടുത്തു.
District News
എടക്കര: തന്റെ വാർഡിലെ മുഴുവൻ ആളുകൾക്കും സ്വന്തം ചെലവിൽ വയനാടിന്റെ ഭംഗി ആസ്വദിക്കാൻ അവസരമെരുക്കി ഗ്രാമപഞ്ചായത്ത് അംഗം.പോത്തുകൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ കോടാലിപ്പൊയിൽ വാർഡംഗവുമായ ആക്കപ്പറന്പൻ സാദിഖലിയാണ് തന്റെ വാർഡിലെ 55 വയസ് കഴിഞ്ഞ 147 പേർക്ക് വയനാടിന്റെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കിയത്. പോത്തുകൽ വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറായിരുന്നു സംഘത്തെ നയിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് മൂന്ന് ടൂറിസ്റ്റ് ബസുകളിലായാണ് ഇവർ പേത്തുകല്ലിൽനിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര പോയത്. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. അരീക്കോട് -മുക്കം- താമരശേരി ചുരം വഴിയായിരുന്നു യാത്ര. മുക്കത്തായിരുന്നു പ്രഭാതഭക്ഷണം ഒരുക്കിയിരുന്നത്. തുടർന്ന് താമരശേരി ചുരം കയറി വയനാട്ടിലെത്തി. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമലയും ചൂരൽ മലയിലെ ബെയ്ലി പാലവുമാണ് ആദ്യം സംഘം സന്ദർശിച്ചത്. തുടർന്ന് അന്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങൾ സന്ദർശിച്ചു.
രാത്രി പത്തോടെ വിനോദയാത്രാ സംഘം നാട്ടിൽ തിരിച്ചെത്തി. നാട്ടിൽനിന്ന് തയാറാക്കി കൊണ്ടുപോയ ചിക്കൻ ബിരിയാണിയായിരുന്നു ഉച്ചഭക്ഷണം. രാത്രി ചപ്പാത്തിയും. നാടുകാണിച്ചുരം വഴിയാണ് സംഘം തിരികേ നാട്ടിലെത്തിയത്.
തികച്ചും ഗ്രാമീണ മേഖലയായ കോടാലിപ്പൊയിൽ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാരായിരുന്നു സംഘത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. ജീവിതസാഹചര്യങ്ങളാൽ സ്വന്തം നാട് വിട്ട് പുറംലോകം കാണാൻ സാധിക്കാത്ത ഇവർക്ക് തങ്ങളുടെ ജനപ്രതിനിധിയോടൊപ്പം നടത്തിയ വിനോദയാത്ര നവ്യാനുഭവമായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സറഫുന്നീസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, മുതുകുളം വാർഡംഗം ശാന്ത, അന്പിട്ടാംപൊട്ടി വാർഡംഗം റുബീന കിണറ്റിങ്ങൽ, ഉപ്പട വാർഡംഗം റസിയ എന്നിവരും യാത്രാസംഘത്തിലുണ്ടായിരുന്നു.
District News
മഞ്ചേരി: പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃക്കലങ്ങോട്-വണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി സി.പി. ജോണിന് നിവേദനം നല്കി.
തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. ഷാജഹാന്, മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.ടി. ലത്തീഫ് എന്നിവരാണ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം കൈമാറിയത്.
മഞ്ചേരി-എളങ്കൂര്‍-പെരിന്തല്‍മണ്ണ, മഞ്ചേരി-ചെറുകുളം-വണ്ടൂര്‍ എന്നീ രണ്ട് പുതിയ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ ഈ ഗ്രാമപ്രദേശങ്ങളില്‍ മതിയായ ബസ് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതം ഏറെയും. സ്ഥിരം സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.
ഈ റൂട്ടുകളില്‍ സ്ഥിരം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുകയോ ഗ്രാമവണ്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍വീസ് നടത്തുകയോ ചെയ്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി.
District News
മലപ്പുറം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ പ്രധാന ഘട്ടത്തിലെ അവസാനത്തേതും മൂന്നാമത്തേതുമായ മെറിറ്റ് ക്വാട്ടയുടെ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ പുതുതായി 18,987 പേർക്കു കൂടി അവസരം. ഇതോടെ ഒന്നും രണ്ടും ഘട്ടത്തിലേതുൾപ്പെടെ 57,669 കുട്ടികൾക്ക് അലോട്ട്മെന്റായി. 13,783 പേർക്ക് മൂന്നാംഘട്ടത്തിൽ ഉയർന്ന ഓപ്ഷനും ലഭിച്ചു. മറ്റു ജില്ലകളിൽ നിന്നുള്ള 8213 പേർ ഉൾപ്പെടെ 82,753 വിദ്യാർഥികളാണ് മലപ്പുറത്ത് അപേക്ഷകരായുള്ളത്.
മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാനത്തെ അലോട്ട്മെന്റ് കൂടി കഴിഞ്ഞതോടെ 25084 പേർ സപ്ലിമെന്ററി അലോട്ട്മെന്റിന് കാത്തിരിക്കേണ്ടി വരും.
ഭിന്നശേഷിക്കാർക്ക് അനുവദിച്ചതുൾപ്പെടെ 57,740 പ്ലസ് വണ്‍ സീറ്റുകളാണ് മലപ്പുറത്തുള്ളത്. ഇതിൽ 71 സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിനുശേഷം ഒഴിഞ്ഞുകിടക്കുന്നത്.
ഇവ സംവരണ വിഭാഗത്തിൽപ്പെട്ട സീറ്റുകളാണ്. ഈഴവ, തിയ്യ, ബില്ലവ (ഇടിബി) -അഞ്ച്, ക്രിസ്ത്യൻ (ഒബിസി) -ഒന്ന്, എസ്സി -ആറ്, ഭിന്നശേഷിക്കാർ -54, ബ്ലൈൻഡ് -നാല്, വിശ്വകർമ-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുള്ള സീറ്റുകളുടെ എണ്ണം. ജില്ലയിലെ ഏക റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റുകളിൽ 38 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ ആകെയുള്ള 1407 സീറ്റുകളിൽ 1095 എണ്ണത്തിൽ അലോട്ട്മെന്റായി. 312 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഇന്ന് മുതൽ അടുത്ത മാസം മൂന്നിന് വൈകുന്നേരം അഞ്ചുവരെ പ്രവേശനം സാധ്യമാക്കാം. സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടണം. ആദ്യ രണ്ട് അലോട്ട്മെന്റുകളെപ്പോലെ താൽക്കാലിക പ്രവേശനം അനുവദിക്കില്ല. പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കില്ല.
ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകേണ്ടിവരും. അടുത്ത മാസം ആറിന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും. സപ്ലിമെന്ററി അലോട്ട്മെന്റുകൾ അടുത്ത 13ന് ആരംഭിക്കും.
District News
നിലമ്പൂർ: നിയോജക മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്കഗാന്ധി എംപി. ഓരോ പഞ്ചായത്തുകളിലും മാതൃകാ സ്കൂളുകൾ ഒരുക്കി കുട്ടികളുടെ പഠനത്തിനും കഴിവുകൾ വികസിപ്പിക്കാനും പ്രാധാന്യം നൽകുന്നത് മാതൃകാപരമാണ്. ആദിവാസി ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
വികാസ് വിഷന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച ഗോത്ര വിഭാഗം വിദ്യാർഥികളെ അനുമോദിക്കുന്ന "കനൽ വെളിച്ചം’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രിയങ്കഗാന്ധി.
വിജയത്തിൽ കുട്ടികൾക്ക് അഭിമാനബോധം ഉണ്ടാകണമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ തനിക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും വിജയവും എത്ര കഠിനമാണെന്നറിയാം. അതിനായി അമ്മമാർ അനുഭവിക്കുന്ന പ്രയാസങ്ങളും അറിയാം. മാഞ്ചീരി ഉൾവനത്തിൽ ചോലനായ്ക്കരെ കാണാനായി ഏറെ പ്രയാസപ്പെട്ടാണ് പോയത്. എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഇവർ സ്കൂളുകളിൽ പോയി പഠിച്ച് വിജയിച്ചത് എന്നത് മനസിലാക്കണം. ഈ വിജയത്തെ ചെറുതായി കാണരുത്. പഠത്തിനും തൊഴിലിനുമായി പുതിയ സ്ഥലങ്ങളിലേക്ക് പോകുന്പോഴും വേരുകൾ മറക്കരുതെന്നും പ്രിയങ്ക പറഞ്ഞു.
സംസ്ഥാന ബജറ്റിൽ വയനാടിനായി പ്രഖ്യാപിച്ച ട്രൈബൽ സർവകലാശാല പ്രതീക്ഷ പകരുന്നതാണെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങളും പ്രിയങ്കഗാന്ധി വിതരണം ചെയ്തു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ആദിവാസി വിഭാഗത്തിലെ കുട്ടികളെ അനുമോദിച്ച് തിരിച്ചയക്കലല്ല മുന്നോട്ടുള്ള പഠനത്തിലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. റവന്യു മന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
പി.വി. അബ്ദുൾ വഹാബ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാന്പ്ര, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എ. കരീം, അഡ്വ. ജോസ്മി പി. തോമസ്, റഹിയാനത്ത് കൂർമാടൻ, നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ കൂമഞ്ചേരി നാണിക്കുട്ടി. വി.എ. കരീം, സി.എച്ച്. ഇഖ്ബാൽ, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്.എസ്. സുധീർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.പി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വിദ്യാർഥികളുമായി സംവദിച്ചു.
District News
മഞ്ചേരി: വിരലിൽ കുടുങ്ങിയ സ്റ്റീൽ പൈപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഉൗരിമാറ്റി മഞ്ചേരി അഗ്നിരക്ഷാ സേന പതിമൂന്നുകാരന് രക്ഷകരായി. അരീക്കോട് സ്വദേശിയായ അഭിനവിന് കളിക്കുന്നതിനിടെ കിട്ടിയതായിരുന്നു സ്റ്റീൽ നിർമിത പൈപ്പ് കഷ്ണം. ഇതുമായി വീട്ടിലെത്തിയ കുട്ടി പുസ്തകം വായിക്കുന്നതിനിടെ അശ്രദ്ധമായി വിരലിലിട്ടു.
പൈപ്പ് ഉൗരിയെടുക്കാനുള്ള ശ്രമത്തിനിടെ വിരലിൽ നീര് വരികയും ശ്രമം ദുഷ്കരമാവുകയുമായിരുന്നു. ഉടൻ മാതാപിതാക്കൾ കുട്ടിയെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരമാണ് മഞ്ചേരി അഗ്നിരക്ഷാ നിലയത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്.
ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ കെ.സി. കൃഷ്ണകുമാർ, കെ.കെ. പ്രജിത്ത്, എം. അനൂപ്, എം. സജീഷ്, കെ. ബിനീഷ് എന്നിവരടങ്ങുന്ന സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൈപ്പ് ഉൗരിയെടുക്കുകയായിരുന്നു.
District News
നിലമ്പൂർ: പരമ്പരാഗത മണ്‍പാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിലാളികളുടെ ഉന്നമനത്തിനുമായി സ്വീകരിക്കാവുന്ന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി നിലന്പൂർ കെടിഡിസി ടാമറിൻഡിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കളിമണ്ണിന്റെ ലഭ്യതക്കുറവ്, ന്യായമായ വില ലഭിക്കാത്തത്, യന്ത്രവത്കരണത്തിന്റെയും ആധുനിക വിപണന തന്ത്രങ്ങളുടെയും അഭാവം, ഗതാഗതച്ചെലവിന്റെ വർധന തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. നിലന്പൂരിലും പരിസര പ്രദേശങ്ങളിലും പാത്രനിർമാണത്തിന് ഉപയോഗിക്കാവുന്ന കളിമണ്ണ് ഉണ്ടെങ്കിലും എടുക്കാനാകുന്നില്ല. ലൈസൻസ് ഉള്ള ഒരു കരകൗശല തൊഴിലാളിക്ക് 50 മെട്രിക് ടണ്‍ മണ്ണ് അനുവദിക്കാവുന്നതാണ്. എന്നാൽ ലൈസൻസുള്ളവർ നന്നേ കുറവാണ്.
ഈ സാഹചര്യത്തിൽ വൈദഗ്ധ്യമുള്ളവർക്ക് ലൈസൻസ് നൽകുന്നതിന് ഐടിഡിപിയും തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും പ്രിയങ്കഗാന്ധി എംപി ആവശ്യപ്പെട്ടു.
സ്വകാര്യഭൂമിയിൽനിന്ന് മണ്ണെടുക്കുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നത് ഒഴിവാക്കണം. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഐഡി കാർഡ് നൽകും. മണ്‍പാത്ര നിർമാണം നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും യോഗം ചേർന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അവർ പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എഡിഎം പി.ഒ. സാദിഖ്, അസിസ്റ്റന്റ് കളക്ടർ ഇന്ദു സാക്ഷി, ആർക്കിടെക്റ്റ് എം. ആഷ്മിത ജെറോ, സാമൂഹ്യ ശാസ്ത്രജ്ഞ ഡോ. എ. രജനി, ഡിസൈനർ കെ.കെ. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍നിന്ന് അലൂമിനിയം കമ്പി മോഷ്ടിച്ച കേസില്‍ ലൈന്മാനും കരാര്‍ തൊഴിലാളിയും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വഴിക്കടവ് സെക്ഷനിലെ ലൈന്മാന് വണ്ടൂര്‍ കാഞ്ഞിരംപാടം മാടവന ബിജു തോമസ് (52), പാലക്കാട് വല്ലപ്പുഴ സ്വദേശികളായ കൊടക്കാടന്‍ മുഹമ്മദ് ഹബീബ് (22), വെട്ടിക്കാട്ടില്‍ ജാസിര്‍ ഹുസൈന് (21), ആലിക്കല്‍ ഹിഷാമുദീന്‍ (23), പൂക്കോട്ടുംപാടം സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരന് കൊല്ലം തെന്മല ഇടമണ്‍ തേക്കുംകൂപ്പില്‍ അബ്ദുള്‍ സലാം (59) എന്നിവരാണ് അറസ്റ്റിലായത്.
നൂറ് കിലോയിലധികം അലൂമിനിയം കമ്പിയും കടത്താന്‍ ഉപയോഗിച്ച മിനി പിക്ക്അപ് വാനും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്‍. മിഥുനും സംഘവും നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയകരമായി കണ്ട വാഹനം പരിശോധിക്കുന്നതിനിടെ വാഹനത്തില്‍നിന്ന് ഒരാള്‍ ഓടി രക്ഷപെട്ടു.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മിനി പിക്ക് അപ് വാനില്‍ ടാര്‍പ്പായ കൊണ്ട് മൂടിയ നിലയില്‍ അലൂമിനിയം കമ്പികള്‍ കണ്ടെത്തിയത്. തോമസിനെ വഴിക്കടവില്‍നിന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സഞ്ജു, രാജ്മോഹന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
മഞ്ചേരി: കാലങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന മഞ്ചേരി ട്രാഫിക് പോലീസ് സ്റ്റേഷൻ കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. രണ്ടുനിലകളിലായി ഓടിട്ട കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് പണിതതാണ്.
നേരത്തേ മുകൾനിലയിൽ ട്രാഫിക് സ്റ്റേഷനും താഴെ സിഐ ഓഫീസുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സിഐ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ട്രാഫിക് സ്റ്റേഷൻ താഴെ നിലയിൽ പ്രവർത്തനം തുടങ്ങി. ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിന്റെ ഓടുകൾ പലതും വർഷങ്ങൾക്ക് മുന്‍പേ തകർന്നതാണ്.
ഏറെ കനത്തിൽ ടാറിട്ട് ഉയർത്തിയ തറയിൽ ചൂടുകാലത്ത് കസേരകൾ താഴ്ന്ന് പോകുന്നത് പതിവായിരുന്നു. പിന്നീട് ടൈൽസ് വിരിച്ചാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. നാശോൻമുഖമായ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനിയർക്ക് പലതവണ പരാതി നൽകിയിരുന്നു. എന്നാൽ കെട്ടിടനിർമാണത്തിന് ആഭ്യന്തര വകുപ്പിൽ തന്നെ ഫണ്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിയുകയായിരുന്നു.
ചോർച്ച കാരണം നിന്നുതിരിയാനിടമില്ലാതെ ഓഫീസിൽ ഫയലുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മഞ്ചേരിയിലെ പൊതുപ്രവർത്തകനായ സി.ടി. രാജു ഏറനാട് താലൂക്ക് വികസനസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
District News
കരുവാരകുണ്ട്: തുവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ പ്രിയങ്കാ ഗാന്ധി എംപി യാത്രക്കാര്‍ക്ക് സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി വയനാട് എംപിയായിരിക്കെ അനുവദിച്ച 28 ലക്ഷം രൂപ ചിലവഴിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്.
നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള സ്റ്റേഷനാണ് തുവൂര്‍. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഷെല്‍ട്ടറുകള്‍ ഒരുക്കിയത്.
മന്ത്രി എ.പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.ടി. ജസീന, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എന്‍.പി. നിര്‍മല, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മഞ്ചേരി: ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്ന മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളുന്നു. പ്രതിദിനം വയറിളക്കവും പകർച്ചപ്പനിയും ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ദിവസങ്ങൾക്കു മുന്‍പാണ് മഞ്ചേരി കോളജ്കുന്നിൽ സൽമാൻ ഫാരിസ് എന്ന സ്കൂൾ വിദ്യാർഥി വയറിളക്കം ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിവ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.
മുൻവർഷങ്ങളിൽ മഴക്കാല പൂർവ ശുചീകരണവും കൊതുകു നിവാരണവും കാര്യക്ഷമമായതിനാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ ഇത്തവണ നഗരത്തിലെ ചില ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജുഡീഷ്യൽ ഓഫീസർമാർ, ഫുഡ് സേഫ്റ്റി കമ്മീഷണർ, ജോയിന്റ് ഡയറക്ടർമാർ, ഡിഎംഒ ഉദ്യോഗസ്ഥർ, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട്, ഹെൽ ഇൻസ്പെക്ടർമാർ എന്നിവർ പോലീസ് അകന്പടിയോടെ സംയുക്തമായി നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
എന്നാൽ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന നിരവധി പാതയോര ഭക്ഷണശാലകൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നു. ഇവിടേക്കൊന്നുംതന്നെ പരിശോധനാസംഘം തിരിഞ്ഞു നോക്കിയില്ല. ഹോട്ടലുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നും മറ്റും മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്കായിട്ടില്ല.
നഗരത്തിലെ ഹോട്ടലുകൾ, മെഡിക്കൽ ലാബുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മലിനജലം വല്ല്യട്ടിപ്പറന്പിലൂടെ ഒഴുകിയെത്തി പാടത്ത് പരക്കുകയാണ്. ഇത് കർഷകർക്ക് വിനയായിരിക്കുകയാണ്. മാത്രമല്ല ഇവിടെ കൊതുകുകൾ പെരുകി പ്രദേശവാസികൾ രോഗഭീതിയിലാണ്. കാലങ്ങളായി പ്രദേശത്ത് ഈ അവസ്ഥ തുടരുകയാണ്.
2018ൽ തൊട്ടടുത്ത അയനിക്കുത്ത് കോളനിയിലെ 38കാരിയായ വിട്ടമ്മ എച്ച്വണ് എൻവണ്‍ പനി ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഏറെ പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർന്ന് പ്രദേശത്തെ ഡ്രൈനേജ് ഏതാനും മീറ്റർ നീട്ടിയെങ്കിലും അഴുക്കുചാൽ മൂടുന്നതിനോ മലിനജലം പരന്നൊഴുകുന്നത് തടയുന്നതിനോ നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
ഹോട്ടലുകളില്‍ സാഹചര്യം വൃത്തിഹീനം; നോട്ടീസിൽ ഒതുങ്ങുന്നു ആരോഗ്യവകുപ്പ് നടപടി
കരുവാരകുണ്ട് : ക്ലീന്‍ ഷോട്ട് കേരള അടക്കമുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുമ്പോഴും കര്‍ശന നടപടിയില്ലാത്തതിനാല്‍ പല ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണം പാകം ചെയ്യുന്നത് ഇപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍.
ഹോട്ടലുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ കള്ള്ഷാപ്പുകള്‍ തുടങ്ങിയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നടപടി നോട്ടീസ് നല്കലില് ഒതുങ്ങുകയാണ്. വൃത്തിയും വെടിപ്പുമില്ലാതെ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് പല ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ജോലിയിലുള്ളത്.
പാകം ചെയ്ത ഭക്ഷണം മൂടിവെക്കാറില്ല. ഈച്ച, എലി, പാറ്റ എന്നിവ ഭക്ഷണ സാധനങ്ങളില്‍ എത്തുന്ന സാഹചര്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാചകത്തിന് സഹായിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉടമകള്‍ പരിശോധിക്കാറില്ല. ഹെല്‍ത്ത്കാര്‍ഡ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാത്ത ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്.
കരുവാരകുണ്ടിലെ ഭക്ഷണശാലയില്‍നിന്ന് ബ്രോസ്റ്റ് കഴിച്ചവര്‍ക്ക് മുന്‍പ് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് നിരവധി പേര് കരുവാരകുണ്ടിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സ്ഥാനങ്ങളുടെ പ്രവര്‍ത്തനമെന്നാണ് ആരോപണം.
District News
പെരിന്തൽമണ്ണ: ഉദ്ഘാടനം കഴിഞ്ഞു മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പുതിയ തൂതപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലാണ് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിൽ വിള്ളൽ രൂപപ്പെട്ട് ടാറും മെറ്റലും താഴ്ന്നു പോകുന്ന നിലയിൽ കാണപ്പെട്ടത്.
വിള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങൾക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കരാറുകാർ സ്ഥലത്തെത്തി കോണ്‍ക്രീറ്റ് ഉപയോഗിച്ചു പാലത്തിലെ വിള്ളൽ അടക്കുകയായിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽനിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ തൂത പാലം യാഥാർഥ്യമാക്കിയത്.
ഉദ്ഘാടനത്തിന് മുന്‍പു തന്നെ മുണ്ടൂർ മുതൽ തൂത വരെ വിവിധയിടങ്ങളിൽ റോഡ് വ്യാപകമായി വിണ്ടുകീറിയതു വലിയ വിവാദമായിരുന്നു. തൂതപ്പുഴയ്ക്കു കുറുകേ പഴയ പാലത്തിനു സമാന്തരമായി 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും പണിത പുതിയ തൂതപ്പാലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പു കഴിഞ്ഞ മാർച്ച് 15നാണ് നാടിനു സമർപ്പിച്ചത്.
District News
നിലമ്പൂർ: ലഹരിസംഘങ്ങൾക്ക് തടയിടാൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂരിൽ മെഗാ മാരത്തണ്‍ സംഘടിപ്പിച്ച് പോലീസ്. ലഹരിക്കെതിരേയുള്ള മാരത്തണിൽ ആവേശം പകർന്ന് എംഎൽഎയും നഗരസഭാ ചെയർപേഴ്സണും പങ്കെടുത്തു. കനോലി പ്ലോട്ടിൽനിന്ന് ആരംഭിച്ച മാരത്തണ്‍ ചന്തക്കുന്നിൽ സമാപിച്ചു.
ലഹരി സംഘങ്ങളെ ഇനി നിലന്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന സന്ദേശവുമായി നടത്തിയ മാരത്തണിൽ നിരവധി പേർ പങ്കാളികളായി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ മാരത്തണ്‍ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി സംഘങ്ങളെ തുടച്ചുനീക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലന്പൂർ എസ്എച്ച്ഒ ബി.എസ്. ബിനു അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി, നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ, നിലന്പൂർ ഡിവൈഎസ്പി വിശ്വംഭരൻ, എസ്ഐ ജാബിർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓപ്പറേഷൻ തൂഫാൻ ഭാഗമായി നിരവധി പേർ പോലീസ് വലയിലായി. നിലന്പൂരിൽ തൂഫാന്റെ വിജയത്തിനായി ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. മാരത്തണിൽ നഗരസഭാ കൗണ്‍സിലർമാർ, വിദ്യാർഥികൾ, തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വനിതകൾ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. ചന്തക്കുന്നിൽ നടന്ന സമാപനം പി.വി.അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
ഐക്യദാർഢ്യവുമായി ഹിൽടോപ് പബ്ലിക് സ്കൂൾ
ഏലംകുളം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിൽ ടോപ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച സോളിഡാരിറ്റി മിനി മാരത്തൺ ശ്രദ്ധേയമായി. ലഹരിമുക്ത സമൂഹമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുക, വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാരത്തൺ നടത്തിയത്.
മുതുകുറുശിയിൽനിന്ന് ആരംഭിച്ച് ഹിൽ ടോപ് സ്കൂൾ പരിസരത്ത് സമാപിച്ച മാരത്തണിൽ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ജനശ്രദ്ധ നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ശീറ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റാഫത്ത് മുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ, സ്കൂൾ ചെയർമാൻ ഫൈസൽ എന്നിവർ പ്രസംഗിച്ചു.
തൂഫാന് വാരിയേഴ്സില്‍ അംഗങ്ങളായി 2000 പേര്
പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പെരിന്തല്‍മണ്ണയില്‍ കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൂഫാന് വാരിയേഴ്സ് കാമ്പയിനില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ജീവനക്കാരും പങ്കാളികളായി. എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷനായ ചടങ്ങില്‍ തൂഫാന് വാരിയേഴ്സ് ബാഡ്ജ് പ്രകാശനം ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ച് ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് രണ്ടായിരത്തോളം പേര് ഒരുമിച്ച് തൂഫാന് വാരിയേഴ്സ് ബാഡ്ജ് ധരിച്ച് ലഹരിവിരുദ്ധ സന്ദേശത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡീന്‍ ഡോ. ഗിരീഷ് രാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടുങ്ങപുറത്ത് ഏകാംഗ നാടകം
പുഴക്കാട്ടിരി: ലഹരിക്കെതിരേ ബോധവത്കരണത്തിന് അരങ്ങൊരുക്കി "അരുത്' എന്ന ഏകാംഗ നാടകം. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് അഷ്റഫ് മുന്ന "അരുത്' എന്ന ലഹരി വിരുദ്ധ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിച്ചത്.
നാടകത്തിന്റെ 172-ാം വേദിയായിരുന്നു സ്കൂളിലേത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നാടകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
പോലീസ് ഇന്‍സ്പെക്ടര്‍ എം. ബിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ജി. അനുപമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സിപിഒ കെ. മോഹന്‍ദാസ്, സുരേഷ് കുമാര്‍, സ്കൗട്ട് മാസ്റ്റര്‍ പി. ജിതേഷ്, വി. സിദ്ദീഖ്, എം. ശ്രീജ എന്നിവര്‍ പങ്കെടുത്തു.
District News
നിലമ്പൂര്‍: മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് നിലമ്പൂര്‍ ആര്‍ആര്‍ടിക്ക് സിഎസ്ആര്‍ ഫണ്ടിലൂടെ അത്യാധുനിക ടൊയോട്ട ഹൈലക്സ് വാഹനം ലഭ്യമാക്കി പ്രിയങ്ക ഗാന്ധി എംപി.
ഏത് ഭൂപ്രദേശത്തും അതിവേഗതയില്‍ എത്താന്‍ കഴിയുന്ന ഓഫ് റോഡ് വാഹനം 53 ലക്ഷം രൂപ ചെലവിലാണ് ലഭ്യമാക്കിയത്. വാഹനം ഫ്ളാഗ് എംപി ഫ്ളാഗ് ഓഫ് ചെയ്തു.
വന്യമൃഗ ശല്യം സങ്കീര്‍ണമാണെന്നും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രിയങ്കാ ഗാന്ധി നല്കിയ വാഹനം വനം വകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ കൂടി ഒരു വാഹനം ലഭ്യമായാല്‍ അത് ഏറെ പ്രയോജനകരമാകും.
ചടങ്ങില്‍ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ആര്യാടന് ഷൗക്കത്ത് എംഎല്‍എ., നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ , നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാര്‍. നിലമ്പൂര്‍ നോര്‍ത്ത് എസിഎഫ് അനീഷ സിദ്ദിഖ് തുടങ്ങിവര്‍ പങ്കെടുത്തു.
District News
മലപ്പുറം: പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയാക്കി വർധിപ്പിക്കണമെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കൊണ്ടോട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂർ മന്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസലാം അങ്ങാടിപ്പുറം, ട്രഷറർ അബ്ദുറഹ്മാൻ ചിറയിൽ, സമീർ പാണ്ടിക്കാട്, ഷരീഫ് പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മലപ്പുറം: ഒരു നൂറ്റാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപകദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി സമസ്തയുടെ ചരിത്രം, സേവനപാരന്പര്യം, വിദ്യാഭ്യാസ-സാമൂഹിക ഇടപെടലുകൾ എന്നിവ അനുസ്മരിച്ച് പ്രത്യേക പരിപാടികൾ, പതാക ഉയർത്തൽ, പ്രാർഥനാസംഗമം, മഖാം സിയാറത്ത് എന്നിവ നടന്നു.
സമസ്ത ജില്ലാ ആസ്ഥാനമായ മലപ്പുറം സുന്നി മഹലിൽ നടന്ന സ്ഥാപക ദിനാചരണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ പതാക ഉയർത്തി.
സമസ്ത ജില്ലാ സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി കാവനൂർ, എസ്എംഎഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, എസ്്വൈഎസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ, ഷാഹുൽ ഹമീദ് മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.
പാണക്കാട് മഖാമിൽ നടന്ന സിയാറത്തിന് സമസ്ത ജില്ലാ സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി കാവനൂർ നേതൃത്വം നൽകി. സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
District News
കോട്ടക്കൽ: തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകങ്ങളായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അനാവശ്യമായ കിടമത്സരം ഉണ്ടാകരുതെന്നും തദ്ദേശ മന്ത്രി കെ.എം. ഷാജി.
മലപ്പുറം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനം ശക്തമാക്കുന്നതിനും നൂതന വികസന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സിഡിഎസ് ചെയർപേഴ്സൺമാർക്കും നടത്തിയ ജില്ലാതല സംയോജന ശില്പശാല കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ സ്ത്രീ ശക്തീകരണ രംഗത്തെ ഉജ്വല ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീസമൂഹം കൂടി കുടുംബ പുരോയാനത്തിന്റെ ഭാഗമായപ്പോൾ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായത്. സംരംഭകത്വ മേഖലയിൽ തുല്യതയില്ലാത്ത മാറ്റങ്ങൾ ഉണ്ടായി. പുതിയ കാലത്തെ അതിജീവനത്തിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സണ്‍ കെ.കെ. നാസർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി രോഹിൽനാഥ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഉമ്മുസയീദ തുടങ്ങിയവർ പ്രസംഗിച്ചു.
District News
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നിലന്പൂർ രാമംകുത്തുള്ള വീട് കുത്തിപൊളിച്ച് അകത്തു കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ നിലന്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലന്പൂർ രാമംകുത്ത് സ്വദേശിനി അക്കരെപീടിക റുഖിയയുടെ വീട്ടിൽ കയറിയ പ്രതി രണ്ടര പവന്റെ സ്വർണാഭരണങ്ങളും 10000 രൂപയും കവരുകയായിരുന്നു.
റുഖിയ, മകൻ നാസർ, നാസറിന്റെ ഭാര്യ ഷിഫാനയും കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും രാത്രി വീടുപൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്കുപോയി. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമായി നടത്തിവരികയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണ കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്.
പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണ മുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന അക്ബർ കഴിഞ്ഞതവണ നേപ്പാളിൽ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ മേയ് അവസാനമാണ് ജയിൽ മോചിതനായത്.
രാത്രിയിൽ ട്രെയിനിൽ വന്ന് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ രതീഷ്, എഎസ്ഐ സുനിത, സിപിഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: കരുളായി പാലാങ്കരയിൽ കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
District News
പെരിന്തൽമണ്ണ: വർഷങ്ങളായി അടച്ചിട്ട പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിലേക്കുള്ള റോഡ് നഗരസഭാ അധികൃതർ തുറന്നുകൊടുത്തു. ഇതോടെ മാർക്കറ്റിനകത്തെ കച്ചവടക്കാർക്ക് താത്കാലിക ആശ്വാസമായി. റോഡ് സൗകര്യമില്ലാത്തതിനാൽ ആളുകളെത്താതെ കച്ചവടം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാർക്കറ്റിൽനിന്ന് ഒഴിഞ്ഞുപോകാൻ കച്ചവടക്കാർ ഒരുങ്ങി നിൽക്കെയാണ് നഗരസഭയുടെ നടപടി.
മണ്ണാർക്കാട് റോഡിൽനിന്ന് ആരംഭിച്ച് ടൗണ്‍ ഹാൾ റോഡിലേക്കുള്ള ഈ വഴി തുറന്നു നൽകണമെന്ന് മാർക്കറ്റിനകത്തെ വ്യാപാരികൾ നിരന്തരമായി നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാർക്കറ്റ് സമുച്ചയ നിർമാണ പ്രവൃത്തി കരാർ ഏറ്റെടുത്തിരുന്ന ഉൗരാളുങ്കൽ സൊസൈറ്റി കെട്ടിട നിർമാണ ആവശ്യാർഥം ഇതിലൂടെയുണ്ടായിരുന്ന വഴി വർഷങ്ങളോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ പ്രവാസികളിൽനിന്ന് കോടികൾ പിരിച്ചെടുത്താണ് ഇൻഡോർ മാർക്കറ്റിന്റെ ആദ്യഘട്ടം പ്രവൃത്തി നടത്തിയത്. പിരിച്ചെടുത്ത കോടികൾ വക മാറ്റി ചെലവഴിച്ചതിന്റെ അനന്തരഫലമാണ് മാർക്കറ്റ് സമുച്ചയം പാതിവഴിയിൽ മുടങ്ങിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി പൂർത്തീകരിക്കണമെങ്കിൽ ഇനിയും കോടികൾ വേണ്ടിവരും.
District News
മഞ്ചേരി: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റും മലപ്പുറത്തിന്റെ ഫുട്ബോൾ ലഹരി വിളിച്ചോതിയും മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ ഏന്തിയും നൂറുക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന തകർപ്പൻ ടീം ഫാൻസ് റാലി പ്രധാനാധ്യാപിക വി. സിന്ധു ഫ്ളാഗ് ഓഫ് ചെയ്തു.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ആരാധകർ പരസ്പരം മത്സരിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചതോടെ സ്കൂൾ അങ്കണം ആവേശക്കടലായി.
റാലിയോടനുബന്ധിച്ച് വിദ്യാർഥികളുടെ കായിക പ്രതിഭ മാറ്റുരച്ച ആവേശകരമായ മത്സരങ്ങളും ഉണ്ടായിരുന്നു. കാണികളിൽ ഏറെ കൗതുകമുണർത്തിയ ഫുട്ബോൾ ജഗ്ലിംഗ് മത്സരത്തിൽ പന്തുമായി പയറ്റിയ കുട്ടികളുടെ പ്രകടനം ഏറെ കൈയടി നേടി.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കായിക അധ്യാപകരായ പ്രസൂണ്‍, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ലോകകപ്പുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മഞ്ചേരി: ലോകകപ്പിനെ സ്വാഗതം ചെയ്ത് മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ പെനാൽറ്റി കിക്ക് മത്സരം നടത്തി. പ്രധാനാധ്യാപിക പി.ജെ. നിഷ ഉദ്ഘാടനം ചെയ്തു.
District News
മഞ്ചേരി: ഭരണസമിതി അംഗങ്ങൾ അറിയാതെ മൂന്ന് കോടി രൂപ ചെലവിട്ട് തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പ്രസിഡന്റ് രഹസ്യമായി ടെൻഡർ ക്ഷണിച്ചതായി ആരോപണം.
മുന്നണിയിലെ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെപ്പോലും അറിയിക്കാതെ പ്രസിഡന്റ് എൻ.പി. മുഹമ്മദ് സ്വന്തം ഇഷ്ടപ്രകാരം ടെൻഡർ പരസ്യം പ്രസിദ്ധീകരിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
വൻ അഴിമതി ലക്ഷ്യമിട്ട് സ്വകാര്യ കന്പനിയുമായി പ്രസിഡന്റ് രഹസ്യ കരാറുണ്ടാക്കിയെന്നും ആക്ഷേപമുയർന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാണ് സാധാരണഗതിയിൽ വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നതും അടങ്കൽ തുക നിശ്ചയിക്കുന്നതും.
എന്നാൽ എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 15ന് പകൽ രണ്ടിന് മുന്‍പായി ടെൻഡർ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്നും വൈകീട്ട് നാലിന് തുറക്കുമെന്നുമായിരുന്നു പരസ്യത്തിൽ വ്യക്തമാക്കിയിരുന്നത്. ബോർഡിന്റെ അനുമതിയില്ലാതെ ദുരൂഹമായി നടത്തിയ ഈ അനധികൃത ടെൻഡർ നടപടി ഉടനടി റദ്ദാക്കണമെന്നാണ് ആവശ്യം.
ആരോപണം വാസ്തവവിരുദ്ധം: പഞ്ചായത്ത് പ്രസിഡന്റ്
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിന് കെട്ടിടം നിർമിക്കുന്നതിനായുള്ള പദ്ധതിക്ക് എല്ലാ നടപടികളും പൂർത്തീകരിച്ചാണ് ടെൻഡർ ക്ഷണിച്ചതെന്ന് പ്രസിഡന്റ് എൻ.പി. മുഹമ്മദ്. ടെൻഡർ നടപടികൾ സ്വീകരിക്കുന്നത് നിർവഹണ ഉദ്യോഗസ്ഥരാണെന്നും ഭരണ സമിതി തീരുമാനമില്ലാതെ ഇത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് പത്രങ്ങളിലും മലയാള പത്രങ്ങളിലും എൽഎസ്ജിഡി വെബ്സൈറ്റിലും ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഒരു പദ്ധതിക്ക് ടെൻഡർ ചെയ്യാൻ ഭരണസമിതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
District News
നിലമ്പൂർ: കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്ക വിഭാഗത്തിലെ മാഞ്ചീരി പൂച്ചപ്പാറ നഗറിലെ മണിയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ.
മണിയുടെ മരണത്തെത്തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുകയടക്കം എട്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്നാണ് വേഗത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ റവന്യു-ആഭ്യന്തര വകുപ്പുകൾക്ക് നിർദേശം നൽകിയത്.
തട്ടിയെടുത്ത തുകയുടെ കൃത്യമായ കണക്ക് തയാറാക്കി നടപടി ആരംഭിക്കണമെന്ന് നിലന്പൂർ തഹസിൽദാർക്കും പൂക്കോട്ടുംപാടം എസ്എച്ച്ഒക്കും നിർദേശം നൽകി. മണിയുടെ ഭാര്യ മഞ്ജുവിന് നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയ അഞ്ച് ലക്ഷം രൂപ അടക്കം 12 ലക്ഷം രൂപ മഞ്ജുവിന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. മഞ്ജു നൽകിയ മൊഴിക്കൊപ്പം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴി അയച്ച തുകയും എടിഎം കാർഡ് വഴി പിൻവലിച്ച തുകയും പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ നഷ്ടമായ തുക അഞ്ചു ദിവസത്തിനകം തിരിച്ചടയക്കണമെന്ന് പണം തട്ടിയെടുത്തവർക്ക് ഒൗദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
മണിയുടെ കിടപ്പുരോഗിയായ മകളടക്കം നാല് മക്കളുടെ തുടർജീവിതത്തിനുള്ള പണമാണ് ഭാര്യയുടെ അറിവില്ലായ്മ മുതലെടുത്ത് ഗൂഗിൾ പേ എടിഎം രഹസ്യകോഡുകൾ മനസിലാക്കി തട്ടിയെടുത്തത്. അടുത്ത ബന്ധുക്കൾ തന്നെയാണ് പണം പിൻവലിച്ചത്.
2025 ജനുവരി നാലിന് വൈകീട്ട് 6.30ന് കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കിയ ശേഷം മറ്റുകുട്ടികൾക്ക് പനിക്കുള്ള മരുന്ന് വാങ്ങി കരുളായി ചളിപ്പാടൻ മുഹമ്മദ് എന്ന ചെറിയുടെ ജീപ്പിൽ കണ്ണിങ്കൈ ഭാഗത്ത് ഇറങ്ങിയതിന് ശേഷം കരിന്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപാറയിലേക്ക് പോകുന്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കുട്ടിയെയും എടുത്ത് നടക്കുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്നവർ ഓടി ക്ഷപ്പെട്ടു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയായിരുന്നു അപകടം.
പിന്നീട് വനപാലകർ എത്തി പരിക്കേറ്റ് കിടന്ന മണിയെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലും തലയിലും കാട്ടാനയുടെ ചവിട്ടേറ്റതായിരുന്നു മരണകാരണം.
District News
മങ്കട: ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം സമൂഹത്തിലേക്കെത്തിക്കാൻ നാടുകാണി ചുരം കീഴടക്കി, 28 കിലോമീറ്റർ സോളോ റണ്ണിലും തിളങ്ങി അബൂബക്കർ നെച്ചിക്കണ്ടൻ. കോട്ടക്കുന്ന് ഫാൽക്കൻസ് സ്പോർട്സ് ക്ലബ് ലഹരിവിരുദ്ധപ്രചാരണ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ സോളോ റണ്ണിൽ മുന്നിലെത്തി താരമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ അബൂബക്കർ.
ഇന്നലെ മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് 28 കിലോമീറ്റർ ദൂരം അബൂബക്കർ സോളോ റണ്ണിലൂടെ വിജയകരമായി പൂർത്തിയാക്കി. വെറും രണ്ട് മണിക്കൂർ 45 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിയ അദ്ദേഹം, കായികപ്രവർത്തനങ്ങൾ ആരോഗ്യസംരക്ഷണത്തിനൊപ്പം സാമൂഹിക ബോധവത്കരണത്തിനും ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന നാടുകാണി ചുരം റണ്ണിലും അബൂബക്കർ മുന്നിലെത്തിയിരുന്നു. കേരള-തമിഴ്നാട് അതിർത്തികളെ ബന്ധിപ്പിക്കുന്ന, കുത്തനെയുള്ള കയറ്റങ്ങളും വന്യജീവി സാന്നിധ്യവും കൊണ്ട് സാഹസിക യാത്രികർക്കുപോലും വെല്ലുവിളിയാകുന്ന നാടുകാണി ചുരത്തിൽ സംഘടിപ്പിച്ച 21 കിലോമീറ്റർ ഓട്ടമെന്ന ദൗത്യം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വനംവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ചായിരുന്നു ഓട്ടം.
District News
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 1000 കേസുകൾ ഒത്തുതീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്നതും പിഴയൊടുക്കി തീർക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കിടപാടുകൾ സംബന്ധിച്ചത്, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ഒപികൾ, മറ്റ് വിവിധ കേസുകൾ ഉൾപ്പെടെയുള്ള ഏഴ് കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണുമായ എ.വി. മൃദുല, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ജില്ലാ ജഡ്ജിമാരായ ടി.ജി. വർഗീസ്, എസ്. ശ്രീജിത്ത്, എം.പി. ഷൈജൽ, ടി.ബി. ഫസീല, സബ് ജഡ്ജ് ബി. എസ്. സജിനി, മുൻസിഫുമാരായ എൽ. ഉഷ, സി. സാനു, റിട്ട. ജില്ലാ ജഡ്ജി രമേശ് ഭായ് എന്നിവർ പരാതികളിൽ തീർപ്പു കൽപ്പിച്ചു.
District News
പെരിന്തൽമണ്ണ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നും പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതഗതിയിലാക്കണമെന്നും കെഎസ്എസ്പിഎ പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക ക്യാന്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ടി. അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുല്ലശേരി ശിവരാമൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം പോൾ പി.ആലീസ്, ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ, സെക്രട്ടറി ടി.വി. രഘുനാഥ്, മണ്ഡലം സെക്രട്ടറി ടി. രവീന്ദ്രനാഥൻ, പി. സക്കീർ ഹുസൈൻ,
പി.സി. ജയരാജ്, ടി.എ. ജോണ്‍, പി. സുരേഷ്, ടി.പി. ഭരതൻ, ഇ. മുഹമ്മദാലി, ഇ. ശങ്കരനാരായണൻ, മാനവിക്രമരാജൻ, പി. സദാനന്ദൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, എസ്.വി. മോഹനൻ, മത്തളി ബാലകൃഷ്ണൻ, കെ. എം. ദാസ് എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറന്പ് ഗവണ്മെന്റ് കോളജിന് സമീപം പള്ളിയാളി പീടിയേക്കൽ സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് പൂക്കൂന്റെ പൂരക്കൽ സാദിഖ് (38), തിരൂർ കൂട്ടായി പുത്തൻവീട്ടിൽ പി.വി. സുബൈർ (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്ന ആളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ 13 പേർ ഏതാനും ദിവസം മുന്‍പ് പിടിയിലായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മൂന്നുപേർ കൂടി അറസ്റ്റിലായത്. സ്വർണം തട്ടാനെത്തിയവരിൽ നിന്ന് രണ്ട് ഇന്നോവ കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശ പ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇപ്പോൾ മൂന്നുപേർ പിടിയിലായത്.
അറസ്റ്റിലായ സൽമാൻ സാലിഹ് കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിൽ വിമാനം ഇറങ്ങി അപ്രത്യക്ഷനായിരുന്നു. തുടർന്ന് സൽമാനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കരിപ്പൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൽമാനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്. സൽമാൻ സാലിഹ് ഗൾഫിൽ സ്വർണക്കടത്ത് സംഘം ഏൽപ്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നുവെന്ന് വ്യകതമായി. ഈ സ്വർണം കൈപ്പറ്റുന്നതിനായിരുന്നു കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘം എത്തിയത്.
അതേസമയം ഗൾഫിൽ നിന്ന് സ്വർണം കൈപ്പറ്റിയ സൽമാൻ അവിടെ തന്നെ സ്വർണം മറ്റൊരാൾക്ക് കൈമാറി പണം കൈപ്പറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. യഥാർഥ ഉടമക്ക് സ്വർണം നൽകാതെ മറ്റൊരാൾക്ക് കൈമാറുന്നതിന് 40 ലക്ഷമാണ് ഇയാൾ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം കരിപ്പൂരിലെത്തിയ സൽമാൻ യഥാർഥ ഉടമകൾ പറഞ്ഞുവിട്ട സ്വർണം പൊട്ടിക്കൽ സംഘത്തിനു കൈമാറാതെ ഷബി എന്ന ആളുടെ കാറിൽ മുങ്ങുകയായിരുന്നു.
കോഴിക്കോട് മുക്കത്തേക്കാണ് ഇവർ സ്ഥലം വിട്ടത്. അവിടെ സാദിഖും ഉണ്ടായിരുന്നു. തുടർന്ന് നാലുപേരും കാറിൽ എറണാകുളത്ത് പോയി അവിടെ മുറിയെടുത്ത് ട്രോളി ബാഗിൽ ഒളിപ്പിച്ച സ്വർണം പങ്കുവയ്ക്കുകയാണ് ഉണ്ടായതെന്ന് സൽമാൻ പോലീസിനോട് സമ്മതിച്ചു. ഇതോടെ കേസിൽ സൽമാനും സാദിഖും സുബൈറും അറസ്റ്റിലായി.
District News
മഞ്ചേരി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടക്കം കുറിക്കാനിരിക്കെ മലബാർ മേഖലയിൽ വിശിഷ്യ, മലപ്പുറം ജില്ലയിൽ പദ്ധതി കാര്യമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് നിരത്തിലോടുന്ന 4717 ബസുകളിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ 1132 ബസുകൾ മാത്രമാണ് ഓടുന്നത്. ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെന്ന തീരുമാനമാണ് മലപ്പുറം ജില്ലക്ക് വിനയായത്.
മലപ്പുറം ജില്ലയിൽ കെഎസ്ആർടിസിക്ക് ആകെ നാല് സബ് ഡിപ്പോകൾ മാത്രമാണുള്ളത്. മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, പൊന്നാനി എന്നീ നാല് ഡിപ്പോകളിൽ മൊത്തം 120ൽ താഴെ ബസുകൾ മാത്രമാണുള്ളത്. മലപ്പുറം ഡിപ്പോയിൽ ഓർഡിനറി ബസുകൾ ആറിൽ താഴെയാണ്. തിരൂർ-മഞ്ചേരി, വഴിക്കടവ്-തിരൂർ, കോഴിക്കോട്-തിരൂർ, മലപ്പുറം-പൊന്നാനി എന്നീ റൂട്ടുകളിൽ മാത്രമാണ് ഈ ബസുകൾ ഓടുന്നത്.
ഗ്രാമവണ്ടി എന്ന പേരിൽ മറ്റൊരു ബസും ഓടുന്നുണ്ട്. എടരിക്കോട്, തിരൂർ വഴി ഓടുന്ന ഈ ബസിൽ നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര സൗജന്യമാണ്. ഗ്രാമപഞ്ചായത്താണ് ഗ്രാമവണ്ടിക്ക് ഡീസൽ ചെലവ് നൽകുന്നത്.
ഓർഡിനറി കഴിഞ്ഞാൽ മൂന്ന് ഫാസ്റ്റും രണ്ട് സൂപ്പർ ഫാസ്റ്റും അവശേഷിക്കുന്നവ ടൗണ്‍ ടു ടൗണ്‍ ബസുകളുമാണ്. ഇതിൽ ടിടി ബസുകളിൽ കൂടി സൗജന്യ യാത്ര അനുവദിച്ചാൽ അല്പമെങ്കിലും ആശ്വാസമാകും. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
നിലവിൽ രേഖകൾ പ്രകാരം 33 സർവീസുകൾ മലപ്പുറത്തു നിന്ന് പോകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഡ്രൈവർമാരുടെയും ബസുകളുടെയും കുറവുമൂലം 26-27 ബസുകളാണ് പ്രതിദിന സർവീസ് നടത്തുന്നത്. ജൂണ്‍ 15 മുതൽ ആരംഭിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പാക്കാൻ സർക്കാർ 57 കോടി രൂപ ചെലവിടുന്പോൾ ഇതുവഴി മലപ്പുറം ജില്ലക്കോ മലബാറിനോ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നത് പ്രദേശത്തെ ജനങ്ങൾക്ക് നിരാശയുണ്ടാക്കുന്നു.
ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തെക്കൻ ജില്ലകളിലെന്ന പോലെ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമീണ ജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൻ സൊസൈറ്റി സംസ്ഥാന ജനറൽ സ്രെട്ടറി മജീദ് മാവുങ്ങൽ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
District News
പെരിന്തൽമണ്ണ: ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡലിനെയാ (25) ണ് 10 കിലോ കഞ്ചാവും അവ തൂക്കാൻ ഉപയോഗിച്ച ത്രാസും കഞ്ചാവ് വിൽപ്പനയിൽ ലഭിച്ച 18,645 രൂപയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പുളിങ്കാവ് -മലറോഡ് ഭാഗത്ത്നിന്നാണ് ഇയാളെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗണ്‍ ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപും സംഘവും നടത്തിയ പട്രോളിംഗിനിടെ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
നിലമ്പൂർ: ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന വ്യാപകമായി തുടരുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് കേസുകളിപ്പെട്ട മന്പാട് ഒടായിക്കൽ സ്വദേശി മേത്തലയിൽ സുഹൈബ് എന്ന മത്തായിയെ (32) പോലീസ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് വിയ്യൂർ ജയിലിൽ അടച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം 0.4 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു.
സുഹൈബ് രാസ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെത്തഫിറ്റാമിനും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും ലഹരി വിൽപ്പന തുടരവേ 42 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി പോലീസിന്റെ പിടിയിലായി രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മണൽക്കടത്ത് കേസിലും പ്രതിയാണ് സുഹൈബ്. ലഹരി ഇടപാടുകൾ നടത്തുന്നവർക്കെതിരേ വരുംനാളുകളിലും ശക്തമായ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐ എ.എസ്. ജാബിർ, എഎസ്ഐ കെ. സുനിത, സിപിഒ ജിതിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിലമ്പൂരിൽ ജനകീയ പ്രതിരോധവുമായി പോലീസ്
നിലമ്പൂർ: ഓപറേഷൻ തൂഫാൻ ജനകീയമായി നടപ്പാക്കി ലഹരി സംഘങ്ങളെ തുരത്താൻ പോലീസ്. ഒരു മാസം നീണ്ടുനിൽക്കുന്ന കാന്പയിന് നിലന്പൂരിൽ തുടക്കമായി. ജനപ്രതിനിധികൾ, കോളജ് പ്രിൻസിപ്പൽമാർ, സ്കൂൾ പ്രധാനാധ്യാപകർ.
സന്നദ്ധ സംഘടനാ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആദിവാസി നഗറുകളിലെ പ്രമോട്ടർമാർ സ്കൂളിലെ എസ്പിസിഎൻഎസ്എസ് അംഗങ്ങൾ ഉൾപ്പെടെ 200 ലേറെ പേരാണ് കാന്പയിനിൽ പങ്കെടുത്തത്.
ലഹരി ഇടപാടും ഉപയോഗവും തടയാൻ വിവിധ പരിപാടികൾ പോലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഫുട്ബോൾ ഉൾപ്പെടെ കായിക മേഖലയെ സജീവമാക്കാനും ബോധവത്കരണ കാന്പയിനുകൾ നടത്താനും ആദിവാസി നഗറുകളിൽ ഉൾപ്പെടെ കലാപരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ഇടവഴികൾ തുടങ്ങി എല്ലാ മേഖലയിലും ഇനി ലഹരിസംഘത്തിന് പിന്നാലെ പോലീസിന്റെ കണ്ണ് ഉണ്ടാകും.
കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ലഹരിസംഘം എത്താനുള്ള പഴുതുകൾ അടക്കും. ലഹരി തടയേണ്ടത് നാടിന്റെ അനിവാര്യതയായതിനാൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. എസ്ഐ ജാബിർ കാന്പയിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, വികസന സ്ഥിരംസമിതി അധ്യക്ഷൻ മുംതാസ് ബാബു, കൗണ്‍സിലർമാർ എന്നിവർ പ്രസംഗിച്ചു.
District News
നിലമ്പൂർ: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ അമരുന്പോൾ അങ്കണവാടികളിലും ആഘോഷം. നിലന്പൂർ ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയിലെ കുരുന്നുകളാണ് ഇഷ്ടടീമിന്റെ ജഴ്സികൾ അണിഞ്ഞെത്തി ആവേശത്തിന്റെ ഭാഗമായത്. അങ്കണവാടി പരിസരം വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ചും കുട്ടികളുടെ ഗോളടി മത്സരം നടത്തിയുമായിരുന്നു ആഘോഷം.
എല്ലാവർക്കും പന്തും മധുരവും സമ്മാനമായി നൽകിയിരുന്നു. അധ്യാപിക കെ.ടി. സുഹ്റ, എം. ജയകുമാരി, അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗം പി. രേഷ്മ, വിജിഷ സുരേഷ്, ദീപ്തി നിധിൻ, അനുശ്രീ നിഖിൽ, അരുണിമ അജീഷ്, ദിവ്യ അനീഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും അമ്മമാർക്കും പകൽ സമയം അങ്കണവാടിയിൽ ഫുട്ബോൾ കളി കാണാൻ ടെലിവിഷൻ സ്ക്രീനും ഒരുക്കിയിട്ടുണ്ട്.