റബർതോട്ടം ദത്തെടുക്കൽ പരിപാടി ആർക്കുവേണ്ടി?
Thursday, August 1, 2019 11:07 PM IST
റബർതോട്ടം ദത്തെടുക്കൽ പരിപാടി ആർക്കുവേണ്ടിയാണ് ? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതു പോലെയായി റബർ ബോർഡിന്റെ ചില നിലപാടുകൾ. കർഷകർക്കു മാന്യമായ വിലകൊടുത്ത് റബർ വാങ്ങിക്കൂ എന്നു വ്യവസായികളോടു പറയുന്നതിനുപകരം റബർ കർഷകനെക്കൊണ്ടു പണിയെടുപ്പിച്ചു റബർ ഉദ്പാദിപ്പിച്ചു റബർ വ്യവസായികൾക്ക് അവർ നിശ്ചയിക്കുന്ന വിലക്ക്, എത്തിച്ചുകൊടുക്കുന്ന ഒരു പ്രസ്ഥാനമാണോ റബർ ബോർഡ്? സംശയങ്ങൾ പലതാണ്.
കർഷകനെ റബർ ഉദ്പാദിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ബോർഡ് അവനു ന്യായവില കിട്ടാൻ എന്തെങ്കിലും നടപടികൾ ചെയ്യുന്നുണ്ടോ? കേന്ദ്രസർക്കാർ നൽകുന്ന പണം (അതു നമ്മുടെ നികുതിപ്പണമാണല്ലോ) വാങ്ങി സബ്സിഡിയും മറ്റും നൽകി കർഷകനെ പ്രലോഭിപ്പിച്ചു കൃഷി ചെയ്യിച്ച ബോർഡ്, ഇപ്പോൾ തോട്ടം ഏറ്റെടുക്കൽ പരിപാടിയുമായി വരുന്നതും സംശയത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി റബർ കർഷകൻ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ എവിടായിരുന്നു ഈ റബർ ബോർഡ്? റബർ ബോർഡ് വ്യവസായികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒന്നാണെന്നു പുതിയ ചെയർമാൻ നിയമനത്തോടെ ഒരിക്കൽകൂടി തെളിഞ്ഞിരിക്കുന്നു.
വ്യവസായികൾക്ക് ആവശ്യത്തിനു റബർ ലഭ്യമല്ലായിരുന്ന കാലത്ത് അതിന്റെ നേട്ടം കർഷകർക്കും ലഭിച്ചു. ഇപ്പോൾ എന്താണ് അവസ്ഥ ? രാജ്യത്തെ ടയർ വ്യവസായികൾ വളർന്നതിനു അനുസരിച്ച് നേട്ടം നമ്മുടെ കർഷകർക്ക് ലഭിച്ചോ എന്നുകൂടി അന്വേഷിക്കുക. റബർ ബോർഡ് ഒരിക്കലും റബർ കർഷകനു വേണ്ടി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ടയർ വ്യാപാരികൾക്ക് വേണ്ടി ദല്ലാൾ പണിയാണ് ഇവർ നിർവഹിച്ചിരുന്നത്. ചിദംബരം മുതൽ സുരേഷ് പ്രഭു വരെയുള്ള മന്ത്രിമാർ കർഷകരോടു നീതി കാണിച്ചില്ല. നിർമലാ സീതാരാമൻ വാണിജ്യ മന്ത്രാലയത്തിലിരുന്നു റബർ മേഖലയെ നശിപ്പിക്കാൻ ശ്രമിച്ചത് മറക്കണ്ട. അവർ ധനമന്ത്രിയായതിനാൽ കർഷകൻ ഒന്നും തന്നെ പ്രതീക്ഷിക്കരുത്.
കർഷകനു രക്ഷയില്ലാത്ത കാലമാണ് വരുന്നത്. ഇന്നത്തെ സംവിധാനത്തിൽ കർഷകൻ നശിപ്പിക്കപ്പെടുന്നു, അടിമയാക്കപ്പെടുന്നു. ആരും പിന്തുണയ്ക്കാനില്ലാതെ വരുമ്പോൾ കർഷകൻ കൃഷി ഉപേക്ഷിക്കുകയല്ലാതെ എന്തുചെയ്യും?
റെയിൻ ഗാർഡ് പിടിപ്പിക്കാനും വെട്ടാതെ കിടക്കുന്ന തോട്ടം ഏറ്റെടുത്തു വെട്ടിക്കാനും തയാറെടുക്കുന്ന റബർ ബോർഡ്, റബറിനു ന്യായവില കിട്ടിയാൽ കർഷകൻ തന്നെ ടാപ്പിംഗ് പുനരാരംഭിക്കും എന്നതു മറക്കുന്നു. ഏറ്റെടുക്കുന്ന തോട്ടത്തിലെ ഉദ്പാദനത്തിനു എന്തുവില നൽകും എന്നു പറയാൻ ഇവർ തയാറാകുന്നില്ല. റബർ ബോർഡ് 2016 ൽ 172 രൂപ ഉത്പാദന ചെലവ് കണക്കാക്കിയത് ഇപ്പോൾ എത്രയാണ്? ആ 172 പോലും കിട്ടാത്ത കർഷകൻ വീണ്ടും നഷ്ടം സഹിച്ചു ടാപ്പിംഗ് നടത്തണമെന്നാണോ?
റബർ ഇപ്പോൾ ടാപ്പ് ചെയ്യാതെ ഇടുന്നവർ മറ്റു വരുമാന മാർഗം ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. മറ്റു മാർഗങ്ങൾ ഇല്ലാത്തവർ നിവൃത്തികേടുകൊണ്ടു വെട്ട് തുടരുന്നു. അപ്പോൾ ദത്തെടുക്കൽ പോലുള്ള സഹായം ആർക്കാണു വേണ്ടത്? ഉത്പാദനം കൂട്ടി ഇറക്കുമതി കുറച്ചു വ്യവസായികൾക്ക് റബർ കൊടുത്തുകൊണ്ട് അവരിൽ നിന്നു വില വാങ്ങിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ. മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ. റബർ ഉത്പാദക സംഘങ്ങളോടുപോലും ആലോചിക്കാതെ റബർ തോട്ടം ഏറ്റെടുക്കും എന്നു പറയാൻ ഇവരെ ആരാണ് ചുമതലപ്പെടുത്തിയത് ?
ഇറക്കുമതി കുറച്ച് വില കൂട്ടാമെങ്കിൽ അതിനർഥം വ്യവസായികൾ ഇപ്പോൾ കൊള്ള ലാഭം എടുക്കുന്നു എന്നല്ലേ? അതിനു വഴിതെളിച്ചത് ബോർഡിന്റെ തന്നെ കള്ളകണക്കുകളല്ലേ? റബറിനു മാന്യമായ വില ലഭിച്ചാൽ കർഷകർ താനേ ടാപ്പിംഗ് തുടങ്ങിക്കൊള്ളും.
താഷ്കന്റ് പൈകട, ഇടമറുക്