കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുത്
Thursday, August 8, 2019 11:30 PM IST
കേരളത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി സംസ്ഥാനത്തിന്റെ ഭരണകർത്താക്കളോ രാഷ്ട്രീയക്കാരോ മതസാമുദായിക നേതാക്കളോ വേണ്ടത്ര ചിന്തിച്ചിട്ടുണ്ടോ എന്നു സംശയം തോന്നുന്നു. കേരളത്തിന്റെ ഭൂപ്രകൃതി കിഴക്കുനിന്നു പടിഞ്ഞാറോട്ടു ചരിഞ്ഞുകിടക്കുന്നതിനാൽ പെയ്യുന്ന മഴയുടെ വളരെ കുറച്ചു മാത്രമേ ഭൂമിയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നുള്ളു. ബാക്കി മുഴുവൻ അറബിക്കടലിലേക്ക് ഒഴുകി പാഴായി പോവുകയാണ്. എല്ലാ വർഷവും അഞ്ചോ ആറോ മാസത്തേക്കു പെയ്യുന്ന തെക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മൺസൂൺ ആണ് നമ്മുടെ സംസ്ഥാനത്തെ ദൈവത്തിന്റെ നാടായി നിലനിർത്തുന്നത്.
കിണറുള്ളവർ തങ്ങളുടെ പുരപ്പുറത്തുനിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാതെ കിണറുകളിലേക്കു തിരിച്ചുവിടണം. അതിനായി സാന്പത്തികസഹായം ആവശ്യമുള്ളവർക്കു പണം നൽകി സർക്കാർ മേൽനോട്ടത്തിൽ സംവിധാനമൊരുക്കണം. മഴക്കുഴികളും നീർച്ചാലുകളും പുരയിടങ്ങളിൽ നിർമിക്കുക. നിലവിലുള്ള പാടങ്ങളും ചതുപ്പുനിലങ്ങളും തടാകങ്ങളും മഴവെള്ളം സംഭരിക്കുന്നതിനായി നിലനിർത്തുക.
കേരളത്തിലെ മഴയ്ക്കു പശ്ചാത്തലമൊരുക്കുന്ന പശ്ചിമഘട്ടത്തെ ഇനിയെങ്കിലും നോവിക്കാതെ സംരക്ഷിക്കണം. പ്രകൃതി നിലനിന്നാലേ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളൂ. ഈ ഭൂമി ഇതിൽ വസിക്കുന്ന മനുഷ്യനും എല്ലാ ജീവജാലങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്ന വിശാല ചിന്തയോടുകൂടി, വരാനിരിക്കുന്ന തലമുറകൾക്കും നമ്മെപ്പോലെ സുഖമായി ജീവിക്കണം എന്ന ബോധത്തോടെ പ്രകൃതിയുടെ സംരക്ഷണത്തിനായി കൂട്ടായ്മയോടെ പ്രവൃത്തിക്കാം.
പ്രഫ. കെ.വി. ഡൊമിനിക്