വികസനം: നമ്മുടെ കാഴ്ചപ്പാട് എന്ത് ?
Monday, August 12, 2019 10:41 PM IST
ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് അതിവേഗ റെയില്‍ പദ്ധതി. ഉപേക്ഷിക്കപ്പെട്ടുവെന്നു കരുതിയിരുന്ന ഈ പദ്ധതി "സെമി ഹൈ സ്പീഡ് റെയില്‍' എന്ന പേരില്‍ വരുന്നുവെന്ന് അറിയുമ്പോള്‍ ആശങ്കകള്‍ കൂടുന്നു. ഒരു രാജ്യത്തെ ഏതൊരു പൗരനും ആഗ്രഹിക്കുന്ന കാര്യമാണു വികസനം. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും വർധിച്ചുവരേണ്ടത് ആവശ്യം തന്നെ. പക്ഷേ അതിനു ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ? ഒരു സ്ക്വയർ കിലോമീറ്ററിൽ 1,509 പേരാണ് ഇന്നു കേരളത്തിൽ ജീവിക്കുന്നത്. ജനങ്ങളെയും പ്രകൃതിയെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമല്ലേ നമുക്കാവശ്യം?
55,000 കോടി രൂപയാണ് അതിവേഗ റെയിൽ പദ്ധതിക്കു ചെലവ് വരുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാൽ ഒന്നര ലക്ഷം കോടി രൂപയില്‍ അധികം ചെലവ് വരുമെന്നു വിദഗ്ധര്‍ പറയുന്നു. ആളോഹരി കടം 46,000 രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ? 201415ലെ കണക്കുപ്രകാരം കേരള സര്‍ക്കാരിന്റെ കടം 1,41,947 കോടി രൂപയാണ്. പദ്ധതിക്കാവശ്യമായ പണം കടം എടുക്കുകയാണെങ്കിൽ പോലും അതു പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടേ? ബ്രിട്ടീഷുകാരുടെ കാലത്ത് രാഷ്ട്രീയ ആധിപത്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഈ കട ഭാരവും കൂടിവന്നാൽ സാമ്പത്തിക നിയന്ത്രണം പോലും വിദേശികളുടെ ആധിപത്യത്തിൽ വരില്ലേ? കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കും.
ഇരകളുടെ പുറകെ വേട്ടക്കാരനെന്നപോലെ ജനങ്ങളെ ദ്രോഹിക്കുന്നത് എന്തിനാണ്? ഇതിനു പുറകിലെ താത്പര്യം എന്താണ്? കുറച്ച് അതിസമ്പന്നന്മാർക്ക് മാത്രം ഉപകാരപ്പെടുന്ന ഈ പദ്ധതി വരുന്നതുകൊണ്ട് ആയിരക്കണക്കിനു സാധാരണക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് ആരും കാണുന്നില്ലേ? നിരവധി ആരാധനാലയങ്ങളും സന്യാസാശ്രമങ്ങളും സ്കൂളുകളും പൊളിച്ചുനീക്കി വേണം പദ്ധതി നടപ്പിലാക്കാൻ. വിമാനത്താവളങ്ങള്‍ നവീകരിച്ചും നിലവിലുള്ള റെയില്‍വേ വികസിപ്പിച്ചും ഹൈവേകളും മറ്റുറോഡുകളും മലയോര ഹൈവേയും കാര്യക്ഷമമാക്കിയും ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിച്ചും കോവളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ദേശീയ ജലപാത പ്രവര്ത്തനക്ഷമമാക്കിയുംപോരെ വികസനം നടപ്പിലാക്കാന്‍? ജനസാന്ദ്രത കൂടിയ ഈ കൊച്ചുകേരളത്തില്‍ വമ്പിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന, വലിയതോതില്‍ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന, ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന ഈ വന്‍കിട പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഈ പദ്ധതിയുടെ ദോഷങ്ങള്‍ മനസിലാക്കി ഈ പദ്ധതിയിൽനിന്നു സര്‍ക്കാരിനെ പിൻതിരിപ്പിക്കണം.
ഡേവീസ് വല്ലൂരാന്, വല്ലൂരാന് ഹൗസ്, നാലുകെട്ട്