ദീപികയുടെ ശബ്ദം
Monday, August 19, 2019 11:25 PM IST
2019 ഓഗസ്റ്റ് 13ലെ ദീപികയുടെ മുഖപ്രസംഗമാണീ കത്തിനാധാരം. ദുരന്തമേഖലകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ "എല്ലാവരേയും ചേർത്തു നിറുത്തുക, സഹായങ്ങൾ പ്രവഹിക്കട്ടെ’ എന്നതായിരുന്നു ദീപികയുടെ ശബ്ദം. ഏതാനും ദിവസങ്ങൾക്കു മുന്പ് കർഷകരുടെ വേദനകളും കേരളത്തിലെ ചെറുകിട വ്യാപാരികളുടെ വേദനകളും മുഖപ്രസംഗത്തിലൂടെ ദീപിക പങ്കുവച്ചിരുന്നു.
പഠനാർഹമായ മുഖ ലേഖനങ്ങളായിരുന്നു ഇവ മൂന്നും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായ ദുരന്തത്തേപ്പറ്റി അന്നു പറഞ്ഞത് 100 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാവുന്ന പ്രതിഭാസമാണെന്ന്. എന്നാൽ, ഈ വർഷവും വൻ ദുരന്തമുണ്ടായി. മരിച്ചവരുടെ എണ്ണം പോലും കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഉണ്ടായ ഭൂമിയുടെയും കൃഷിയുടെയും നഷ്ടം കൃത്യമായി രേഖപ്പെടുത്താനായിട്ടില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ രക്തം വിയർപ്പാക്കി, പട്ടിണി കിടന്നും ഒക്കെ സ്വരൂക്കൂട്ടി നിർമിച്ച വീടുകൾ എവിടെപ്പോയി എന്നു പോലും നിശ്ചയമില്ല.
പ്രകൃതിദുരന്തങ്ങൾ എപ്പോഴും എവിടെയും ഉണ്ടാകാം. ആരെന്തുപറഞ്ഞാലും ഇതിനൊന്നും മുൻകരുതൽ ചെയ്യാനാവില്ല. മനുഷ്യർ ദൈവത്തിങ്കലേക്കു തിരിയുക. പ്രകൃതിയെ ദ്രോഹിക്കരുത്. പ്രകൃതിയെ സ്നേഹിക്കുക. അതിനെ സംരക്ഷിക്കുക. അതാണ് മനുഷ്യൻ ചെയ്യേണ്ടത്.
അഗസ്റ്റിൻ, കുറുമണ്ണ്, കുഴിത്തൊളു, ഇടുക്കി