സാമൂഹ്യ സുരക്ഷാ പെൻഷനു പുതിയ മാനദണ്ഡങ്ങളോ?
Monday, August 19, 2019 11:28 PM IST
ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്പേ പരാജയപ്പെട്ട ഇടതുമുന്നണി സർക്കാർ നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെമേൽ കുതിരകയറി ഒരു അട്ടിമറി വിജയം കരസ്ഥമാക്കാൻ പോകുന്നതായ വാർത്ത കണ്ടു. അനർഹരെ കണ്ടെത്താൻ വീടിന്റെ തരം മാനദണ്ഡമാക്കിക്കൊണ്ടുള്ള പുത്തൻ ഭരണ പരിഷ്കാരം. (അതായത് വീടിന്റെ മേൽക്കൂര വാർത്തതാണെങ്കിൽ അവർക്ക് പെൻഷന് അർഹതയില്ല).
ഇതു തികച്ചും മൗഢ്യവും അസംബന്ധവുമാണ്. ഏതുതരം വീട്ടിൽ കിടക്കണമെന്നുള്ളത് ഓരോരുത്തരുടെയും സ്വപ്നമാണ്. അതിന് അവർ സഹിച്ച ത്യാഗവും കടബാധ്യതകളും അവർക്കു മാത്രമേ അറിയൂ. അടുത്തകാലത്തായി മരം, പണിക്കൂലി എന്നിവയിലുണ്ടായ ഭീമമായ വിലക്കയറ്റം മൂലം ചെറിയ വരുമാനക്കാരും വീട് വാർക്കുന്നതാണു നല്ലതെന്നും ലാഭകരമെന്നും കണ്ടെത്തി ആ വഴിക്ക് നീങ്ങാൻ ശ്രമം നടത്തിയവരാണെറെയും. അവരാണിപ്പോൾ വെട്ടിലായിരിക്കുന്നത്.
വാർക്ക വീട്ടിൽ താമസിക്കുന്നവരെല്ലാം പണക്കാരാണെന്ന് പറയുന്നത് മൂഢതയാണ്. ഓടിട്ട വീട്ടിൽ താമസിക്കുന്ന സന്പന്നന്മാരും വാർക്ക വീട്ടിൽ താമസിക്കുന്ന പാവപ്പെട്ടവരും ഉണ്ടാകാം. കാറിൽ പോകുന്നവരെല്ലാം മുതലാളിമാരാണെന്നു പണ്ടേതോ ഒരു മന്ത്രി പറഞ്ഞതുപോലെയും പാവപ്പെട്ടവന്റെ പശു ആടാണെന്നു പറയുന്നതുപോലെയുമുള്ള ഒരു തരം ഭോഷത്വം.
പാവപ്പെട്ടവർ പശുവിനെയും വളർത്തും; ആടിനെ വളർത്തുന്ന മുതലാളിമാരുമുണ്ടാകും.
അതുകൊണ്ട് കാറും വാർക്ക വീടും മാനദണ്ഡമാക്കാതെ, സർക്കാർ ഉദ്യോഗം മക്കൾക്കുപോലും ലഭിക്കാൻ ഭാഗ്യം സിദ്ധിക്കാത്ത, അഞ്ചേക്കറിൽ താഴെ മാത്രം ഭൂമിയുള്ള 60 വയസ് കഴിഞ്ഞ അർഹരായ എല്ലാ വയോജനങ്ങൾക്കും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വാർധക്യകാല വികലാംഗ പെൻഷൻ തുടർന്നും അവർക്ക് ലഭിക്കാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണം. പാവങ്ങൾക്കുള്ള കാരുണ്യാ ചികിത്സാ പദ്ധതി നിർത്തലാക്കിയ സർക്കാർ അതും പുനരാരംഭിക്കണം.
ഏബ്രഹാം തച്ചലാടി, അടുക്കളക്കണ്ടം, കാസർഗോഡ്