പെൻഷൻകാരെ വഞ്ചിക്കുന്നു
Tuesday, August 20, 2019 10:26 PM IST
കേരളാ ഗവണ്മെന്റ് കൊട്ടിഘോഷിച്ച് നടപ്പാക്കാനൊരുങ്ങുന്ന മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി പെൻഷൻകാരെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചനയായി മാറുന്നു. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന തുച്ഛമായ മെഡിക്കൽ അലവൻസ് പിടിച്ചെടുത്ത് ഇൻഷ്വറൻസ് കന്പനിയേയും രോഗികളെ കിട്ടാതെ വിഷമിക്കുന്ന ചില സ്വകാര്യ ആശുപത്രികളെയും സഹായിക്കാനാണ് ഈ പദ്ധതി എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഒന്നാമത്, ഒൗട്ട് പേഷ്യന്റ് പൂർണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇത് നല്ലൊരു ശതമാനം പെൻഷൻകാരെയും പദ്ധതിക്കു പുറത്താക്കി. ഓപ്ഷൻ സൗകര്യവും നിഷേധിച്ച് മെഡിക്കൽ അലവൻസ് ബലമായി പിടിച്ചെടുത്ത് ഇൻഷ്വറൻസ് കന്പനിക്ക് നൽകുന്നു. എംപാനൽ ചെയ്തിരിക്കുന്ന ആശുപത്രികളുടെ പട്ടിക കാണുന്പോഴാണ് ഈ പദ്ധതിക്കു പിന്നിലെ ചതി വ്യക്തമാകുന്നത്. ഫലത്തിൽ, സർക്കാർ മെഡിസെപ് പദ്ധതി നടപ്പാക്കുന്നത് ഇൻഷ്വറൻസ് കന്പനിക്കും ചില സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയാണ് എന്നതു വ്യക്തം.
ജേക്കബ് പടലോടി, കൂരാച്ചുണ്ട്