റേഷൻകൊള്ള തടയാനാകില്ലെന്നോ?
Monday, September 16, 2019 11:09 PM IST
സപ്ലൈകോയുടെയും സിവിൽ സപ്ലൈസിന്റെയും വെയർഹൗസുകളിൽനിന്നു നൂറു കണക്കിനു ടണ്‍ ധാന്യങ്ങൾ ഓരോ വർഷവും അടിച്ചുമാറ്റുന്ന സ്ഥിതി ഇപ്പോഴും തുടരുന്നുവെന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതു മുന്നണി ഭരിച്ചാലും, വൻതോതിൽ റേഷനരിയും ഗോതന്പും തട്ടിയെടുത്ത് കരിഞ്ചന്തയിൽ വിറ്റു ലക്ഷങ്ങൾ കൊയ്യുന്ന അനധികൃത ബിസിനസ് നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു.
പരിചിതമായ ചില ബ്രാൻഡുകൾപോലും ഇടയ്ക്കിടെ റേഷനരി കയറ്റിവിട്ട് കാശടിക്കു ന്നുണ്ട്. വിളിച്ചന്വേഷിച്ചാൽ എന്തെങ്കിലും സൂത്രം പറയും. അരി മോശമായിക്കണ്ടതിനെത്തുടർന്ന് ഈയിടെ ഒരു കന്പനിയിലേക്കു വിളിച്ചപ്പോൾ പറഞ്ഞത് ’നിങ്ങൾ വാങ്ങിയ ആ ബാച്ചിൽ മാത്രം പുന്നെല്ലാണ് ഉപയോഗിച്ചത് , അതു കൊണ്ടാണ് ’ എന്നാണ്. ചിലർ പാമോയിലും കളറും ചേർത്ത് അരി പോളിഷ് ചെയ്യുന്നു കഴുകുന്പോൾ അത് ഇളകിവരുന്നു.
ടണ്‍ കണക്കിനു റേഷനരി കടത്തിക്കൊണ്ടുവന്ന് നല്ല ഒരു പേരും കൊടുത്ത് അതു വിറ്റുതീർത്തു കച്ചവടം പൂട്ടുന്നവരുണ്ട്. റേഷൻകടയിൽനിന്നു സൗജന്യമായോ കുറഞ്ഞവിലയ് ക്കോ കിട്ടുന്ന അരി അപ്പോൾത്തന്നെ കിലോയ്ക്ക് 15 രൂപ നിരക്കിൽ പലചരക്കുകടയിൽ വിൽക്കുന്ന ചങ്ങാതിമാരുമുണ്ട്. നല്ല കഞ്ഞിയോ ചോറോ കഴിക്കാമെന്നു കരുതി മുന്തിയ വിലയ്ക്ക് ഇത്തരം അരി വാങ്ങുന്നവർ വഞ്ചിതരാകുന്നു.
അരി മാത്രമല്ല ഗോതന്പും പഞ്ചസാരയും മണ്ണെണ്ണയും കരിഞ്ചന്തയിലെത്തുന്നുണ്ട്. പല ശ്രേണികളിലായി ഒരു വലിയ സംഘം ഉദ്യോഗസ്ഥരും അതോടൊപ്പം രാഷ്ട്രീയ പിടിപാടുള്ളവരും ഗുണഭോക്താക്കളായതു കൊണ്ടായിരിക്കുമല്ലോ ഈ കള്ളക്കച്ചവടം അനുസ്യൂതം തുടരുന്നത്. ഇത് ഇല്ലാതാക്കുകതന്നെ വേണം, ഇനിയും വൈകരുത്.
സി.സി. മത്തായി, മാറാട്ടുകളം, ചങ്ങനാശേരി