ഭാഷയുടേയും സംസ്കാരത്തിന്റേയും തനിമ സംരക്ഷിക്കപ്പെടണം
Tuesday, September 17, 2019 11:01 PM IST
ഒരു ദേശത്തിന്റെയും ജനതയുടെയും സ്വത്വബോധത്തിന്റെയും സംസ്കാരികപൈതൃകത്തിന്റെയും പരിച്ഛേദമാണു മാതൃഭാഷ. ഇതിന്റെ വളർച്ചയും കരുത്തും ജനങ്ങളുടെയും നാടിന്റെയും ഒൗന്നിത്യത്തിനു നിദാനമായാണ് നിലകൊള്ളുന്നത്. ഒടു വടവൃക്ഷത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ആധാരം അതിന്റെ കരുത്തുറ്റ തായ്വേരാണ്. തായ്വേര് എത്രമാത്രം ദുർബലമാകുന്നോ അത്രത്തോളം തന്നെ ആ വൃക്ഷം അപകടാവസ്ഥയെ നേരിടേണ്ടതായിവരും. ഇതുതന്നെയാണ് മാതൃഭാഷയുടെ പരിപുഷ്ടിയിലൂടെയും ബലഹീനതയിലൂടെയും ഒരു നാടിനും അഭിമുഖീകരിക്കേണ്ടതായി വരിക.
ഇന്ത്യയിൽ മാതൃഭാഷയോട് ഏറെ പ്രതിബന്ധതയും വൈകാരികതയും എന്നും പുലർത്തിപോന്ന സംസ്ഥാനമാണു തമിഴ്നാട്. ഭാഷയുടെ സംരക്ഷണാർഥം രക്തരൂഷിത പ്രഷോഭത്തിനു തന്നെ അവർ മുതിർന്ന ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. തമിഴ്ഭാഷയുടെ ശക്തമായ അടിത്തറയ്ക്കും വിപുലീകരണത്തിനും അവിടുത്തെ ഭരണസാരഥികളും നിശ്ചയദാർഢ്യത്തോടു കൂടിയ ഭരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ, കേരളത്തിലെ മാറിമാറി വന്ന ഭരണസംവിധാനങ്ങളും ഒപ്പം ജനതയും മാതൃഭാഷയോടു പുലർത്തുന്നതു നിസംഗതയാണ്. ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരന്പുകളിൽ എന്നു മഹാകവി വള്ളത്തോൾ ഉണർത്തിച്ചതുപോലെ മലയാളമെന്നു കേട്ടാൽ തമിഴ് ജനതയെപ്പോലെ കേരളീയരുടെ ചോര തിളയ്ക്കാത്ത അവസ്ഥ എങ്ങനെയുണ്ടായി? മാതൃഭാഷയുടെ പ്രാധാന്യവും വൈകാരികതയും അവരിൽ സൃഷ്ടിക്കാനും അവരെ ഉൽബുദ്ധരാക്കാനും കേരളത്തിനു കഴിഞ്ഞില്ല.
ഇന്ത്യ റിപ്പബ്ലിക് ആയപ്പോൾ 15 ഭാഷകളിൽ മലയാളവും അംഗീകരിക്കപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനങ്ങൾക്കു ഭരണനിർവഹണത്തിന് അതാതു മാതൃഭാഷ വിനിയോഗിക്കാൻ ഭരണഘടനയിൽ തന്നെ വ്യവസ്ഥചെയ്തിരുന്നു. 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപംകൊണ്ട ഘട്ടംമുതൽ ഇതിനായി ഭാഷാസ്നേഹികൾ ശബ്ദമുയർത്തി തുടങ്ങിയതാണ്. ഭരണഭാഷ മലയാളത്തിലാക്കുന്നതിന് ഒരു കമ്മീഷനെ 1957ൽ തന്നെ അന്നത്തെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മീഷൻ ഒരു വർഷത്തിനകം റിപ്പോർട്ടും നൽകി. എന്നാൽ തുടർ നടപടിയുണ്ടായില്ല. പിന്നീടും രണ്ടു റിപ്പോർട്ടുകൾ ഇതു സംബന്ധമായി സമർപ്പിക്കപ്പെട്ടു. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ കേരള നിയമസഭ 2015ൽ പസാക്കി നിയമമാക്കി. എല്ലാ തലങ്ങളിലും ഭരണഭാഷ മലയാളത്തിലാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. 2017 മേയ് ഒന്നു മുതൽ സമസ്ത മേഖലകളിലും ഭരണഭാഷ മലയാളത്തിലാകുമെന്നു പ്രഖ്യാപനവുമുണ്ടായി. എന്നിട്ടും അതിന്നും യാഥാർഥ്യമായിട്ടില്ല.
കഥാപ്രസംഗം, നോവൽ, നാടകം, കഥകൾ, ചെറുകഥകൾ, സിനിമ തുടങ്ങിയ കലാ സാഹിത്യ രൂപങ്ങളിലൂടെ മലയാളഭാഷ കുതിച്ചെങ്കിലും പാഠ്യക്രമത്തിൽ മലയാള ഭാഷയ്ക്കു മുൻഗണന നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് ക്രമേണ കാര്യങ്ങൾ എത്തിച്ചേർന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പിന്നീട് പ്രാമുഖ്യം വന്നുചേർന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാടാകെ പെരുകി. കുട്ടികൾക്കു മലയാളത്തിലോ ഇംഗ്ലീഷിലോ പ്രാവണ്യം കിട്ടാത്ത ദുരവസ്ഥയാണ് ഇതിലൂടെ സംജാതമായത്. ഇംഗ്ലീഷ് പഠനവും ഹിന്ദി ഉൾപ്പെടെയുള്ള മറ്റു ഭാഷകളുടെ പഠനവും ആവശ്യമാണ്. എന്നാൽ മലയാള ഭാഷ പഠനം അനിവാര്യമാണെന്നുള്ള ചിന്ത മലയാളികളിൽനിന്ന് അകന്നുപോയതിലൂടെ നമ്മുടെ സംസ്കാരത്തിനും മാതൃഭാഷയ്ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം നാം വേണ്ടത്ര ഗൗരവത്തിൽ കാണുന്നില്ല. അതിനാൽ നമുക്കൊരു പുനർവിചിന്തനവും തിരിച്ചുപോക്കും ഇക്കാര്യത്തിൽ ആവശ്യമാണ്.
നമ്മുടെ സംസ്കാരത്തിനു ഗുണകരമായതു സ്വീകരിച്ചുകൊണ്ടു നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമയും വിശുദ്ധിയും കാത്തുസംരക്ഷിക്കാൻ ഓരോ കേരളീയനും ബോധവാനാമാകണം. അല്ലെങ്കിൽ നമ്മുടെ പൈതൃകത്തിന്റെ സന്പൂർണ തിരസ്കരണത്തിലേക്ക് നാം അറിയാതെ അകപ്പെടും.
എ. റഹീംകുട്ടി, പരവൂർ, കൊല്ലം